ചേതൻ ശർമയുടെ പിൻഗാമിയാര്? മുൻ ഇന്ത്യൻ ഓപണർക്ക് നറുക്കു വീണേക്കും

ഒളികാമറയിൽ കുടുങ്ങി ‘പണിപോയ’ ചേതൻ ശർമയുടെ പിൻഗാമിയായി ബി.സി.സി.ഐ ചീഫ് സെലക്ടർ തസ്തികയിൽ ആരാകുമെന്ന ചർച്ച സജീവം. മുൻ ഓപണിങ് ബാറ്റ്സ്മാൻ ശിവ സുന്ദർ ദാസിന് ഇടക്കാല ചുമതല ലഭിച്ചേക്കുമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

നിലവിലെ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളിൽ ഏറ്റവും ​കൂടുതൽ ടെസ്റ്റ് കളിച്ച താരമാണ് ദാസ്- 23 ടെസ്റ്റ്.

ആസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ സെമിയിൽ പുറത്തായതിനു പിന്നാലെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള പഴയ പാനലിനെ ​സമ്പൂർണമായി മാറ്റിനിർത്തിയിരുന്നു. വീണ്ടും അപേക്ഷ നൽകിയ ചേതൻ ശർമ തിരിച്ചെത്തുകയും മറ്റുള്ളവർ പുറത്താകുകയും ചെയ്താണ് പുതിയ സമിതി വന്നിരുന്നത്. ഇതിൽ ചേതൻ ശർമയാണ് വീണ്ടും പുറത്തായത്.

കപിൽ ദേവ് ഇന്ത്യൻ ക്രിക്കറ്റിലെ അജയ്യ സാന്നിധ്യമായ കാലത്ത് ദേശീയ ടീമിലുണ്ടായിരുന്ന ചേതൻ ശർമ മികച്ച പേസ് ബൗളറായിരുന്നു. ഏകദിനത്തിൽ ആദ്യ ഹാട്രികുകാരനാണ്. എന്നാൽ, 1986ലെ ഷാർജ ഏഷ്യ കപ്പ് ഫൈനലിൽ അവസാന പന്ത് സിക്സ് പറത്തി ജാവെദ് മിയൻദാദ് പാകിസ്താനെ കിരീടത്തിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചേതൻ ശർമ ഏറ്റവും കൂടുതൽ ഓർക്കപ്പെടാറുള്ളത്. അന്ന് അവസാന ഓവർ എറിഞ്ഞിരുന്നത് ചേതൻ ശർമയായിരുന്നു.

ഒളി കാമറ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ടീമും മാധ്യമങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോയെന്നാണ് പുതിയ വിഷയം. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കളിക്കാർക്കും ഉദ്യോഗസ്ഥർക്കും വിലക്കുവീണേക്കുമെന്ന് സൂചനയുണ്ട്.

‘ചേതൻ വെള്ളിയാഴ്ച രാജി നൽകിയിട്ടുണ്ട്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാജി സ്വീകരിച്ചിട്ടുമുണ്ട്. ഒളികാമറ സംഭവത്തിനു പിന്നാലെ പദവിയിൽ തുടരൽ പ്രയാസകരമായിരുന്നു. സ്വയം ഇഷ്ട​പ്രകാരമാണ് രാജി. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല’’- ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - After Chetan Sharma's Resignation, This Ex-India Opener May Become Interim BCCI Chief Selector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.