ലണ്ടൻ: ലോഡ്സിൽ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയപ്പോൾ ഇംഗ്ലീഷ് ബാറ്റർമാർ 192 റൺസിന് തകർന്നടിഞ്ഞു. മത്സരത്തിലുടനീളം വാക്പോരുകളും നോട്ടത്തിലും ഭാവത്തിലും പരസ്പരം വെല്ലുവിളികൾ ഉയർന്നെങ്കിലും മൽസരത്തിന്റെ നാലാം ദിനം ഇന്ത്യ കൈയടക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം അവസാന സെഷനുകളിൽ വാഷിങ്ടൺ സുന്ദറിന്റെ മാന്ത്രിക സ്പെല്ലിൽ ഇംഗ്ലണ്ട് വാലറ്റം തകരുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റിങ് നിരയിൽ ജോറൂട്ടിന് മാത്രമാണ് (90 പന്തിൽ 40) അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ്ങിന് മുന്നിൽ കുറ്റിതെറിച്ച് ജോ റൂട്ടാണ് ആദ്യ വിക്കറ്റ് നൽകി കൂടാരം കയറിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നങ്കൂരമുറപ്പിക്കുമെന്ന് തോന്നിയെങ്കിലും വാഷിങ് ടൺ സുന്ദർ വീണ്ടും കുറ്റി ഇളക്കുകയായിരുന്നു (96 പന്തിൽ 33 റൺസ്) പിന്നീട് ഒരു ബാറ്റർക്കും പിടിച്ചു നിൽക്കാനായില്ല. ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരനായ ജേമി സ്മിത്തിനും (14 പന്തിൽ 8 റൺസ്) സുന്ദർ പവിലിയനിലേക്കുള്ള വഴികാട്ടിയാവുകയായിരുന്നു.
മൂന്നാമത്തെ ബൗൾഡ്. വാലറ്റക്കാരായ ക്രിസ് വോഗ്സും (33 പന്തിൽ 10 റൺസ്) ബ്രൈഡൻ കേർസും (നാലു പന്തിൽ ഒരു റൺസ്) ബുംറയുടെ തീപ്പന്തുകൾക്കിരയായി. അവസാനബാറ്ററായ ഷോയിബ് ബഷീർ വാഷിങ്ടൺ സുന്ദറിെൻറ നാലാമത്തെ ഇരയായി കുറ്റിതെറിച്ച് പുറത്തായപ്പോൾ ഇന്ത്യയുടെ ജയം 193 റൺസ് അകലെ എന്ന് കുറിക്കപ്പെട്ടു.
ഓപ്പണർ ബെൻ ഡെക്കറ്റും (12) ഒലി പോപ്പും (4) സിറാജിെൻറ ബൗളിങ്ങിൽ കുരുങ്ങുകയായിരുന്നു. ഒാപ്പണറായ സാക്ക് ക്രോളി (22) റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡിയുടെ ബോളിൽ ജയ്സ്വാളിന് പിടികൊടുത്ത് കൂടാരം കയറി. സിറാജ് ആറോവറിൽ പത്ത് റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് വീഴ്ത്തി. ആറാം ഓവറിൽ ഡെക്കറ്റിനെ ബുംറയുടെ കൈകളിൽ എത്തിച്ച് സിറാജ് ആദ്യപ്രഹരമേൽപിക്കുകയായിരുന്നു. ഒലി പോപ്പിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ഹാരി ബ്രൂക്കിനെ (23) ആകാശ് ദീപ് ബൗൾഡാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.