മുംബൈ: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം മത്സരശേഷവും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ ഇന്ത്യ അനായാസം ജയിച്ചു കയറിയെങ്കിലും കേന്ദ്ര സർക്കാറിനെതിരെയും ബി.സി.സി.ഐക്കെതിരെയും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.
പാകിസ്താനെതിരെ ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായാണ് സിവോട്ടർ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും പ്രതികരിച്ചത്. ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് സർവേയിൽ പങ്കെടുത്ത 62 ശതമാനവും അഭിപ്രായപ്പെട്ടത്. 1200 പേരാണ് സർവേയിൽ പങ്കെടുത്തത്. 18.2 ശതമാനം മാത്രമാണ് ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നത് സൈന്യത്തെ അധിക്ഷേപിക്കുന്ന നടപടിയല്ലെന്ന് പ്രതികരിച്ചത്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഏഷ്യ കപ്പിൽ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നു. മത്സരത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചെയ്തത്. അതേസമയം, എൻ.ഡി.എയിൽ വ്യത്യസ്ത നിലപാടാണ് പാര്‍ട്ടികൾ സ്വീകരിച്ചത്. 60 ശതമാനം എൻ.ഡി.എ അനുകൂലികളും പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് പ്രതികരിച്ചത്. അതേസമയം, സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും ബി.സി.സി.ഐക്കെതിരെ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
ഉഭയകക്ഷി പരമ്പരകൾ വിലക്കുമ്പോഴും ബഹുരാഷ്ട്ര ടൂർണമെന്‍റുകളിൽ പാകിസ്താനുമായി കളിക്കാൻ അനുമതി നൽകുന്ന ബി.സി.സി.ഐ നിലപാട് കാപട്യമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും പറഞ്ഞത്. എതിർ ടീമിന് അധിക പോയന്‍റ് കിട്ടുമെങ്കിലും പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നാണ് 46 ശതമാനം പേരും ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇന്ത്യ-പാകിസ്താൻ മത്സരം തടയുന്നതിന് ബി.സി.സി.ഐക്കുമേൽ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തണമെന്നാണ് 57 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
മത്സരത്തിൽ ടോസ് ചെയ്ത ശേഷം മടങ്ങുന്നതിനിടെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗക്ക് ഹസ്തദാനം നൽകാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പോയത്. ഇന്ത്യൻ ടീമിന്‍റെ ഭാഗത്തുനിന്നുണ്ടായ അവഗണനക്കെതിരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും ടീമുകൾ ഇതാദ്യമായാണ് ദുബൈയിൽ ഏഷ്യ കപ്പിന്‍റെ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റുമുട്ടിയത്. പാക് പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെ ഭീകര താവളങ്ങൾ ഉൾപ്പെടെ ഇന്ത്യ തകർത്തത് യുദ്ധ ഭീഷണി ഉയർത്തിയിരുന്നു.
‘പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇത് ശരിയായ സമയമാണെന്ന് തോന്നുന്നു. ഞങ്ങൾ അവരോട് ഐക്യപ്പെടുന്നു. ധീരരായ സായുധ സേനക്ക് ഈ വിജയം സമർപ്പിക്കുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ ഗ്രൗണ്ടിൽ ഞങ്ങളാൽ കഴിയുന്നത് ചെയ്യും’- മാച്ചിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.