ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ ഫോമിലാണ്. 2021ലാണ് ടീമിന്‍റെ നായകനാകുന്നത്. എന്നാൽ, ആ സീസണിൽ 14 മത്സരങ്ങളിൽ അഞ്ചു മത്സരങ്ങൾ മാത്രമാണ് ടീമിന് ജയിക്കാനായത്. തൊട്ടടുത്ത വർഷം കൂടുതൽ സമതുലിതമായ ടീമിനെ കളത്തിലിറക്കാൻ കഴിഞ്ഞതോടെ 2008ലെ പ്രഥമ ഐ.പി.എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ വീണ്ടും ഫൈനലിലെത്തി.
കിരീടം നേടാനായില്ലെങ്കിലും ആരാധകരുടെ മനസ്സു കീഴടക്കിയാണ് സഞ്ജുവും സംഘവും മടങ്ങിയത്. ഇതിനിടയിലും ഇന്ത്യൻ ടീമിൽ അപൂർവമായി മാത്രമാണ് സഞ്ജുവിന് ഇടംനൽകിയിരുന്നത്. ഇത് പലപ്പോഴും വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് ട്വന്‍റി20 സ്പെഷലിസ്റ്റായ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
മികച്ച പ്രകടനം തുടരുകയാണെങ്കിൽ സഞ്ജു ഇന്ത്യൻ ടീമിന്‍റെ നായകനാകുമെന്ന് ഡിവില്ലിയേഴ്സ് പറയുന്നു. രാജസ്ഥാൻ റോയൽസിന്‍റെ നായകനെന്ന നിലയിലുള്ള സഞ്ജുവിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ‘സഞ്ജു സാംസൺ, നമുക്കെല്ലാവർക്കും അറിയാം, അവിശ്വസനീയമായ ഒരു കളിക്കാരനാണ്, എന്നാൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് പറയുമ്പോൾ എന്‍റെ മനസ്സിൽ ആദ്യം വരുന്നത് അവന്റെ സംയമനമാണ്. ശാന്തനായ ഒരു വ്യക്തി. അവൻ ഒരിക്കലും ഒന്നിനുവേണ്ടിയും കലഹിക്കുന്നതായി തോന്നിയിട്ടില്ല, ഒരു ക്യാപ്റ്റനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണിത്’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
സഞ്ജുവിന് ഇനിയും മെച്ചപ്പെടാനുണ്ട്. ജോസ് ബട്ലർ പോലെയുള്ള താരങ്ങൾക്കൊപ്പം കളിക്കുന്നത് അദ്ദേഹത്തിന് വലിയ നേട്ടമാകും. ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും. വരും വർഷങ്ങളിൽ സഞ്ജു ടീം ഇന്ത്യക്കായി മികച്ച പ്രകടനം തുടരുകയാണെങ്കിൽ, അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അദ്ദേഹത്തെ മെൻ ഇൻ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായി കാണുന്നതിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നും ഡിവില്ലേയ്ഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.