കൊൽക്കത്ത: ട്വന്‍റി20 ക്രിക്കറ്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി പേസർ അർഷ്ദീപ് സിങ്. കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടു വിക്കറ്റ് നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. സ്പിന്നർ യുസ്വേന്ദ്ര ചഹലിന്‍റെ 96 വിക്കറ്റുകളെന്ന റെക്കോഡാണ് താരം മറികടന്നത്.
ഇടങ്കൈയൻ പേസർ തന്‍റെ 61ാമത്തെ ട്വന്‍റി20 മത്സരത്തിൽ ഫിൽ സാൾട്ടനെയും ബെൻ ഡക്കറ്റിനെയും പുറത്താക്കിയാണ് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായത്, 97 വിക്കറ്റുകൾ. 2022ൽ ഇംഗ്ലണ്ടിനെതിരെ ട്വന്‍റി20 അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കുട്ടിക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളർമാരിലൊരാളാണ്. ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി 85ലധികം വിക്കറ്റുകൾ നേടിയ അഞ്ചു താരങ്ങൾ മാത്രമാണുള്ളത്.
നാലു മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെ, താരം ഈ പരമ്പരയിൽ തന്നെ ട്വന്‍റി20യിൽ നൂറു വിക്കറ്റെന്ന നേട്ടം കൈവരിക്കാനുള്ള സാധ്യത കൂടുതലാണ്. ട്വന്‍റി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് 98 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി. നേരത്തെ,
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കൂടാതെയാണ് ഇന്ത്യ കളിക്കുന്നത്. ഷമിക്ക് പകരമാണ് അർഷ്ദീപ് സിങ് എത്തിയത്. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന് പുറമെ രവി ബിഷ്ണോയിയും വരുൺ ചക്രവർത്തിയും ടീമിൽ ഇടംപിടിച്ചു. സഞ്ജു സാംസണാണ് കീപ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.