അഫ്ഗാനിസ്താനെതിരായ മത്സര ശേഷം നടന്നുനീങ്ങുന്ന ലങ്കൻ ബാറ്റർ കുശാൽ മെൻഡിസ്. പിന്നിൽ നിരാശരായ അഫ്ദാൻ താരങ്ങളെയും കാണാം (Photo: AP)

അഫ്ഗാനും പുറത്ത്; അവശേഷിക്കുന്നത് വൻകരയിലെ വൻശക്തികൾ, ഏഷ്യാകപ്പിൽ ഇനി തീപാറും പോരാട്ടം

അബൂദബി: ഏഷ്യാകപ്പിൽ ശ്രീലങ്കക്കെതിരെ തോറ്റ് അഫ്ഗാനിസ്താൻ പുറത്തായതോടെ സൂപ്പർ ഫോർ റൗണ്ടിലെ മത്സരക്രമമായി. ബി ഗ്രൂപ്പിലെ ജേതാക്കളായി ശ്രീലങ്ക അന്തിമ നാലിലെത്തുമ്പോൾ, ഇതേ ഗ്രൂപ്പിൽ രണ്ടു ജയം സ്വന്തമായുള്ള ബംഗ്ലാദേശും സൂപ്പർ ഫോറിൽ പ്രവേശിച്ചു. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും പാകിസ്താനും നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യ ഇന്ന് ഒമാനെ നേരിടുന്നുണ്ടെങ്കിലും മത്സരഫലം അപ്രസക്തമാണ്. ശനിയാഴ്ചത്തെ ശ്രീലങ്ക -ബംഗ്ലാദേശ് പോരാട്ടത്തോടെയാണ് സൂപ്പർ ഫോർ മത്സരങ്ങൾക്ക് തുടക്കമാകുക.

വിവാദം കത്തിനിൽക്കുന്നതിടെ, ടൂർണമെന്‍റിൽ വീണ്ടും ഞായറാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 23ന് പാകിസ്താൻ -ശ്രീലങ്ക, 24ന് ഇന്ത്യ -ബംഗ്ലാദേശ്, 25ന് പാകിസ്താൻ -ബംഗ്ലാദേശ്, 26ന് ഇന്ത്യ -ശ്രീലങ്ക മത്സരങ്ങളാണ് സൂപ്പർ ഫോറിൽ അരങ്ങേറുന്നത്. മൂന്ന് വീതം മത്സരങ്ങളാണ് ഓരോ ടീമിനും ലഭിക്കുക. ഏറ്റവും മികച്ച രണ്ട് ടീമുകൾ 28ന് നടക്കുന്ന കലാശപ്പോരിനിറങ്ങും. വൻകരയിലെ വൻശക്തികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാധകരും ആവേശത്തിലാണ്. മത്സരം ട്വന്‍റി20 ഫോർമാറ്റിലായതിനാൽ ജയപരാജയങ്ങൾ മാറിമറിയാമെന്നത് ആവേശം കൂടുതലുയർത്തും.

അതേസമയം നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെ ആറുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ഗ്രൂപ്പ് ജേതാക്കളായത്. അഫ്ഗാനിസ്താനുവേണ്ടി മുഹമ്മദ് നബി നടത്തിയ ബാറ്റിങ് വിസ്‌ഫോടനത്തിന് കുശാല്‍ മെന്‍ഡിസിന്റെ ക്ഷമയിലൂടെ ലങ്ക മറുപടി പറഞ്ഞു. സ്‌കോര്‍: അഫ്ഗാനിസ്താന്‍ -20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169, ശ്രീലങ്ക - 18.4 ഓവറില്‍ നാലിന് 171.

അവസാന ഓവറില്‍ അഞ്ചു സിക്‌സ് ഉള്‍പ്പെടെ 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്. നബിയുടെ ഇന്നിങ്‌സില്‍ ആറ് സിക്‌സും മൂന്നു ഫോറുമുണ്ട്. 18 ഓവറില്‍ 120ലായിരുന്ന ടീം അവസാന രണ്ട് ഓവറില്‍ 49 റണ്‍സ് അടിച്ചെടുത്തു. 19-ാം ഓവറില്‍ ദുഷ്മന്ത ചമീരയ്‌ക്കെതിരേ തുടരെ മൂന്നുഫോര്‍ നേടിയ നബി അവസാന ഓവറില്‍ ദുനിത് വല്ലാലഗെക്കെതിരേ അഞ്ചു സിക്‌സറുകള്‍ നേടി. ലങ്കയ്ക്കു വേണ്ടി നുവാന്‍ തുഷാര നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍, ഓപ്പണാറായെത്തി 52 പന്തില്‍ 74 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ലങ്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി. പതും നിസ്സംഗ (6), കാമില്‍ മിശ്ര (4) എന്നിവര്‍ മടങ്ങിയശേഷം കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് ക്ഷമയോടെ ബാറ്റുവീശിയ മെന്‍ഡിസ്, അവസാന ഘട്ടത്തില്‍ കൃത്യമായി വേഗംകൂട്ടി ടീമിനെ അനായാസം വിജയത്തിലെത്തിച്ചു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു മെന്‍ഡിസിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ചരിത് അസലങ്ക 12 പന്തില്‍ 17 റണ്‍സെടുത്തപ്പോള്‍ കാമിന്ദു മെന്‍ഡിസ് 13 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 

Tags:    
News Summary - Asia Cup: Super 4 Fixture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.