‘അർബുദം തളർത്തി, ഡോക്ടർ വിധിച്ചത് ആറു മാസത്തെ ആയുസ്സ് മാത്രം, പക്ഷേ...’; ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഓർത്തെടുത്ത് യുവരാജ് സിങ്

മുംബൈ: അർബുദത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ യുവരാജ് സിങ്ങിന്‍റെ കഥ വരുന്ന തലമുറക്ക് പ്രചോദനം നൽകുന്നതാണ്. ലോകകപ്പിലെ താരമെന്ന പകിട്ടിൽ നിൽക്കെയാണ് യുവിയുടെ ജീവനെപോലും വെല്ലുവിളിച്ച് അർബുദം എത്തുന്നത്. രോഗത്തെ പോരാടി തോൽപിച്ച കഥ അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. 2011 ഏകദിന ലോകകപ്പിനിടെ തന്നെ താരത്തിന് അർബുദം സ്ഥിരീകരിച്ചിരുന്നു.

മത്സരങ്ങൾക്കിടെ പലപ്പോഴും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും ഒന്നിലേറെ തവണ ഗ്രൗണ്ടിൽ വെച്ച് ഛർദ്ദിക്കുകയും ചെയ്തു. വൈദ്യ സഹായവും തേടി. കഠിനമായ വേദന സഹിച്ചാണ് താരം കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് ആ ടൂർണമെന്‍റിൽ കാഴ്ചവെക്കുന്നത്. ടൂർണമെന്‍റിലെ താരമായി. എന്നാൽ ലോകകപ്പ് കഴിഞ്ഞപ്പോഴേക്കും താരത്തിന്‍റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ അർബുദമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് കണ്ടെത്തി.

ഒടുവിൽ യു.എസിൽ വിദഗ്ധ ചികിത്സക്ക് വിധേയനാകുകയായിരുന്നു. ‘അത് അംഗീകരിക്കുക ഏറെ പ്രയാസകരമായിരുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കെ, ഒരു പർവതത്തിന്റെ മുകളിൽനിന്ന് നിങ്ങൾ പെട്ടെന്ന് ഒരു കുഴിയിലേക്ക് വീഴുന്നു. ഞാൻ അന്ന് ഡൽഹിയിലായിരുന്നു. വെസ്റ്റിൻഡീസിലേക്കും ഇംഗ്ലണ്ടിലേക്കും പര്യടനത്തിന് പോകാനുള്ള തയാറെടുപ്പിലായിരുന്നു. സൗരവ് ഗാംഗുലി വിരമിച്ചതോടെ ടെസ്റ്റ് ടീമിലേക്ക് അവസരം തുറന്നുകിട്ടിയ സമയം. ഏഴ് വർഷമായി അതിനായുള്ള കാത്തിരിപ്പിലായിരുന്നു. മരിച്ചാലും കുഴപ്പമില്ല, എനിക്ക് കളിക്കണം. പക്ഷേ ഞാൻ കൂടുതൽ കൂടുതൽ രോഗിയായിക്കൊണ്ടിരുന്നു’ -യുവരാജ് ഓർത്തെടുക്കുന്നു.

ഡോ. നിതേഷ് റോഹത്ഗി എന്നോട് പറഞ്ഞു -‘മുഴ നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ് ഇരിക്കുന്നത്. ക്രിക്കറ്റ് കളിക്കാൻ പോയാൽ ഹൃദയാഘാതം സംഭവിക്കാം. കീമോതെറാപ്പി ചെയ്തില്ലെങ്കിൽ മൂന്നു മുതൽ ആറ് മാസം വരെ മാത്രമേ ജീവിക്കാൻ കഴിയൂ. അതെന്നെ വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു’- മൈക്കല്‍ വോയുമായുള്ള അഭിമുഖത്തില്‍ യുവരാജ് വെളിപ്പെടുത്തി.

ഇതോടെയാണ് ചികിത്സ തേടാൻ തീരുമാനിച്ചതെന്നും യുവി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ചികിത്സക്കായി അമേരിക്കയിലേക്ക് പോയി, ഒരുപക്ഷേ ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. പക്ഷേ യുവി പ്രതീക്ഷ കൈവിട്ടില്ല. ഇതിഹാസ അമേരിക്കൻ സൈക്ലിസ്റ്റായ ലാൻസ് ആംസ്ട്രോങ്ങിനെ ചികിത്സിച്ച ഡോ. ഐൻഹോണിന്‍റെ അടുത്താണ് ചികിത്സ തേടിയത്.

ഇനി ഒരിക്കലും കളിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മാനസികമായി അത് കൂടുതൽ കഠിനമായിരുന്നു. സ്വയം പ്രചോദിപ്പിക്കാൻ എന്തെങ്കിലും വേണമായിരുന്നു. ക്രിക്കറ്റ് കളിക്കില്ലെങ്കിൽ പിന്നെ ആരാണ്? ഒന്നുമില്ലെന്ന ചിന്തയാണ് തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നും താരം പറയുന്നു.

ചികിത്സക്കിടെ ക്രിക്കറ്റ് വിഡിയോകൾ കാണുന്നത് പതിവായിരുന്നു. അനിൽ കുംബ്ലെയും സചിൻ തെണ്ടുൽക്കറും തന്നെ കാണാൻ വന്നിരുന്നു. വിശ്രമിക്കണമെന്നും വിഡിയോ കാണുന്നത് നിർത്തണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും കുംബ്ലെ പറഞ്ഞു. ഇംഗ്ലണ്ടിലായിരിക്കെ സചിനും കാണാൻ വന്നു. ഡോ. ഐൻഹോൺ തനിക്ക് വലിയ ആത്മവിശ്വാസം നൽകി. ഒടുവിൽ ആറു മാസത്തിനുള്ളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു -ട്വന്‍റി20 ലോകകപ്പിൽ. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഒരു മത്സരത്തിൽ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

പിന്നാലെ താനും സഹീർ ഖാനും ഫ്രാൻസിലേക്ക് രണ്ട് മാസത്തെ ഫിറ്റ്നസ് പരിശീലനത്തിനായി പോയി. കൂടുതൽ കരുത്തോടെ തിരിച്ചുവന്നെന്നും യുവരാജ് കൂട്ടിച്ചേർത്തു.

Tags:    
News Summary - After Cancer Diagnosis, Doctor Told Yuvraj Singh He Had 3-6 Months Left To Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.