മുംബൈ: 37 പന്തിൽ സെഞ്ച്വറിയടക്കം എണ്ണമറ്റ പുതുമകൾ ബാറ്റിൽ വിരിഞ്ഞ അഭിഷേകിന്റെ മാസ്മരിക ഇന്നിങ്സ് കരുത്താക്കി വാംഖഡെ മൈതാനത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ തേരോട്ടം. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവു കാട്ടി അഭിഷേകും തിരിച്ചുവരവ് ആഘോഷമാക്കി മുഹമ്മദ് ഷമിയും നയിച്ച ദിനത്തിൽ 150 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇതോടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. അഭിഷേക് മയമായിരുന്നു ആദ്യാവസാനം ഇന്ത്യൻ ബാറ്റിങ്. തലങ്ങും വിലങ്ങും ബൗണ്ടറികൾ പറന്ന ആവേശപ്പോരിൽ ഇന്ത്യ ഉയർത്തിയത് ഒമ്പത് വിക്കറ്റിന് 247 റൺസ്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച തീരുമാനം തെറ്റായെന്ന് ആദ്യ ഓവർ മുതൽ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ തിരിച്ചറിഞ്ഞു. ആർച്ചറുടെ ആദ്യ ഓവറിൽ നന്നായി തല്ലി പ്രതീക്ഷ നൽകിയ സഞ്ജു 16 റൺസുമായി മടങ്ങിയെങ്കിലും അഭിഷേകിന്റെ ബാറ്റ് മൈതാനത്ത് തീ പടർത്തി.
17 പന്തിൽ അർധ സെഞ്ച്വറി തികച്ച അഭിഷേക് 18 പന്ത് കൂടിയെടുത്ത് 100 കടന്നു. 35 പന്തിൽ ശതകം നേടിയ രോഹിത് മാത്രമാണ് ഇന്ത്യക്കാരിൽ താരത്തിന് മുന്നിൽ. കൂട്ടു നൽകേണ്ടവർ പലപ്പോഴായി കൂടാരം കയറിയപ്പോഴും ആധികളില്ലാതെ നങ്കൂരമിട്ട അഭിഷേക്, സ്പിന്നും പേസുമെന്ന വ്യത്യാസമില്ലാതെ പന്തുകൾ അതിർത്തി കടത്തി.
13 സിക്സറാണ് താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. ശിവം ദുബെ 30ഉം തിലക് വർമ 24ഉം റൺസെടുത്തു. ബ്രൈഡൻ കാഴ്സ് മൂന്നും മാർക് വുഡ് രണ്ടും വിക്കറ്റു വീഴ്ത്തി. അർഷ്ദീപിന് പകരം ബൗളിങ്ങിൽ സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദ് ഷമി വരെ ബാറ്റെടുത്തപ്പോഴും ഇന്ത്യൻ ഇന്നിങ്സ് കുതിച്ചുകൊണ്ടിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അതിവേഗം തകരുന്നതായിരുന്നു കാഴ്ച. ഓപണർ ബെൻ ഡക്കറ്റിനെ മടക്കി മുഹമ്മദ് ഷമി തുടക്കമിട്ടത് ഒടുക്കം താരം തന്നെ പൂർത്തിയാക്കി. വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തപ്പോൾ 11ാം ഓവർ എറിഞ്ഞ് ഷമി അവസാന രണ്ടുവിക്കറ്റും വീഴ്ത്തി കളി തീരുമാനമാക്കി. ഇരു ടീമുകളും തമ്മിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.