രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച; മധ്യപ്രദേശിനെതിരെ അഞ്ചു വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ തോൽവി തുറിച്ചുനോക്കി കേരളം. രണ്ടാം ഇന്നിങ്സിലും കേരളത്തിന്‍റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. 88 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. അവസാന ദിവസം 46 ഓവറുകൾ ബാക്കി നിൽക്കെ കേരളത്തിന് ജയിക്കാൻ 275 റൺസ് കൂടി വേണം.

മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 369 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 363 റൺസ് വിജയലക്ഷ്യമാണ് കേരളത്തിന് എതിരാളികൾ മുന്നോട്ടുവെച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ കേരളത്തിന് 19 റൺസ് കൂടി ചേർക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. രോഹൻ കുന്നുമ്മൽ (39 പന്തിൽ എട്ട്), ഷോൺ റോജർ (11 പന്തിൽ ഒന്ന്), നാ‍യകൻ സചിൻ ബേബി (14 പന്തിൽ മൂന്ന്), സൽമാൻ നിസാർ (37 പന്തിൽ അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 24 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് ആദ്യം പുറത്തായത്.

ലഞ്ചിനു പിരിയുമ്പോൾ 68 പന്തിൽ 26 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും 38 പന്തിൽ 16 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. അഞ്ചു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ മാധ്യപ്രദേശിന് ജയിക്കാനാകും. മധ്യപ്രദേശിനായി കുമാർ കാർത്തികേയ, കുൽദീപ് സെൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആര്യൻ പാണ്ഡ്യ ഒരു വിക്കറ്റെടുത്തു. ഇന്ത്യൻ താരങ്ങളായ രജത് പട്ടീദാറിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിങ് മികവാണ് രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് തുണയായത്.

രണ്ട് വിക്കറ്റിന് 140 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭം ശർമയുടെ വിക്കറ്റ് നഷ്ടമായി. 54 റൺസെടുത്ത ശുഭം ശർമയെ ബേസിലാണ് പുറത്താക്കിയത്. തുടർന്ന് രജത് പട്ടീദാറും ഹർപ്രീത് സിങ്ങും ചേർന്ന കൂട്ടുകെട്ടിൽ 71 റൺസ് പിറന്നു. 92 റൺസെടുത്ത രജത് പട്ടീദാറിനെയും 36 റൺസെടുത്ത ഹർപ്രീത് സിങ്ങിനെയും ബേസിൽ തന്നെ മടക്കി. തുടർന്നെത്തിയ വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മധ്യപ്രദേശിനെ അതിവേഗം സ്കോർ ഉയർത്തിയത്.

വെങ്കടേഷ് അയ്യർ 70 പന്തിൽ നിന്ന് 80 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി ബേസിൽ എൻ.പി നാലും ജലജ് സക്സേന രണ്ടും നിധീഷ് എം.ഡി, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - Batting collapse for Kerala in Ranji; Five wicket loss against Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.