അർഷ്ദീപ് ട്വന്‍റി-20 ക്രിക്കറ്റർ ഓഫ് ദി ഇയർ! മറികടന്നത് ബാബറിനെയും ഹെഡിനെയും

2024ലെ ഐ.സി.സിയുടെ മികച്ച ട്വന്‍റി-20 ക്രിക്കറ്റായി ഇന്ത്യൻ പേസ് ബൗളിങ് താരം അർഷ്ദീപ് സിങ്ങിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ 18 മത്സരത്തിൽ നിന്നും 36 വിക്കറ്റുകളാണ് ഈ ഇടം കയ്യൻ പേസ് ബൗളർ സ്വന്തമാക്കിയത്.

ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിലും അർഷ്ദീപ് പ്രധാന പങ്കുവഹിച്ചിരുന്നു. ഐ.സി.സി. ട്വന്‍റി-20 ടീം ഓഫ് ദി ഇയറിലും അർഷ്ദീപ് ഇടം നേടിയിട്ടുണ്ട്. സിംബാബ്‌വേ സൂപ്പർ ഓൾ റൗണ്ടർ സിക്കന്ദർ റാസ, ആസ്ട്രേലിയൻ വെടിക്കെട്ട് വീരൻ ട്രാവിസ് ഹെഡ്, പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം എന്നിവരെ മറികടന്നുകൊണ്ടായിരുന്നു അർഷ്ദീപിന്റെ നേട്ടം.

സൂര്യകുമാർ യാദവിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് അർഷ്ദീപ് സിങ്. 2021ൽ പുരസ്‌കാരം ആരംഭിച്ചതുമുതൽ നാലിൽ മൂന്ന് തവണയും ഇന്ത്യൻ താരങ്ങളാണ് ടി-20യിൽ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2021ൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ കഴിഞ്ഞ രണ്ട് വർഷവും നിലവിലെ ഇന്ത്യൻ ട്വന്‍റി-20 ടീം നായകൻ സൂര്യകുമാർ യാദവാണ് ക്രിക്കറ്റ് ഓഫ് ദി ഇയർ സ്വന്തമാക്കിയത്. ഇപ്പോഴിതാ അർഷ്ദീപും. 18 ഇന്നിങ്സിൽ നിന്നും 13.50 ശരാശരിയിലും 11.92 സ്ട്രൈക് റേറ്റിലും പന്തെറിഞ്ഞാണ് അർഷ്‌ദീപ് 36 വിക്കറ്റ് സ്വന്തമാക്കിയത്.

വനിതാ വിഭാഗത്തിൽ ന്യൂസിലൻഡിന്‍റെ മെലി കെർ ആണ് ഐ.സി.സിയുടെ താരം. 2024ൽ ന്യൂസിലൻഡ് വനിതാ ടീമിനെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചതടക്കമുള്ള മികവാണ് നേട്ടത്തിനു പിന്നിൽ. കിവി വനിതകളുടെ കന്നി ലോകകപ്പ് നേട്ടം കൂടിയാണിത്. 2024ൽ 18 മത്സരങ്ങളിൽ നിന്നു താരം 29 വിക്കറ്റുകൾ വീഴ്ത്തി. ഐ.സി.സി വനിതാ ടി20 ലോകകപ്പിൽ 15 വിക്കറ്റുകളാണ് താരം കൊയ്തത്. ഒരു വനിതാ ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമായി ഈ പ്രകടനത്തോടെ കെർ മാറി. ടൂർണമെന്റിൽ കെർ ബാറ്റിങിലും തിളങ്ങിയിരുന്നു. ആറ് ഇന്നിങ്സിൽ നിന്നു നിർണായകമായ 135 റൺസ് താരം അടിച്ചെടുത്തു.



Tags:    
News Summary - arshdeep singh becomes t20 cricketer of the year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.