ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്.
പേസർ ജസ്പ്രീത് ബുംറക്കും സ്പിന്നർ വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി. പകരം അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യക്കും ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകി. സഞ്ജു മൂന്നാം നമ്പറിലും ഹാർദിക് നാലാം നമ്പറിലും ബാറ്റിങ്ങിന് ഇറങ്ങും.
രണ്ടു കളികളിലും രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നതിനാൽ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായിരുന്നില്ല. നായകൻ സൂര്യകുമാർ യാദവും തിലക് വർമയും മധ്യനിരയിലേക്ക് മാറി. ബുംറക്ക് മത്സരത്തിൽ വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എ.ഇക്കും പാകിസ്താനുമെതിരെ ജയിച്ച് അടുത്ത റൗണ്ടിൽ ഇടംപിടിച്ച ഇന്ത്യക്ക് ഇത് ‘പരിശീലന‘ മത്സരമാണ്.
കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ് പുറത്തായ ഒമാന് മാനം കാക്കാനുള്ള മത്സരവും. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന മുൻനിരതന്നെ കളി തീർക്കുന്നതാണ് മുൻ മത്സരങ്ങളിൽ കണ്ടത്. ഒമാൻ ടീമിലും രണ്ടു മാറ്റങ്ങളുണ്ട്.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ) അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ടീം ഒമാൻ: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ആമിൽ കലീം, ഹമ്മാദ് മിർസ, വിനായക് ഷുക്ല, ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹ്മദ്, സമയ് ശ്രീവാസ്തവ, ജിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.