കണക്കുകളെല്ലാം വ്യക്തമാണ്! സഞ്ജു അവർക്കെതിരെ വെറും പരാജയം; വിമർശിച്ച് മുൻ താരം

ഇന്ത്യൻ ട്വന്‍റി-20 ടീമിലെ മലയാളി ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. താരം പേസ് ബൗളർമാർക്കെതിരെ വമ്പൻ പരാജയമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതിവേഗ ബൗളർമാരുടെ പേസും ബൗൺസും നിറഞ്ഞ പന്തുകളിൽ സഞ്ജുവിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര.

'ചെന്നൈയില്‍ അധികം റണ്‍സെടുക്കാന്‍ അഭിഷേക് ശര്‍മക്കും സാധിച്ചിട്ടില്ല. പക്ഷേ, കൊല്‍ക്കത്തയിലെ ആദ്യ മത്സരത്തിൽ താരം മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. അതിനാല്‍ അവനെക്കുറിച്ച് അധികം സംസാരിക്കേണ്ടതില്ലെന്ന് തോന്നുന്നു.

പക്ഷെ, പന്തിന്‍റെ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതലാകുമ്പോൾ സഞ്ജു സാംസണിന്‍റെ പ്രകടനം എങ്ങനെയാണ് എന്നതിന്‍റെ വ്യക്തമായ കണക്ക് ലഭ്യമാണ്. തീർത്തും ശരാശരിയിൽ ഒതുങ്ങുന്നതാണ് അവന്‍റെ ബാറ്റിങ്. ഇത്തരം പന്തുകളിൽ സഞ്ജുവിന് റണ്ഡസ് നേടാന്‍ കഴിയുന്നില്ല. മാത്രമല്ല, ഔട്ടായി പോകുകയും ചെയ്യുന്നു,' ചോപ്ര പറഞ്ഞു

പേസർമാർക്കെതിരെ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് കുറവാണെന്നും എക്സ്ട്രാ പേസ് വരുമ്പോൾ ബാക്ക്ഫൂട്ടിലാകുന്നതും ചോപ്ര വിമർശിച്ചു.

'അതിവേഗ പേസര്‍മാര്‍ക്ക് എതിരെ സഞ്‌ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണ്. കൂടുതല്‍ വേഗതയുള്ള പന്തുകള്‍ നേരിടുമ്പോള്‍ അവന്‍ ക്രീസിലേക്ക് വളരെയധികം ഇറങ്ങിയാണ് നിൽക്കുന്നത്. സ്ക്വയർ ലെഗിന്‍റെ ഭാഗത്തേക്ക് അല്‍പം നീങ്ങുകയും ചെയ്യുന്നു. ഇക്കാര്യം മനസിലാക്കിയ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ അവനെതിരെ ബൗൺസറുകളും ഷോർട്ട് പിച്ച് പന്തുകളും യഥേഷ്‌ടം പരീക്ഷിക്കുന്നു. ഒരു ഫീൽഡറെ ഡീപ്പിൽ നിർത്തി കെണിയൊരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡീപ്പിലാണ് സഞ്‌ജു ക്യാച്ച് നല്‍കിയത്. ഇപ്പോൾ അതൊരു സംസാരവിഷയം തന്നെയാണ്.

ഈ പരമ്പരക്ക് മുമ്പുള്ള അഞ്ച് മത്സരങ്ങൾ പരിശോധിച്ചാൽ അവന്‍ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. സെഞ്ച്വറികളുടെയും ഡക്കുകളുടെയും കഥ തുടർന്നുകൊണ്ടിരുന്നു. ഗസ് അറ്റ്കിൻസനെതിരെ 22 റൺസ് നേടിയ ആ ഒരു ഓവർ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ പരമ്പരയിൽ അതിവേഗക്കാരായ പേസ് ബോളര്‍മാര്‍ക്ക് എതിരെ അവന് അധികം റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കാം. പേസും ബൗൺസുമുള്ള പന്തുകൾ സഞ്ജുവിന് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്,' ചോപ്ര കൂട്ടിച്ചേർത്തു. 

Tags:    
News Summary - akash chopra slams Sanju Samson for his bad batting against Pace Bowlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.