വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജോഷ് ഹെയ്സൽവുഡ്
ബാർബഡോസ്: ആദ്യ രണ്ട് ദിനവും അട്ടിമറി കൽപ്പിക്കപ്പെട്ട ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വിൻഡീസ് ബാറ്റർമാരെ എറിഞ്ഞിട്ട് ജയം സ്വന്തമാക്കി ആസ്ട്രേലിയ. അഞ്ച് വിക്കറ്റ് നേടിയ ഹേസൽവുഡിന്‍റെ തകർപ്പൻ പ്രകടന മികവിൽ 159 റൺസിന്റെ ആധികാരിക വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 301 റൺസ് ജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ്, രണ്ടാം ഇന്നിങ്സിൽ 141 റൺസിന് ഓൾഔട്ടായി.
മൂന്നു ടെസ്റ്റുകൾ അടങ്ങിയ പരമ്പയിൽ ഓസീസ് 1–0ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ – 180 & 310, വെസ്റ്റിൻഡീസ് – 190 & 141. രണ്ട് ഇന്നിങ്സിലും അർധസെഞ്ചറികളുമായി ഓസീസ് ബാറ്റിങ്ങിനെ തോളിലേറ്റിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അടുത്ത മത്സരം വ്യാഴാഴ്ച ഗ്രനാഡയിലെ നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
301 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നിരയിൽ രണ്ടക്കത്തിലെത്തിയത് നാലു പേർ മാത്രമാണ്. പത്താമനായി ഇറങ്ങി തോൽവി ഉറപ്പിച്ച ഘട്ടത്തിൽ തകർത്തടിച്ച് നാലു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്ത ഷമാർ ജോസഫാണ് ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ എട്ടിന് 86 റൺസ് എന്ന നിലയിൽ തകർന്ന വിൻഡീസിനെ, ജസ്റ്റിൻ ഗ്രീവ്സുമൊത്ത് ഷമാർ ജോസഫ് കൂട്ടിച്ചേർത്ത 55 റൺസിന്റെ കൂട്ടുകെട്ടാണ് നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഗ്രീവ്സ് 53 പന്തിൽ എട്ടു ഫോറുകളോടെ 38 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണർ ജോൺ കാംപ്ബൽ (31 പന്തിൽ 23), കീസി കാർട്ടി (36 പന്തിൽ 20) എന്നിവരാണ് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ട മറ്റു രണ്ടു പേർ. ഓപ്പണർ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (4), ബ്രാണ്ടൻ കിങ് (0), ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (2), ഷായ് ഹോപ് (2), അൽസാരി ജോസഫ് (0), ജോമൽ വറീകൻ (3), ജെയ്ഡൻ സീൽസ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി ഹെയ്സൽവുഡ് 12 ഓവറിൽ 43 റൺസ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്. നേഥൻ ലയൺ രണ്ടും പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിങ്സിലും തുടക്കം തകർന്നെങ്കിലും അർധ സെഞ്ചറികളുമായി കരുത്തുകാട്ടിയ ട്രാവിസ് ഹെഡ് (61), ബ്യൂ വെബ്സ്റ്റർ (63), അലക്സ് ക്യാരി (65) എന്നിവരുടെ മികവിലാണ് ഓസീസ് 310 റൺസെടുത്തത്. വിൻഡീസിനായി ഷമാർ ജോസഫ് അഞ്ച് വിക്കറ്റെടുത്തു. അൽസാരി ജോസഫ് രണ്ടും ജയ്ഡൻ സീൽസ്, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചേസ് എന്നിവർ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.