ചെന്നൈ: ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ മൂന്നു കിരീടങ്ങളുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. ദുബൈ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് തകർത്താണ് രോഹിത് ശർമയും കിരീടം നേടിയത്.
ഒരു ടീം മൂന്നു തവണ ചാമ്പ്യൻസ് ട്രോഫി കിരീടം നേടുന്നത് ആദ്യമാണ്. ഒരുഘട്ടത്തിൽ ഓപ്പണർമാരായ രോഹിത്തും ശുഭ്മൻ ഗില്ലും ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യഓവറുകളിൽ സ്പിന്നർമാരിലൂടെ കീവീസ് മത്സരത്തിൽ പിടിമുറുക്കി. പിരിമുറുക്കങ്ങൾക്കൊടുവിൽ ആറു പന്തുകളും നാലു വിക്കറ്റുകളും കൈയിലിരിക്കെയാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലായ രോഹിത്താണ് കളിയിലെ താരം. ന്യൂസിലൻഡിന്‍റെ രചിൻ രവീന്ദ്രയാണ് ടൂർണമെന്‍റിലെ താരം.
നാലു മത്സരങ്ങളിൽനിന്ന് 263 റൺസുമായി രചിൻ ടൂർണമെന്‍റിലെ ടോപ് സ്കോററായി. അഞ്ചു മത്സരങ്ങളിൽനിന്ന് ശ്രേയസ് അയ്യർ 243 റൺസും വിരാട് കോഹ്ലി 218 റൺസും നേടി. എന്നാൽ, ഇന്ത്യയുടെ സ്പിൻ ഇതിഹാസം ആർ. അശ്വിൻ ടൂർണമെന്‍റിലെ മികച്ച താരമായി വരുൺ ചക്രവർത്തിയെയാണ് തെരഞ്ഞെടുത്തത്. മൂന്നു മത്സരങ്ങളിൽനിന്ന് ഒമ്പത് വിക്കറ്റാണ് താരം എറിഞ്ഞിട്ടത്. നേരത്തെ, സാധ്യത സ്ക്വാഡിൽ ഇല്ലാതിരുന്ന താരത്തെ അവസാന നിമിഷമാണ് റിസർവ് ഓപ്പണർ യശസ്വി ജയ്സ്വാളിനു പകരമായി ടീമിലെടുക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന വരുൺ, ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പ്ലെയിങ് ഇലവനിലെത്തി. അഞ്ചു വിക്കറ്റെടുത്താണ് താരം വരവറിയിച്ചത്. ഓസീസിനെതിരെ രണ്ടും ഫൈനലിൽ രണ്ടും വിക്കറ്റ് നേടി താരം ടീമിൽ സ്ഥാനം ഉറപ്പിച്ചു.
‘ആര് എന്ത് പറഞ്ഞാലും എന്‍റെ കാഴ്ചപ്പാടിൽ ടൂർണമെന്‍റിലെ മികച്ച താരം വരുൺ ചക്രവർത്തി തന്നെയാണ്. ടൂർണമെന്‍റിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ സ്വാധീനം വലുതാണ്. ഫൈനലിൽ വരുൺ ഇല്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു’ -അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ദുബൈയിൽ നടന്ന കലാശപ്പോരിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സുമടക്കം 76 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടും ഇന്ത്യൻ വിജയം അനായാസമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.