ഇന്ത്യക്കെതിരെ നേപ്പാളിന്റെ സോംപാൽ കാമിയുടെ ബാറ്റിങ്

കരുത്ത് കാണിച്ച് നേപ്പാൾ; ഇന്ത്യക്ക് 231 റൺസ് വിജയ ലക്ഷ്യം

പല്ലെക്കലെ: സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഏഷ്യാ കപ്പിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി നേപ്പാൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 48.2 ഓവറിൽ 230 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ഓപണർ ആസിഫ് ഷേഖാണ് (58) നേപ്പാളിന്റെ ടോപ്പ് സ്കോറർ.

താരതമ്യേന ദുർബലരായ നേപ്പാളിനെ ചെറിയ സ്കോറിൽ ഒതുക്കി അനായാസ ജയം ലക്ഷ്യമിട്ടാണ് ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു നേപ്പാളിന്റെ തുടക്കം. ഓപണർമാരായ കുഷാൽ ഭുർതേലും (38), ആസിഫ് ഷെയ്ഖും (58) മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ഇന്ത്യയാകട്ടെ ഫീൽഡിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു. ഓപണർമാരുടേതുൾപ്പെടെ മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞു. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ച് വിടുന്നതിൽ മത്സരിച്ചത്. ഓപണർമാർ നൽകിയ മികച്ച തുടക്കം മധ്യനിര ബാറ്റർമാർക്ക് മുതലാക്കാനായില്ല. മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയാണ് നേപ്പാൾ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

പതിവ് പോലെ ഇടക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ദിപേന്ദ്ര സിങ് അയ്‌രി (29) സോംപാൽ കാമിയും (48) ശക്തമായ ചെറുത്തു നിന്നതോടെ ടീം സ്കോർ 200 കടന്നു. ഇന്ത്യക്ക് വേണ്ടി ജഡേജയെ കൂടാതെ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

നാട്ടിലേക്ക് മടങ്ങിയ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. മഴ കളിമുടക്കിയ ആദ്യ മത്സരത്തിൽ പാകിസ്താനുമായി സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് എയിൽ ഒരു പോയന്റ് മാത്രമുള്ള ഇന്ത്യക്ക് സൂപ്പർ ഫോറിലേക്ക് കടക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്.  

Tags:    
News Summary - Asia Cup: India target 231 runs to win against Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.