അഞ്ച് ഇന്ത്യൻ താരങ്ങൾ, ഓസീസിൽ നിന്ന് മൂന്ന് പേർ; 2023-ലെ ബെസ്റ്റ് ഏകദിന ഇലവൻ ഇതാ..!

ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയാത്ത ഒരു വർഷം കൂടി പടിയിറങ്ങാൻ പോവുകയാണ്. ലോകകപ്പ് ഫൈനലിന് മുമ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ പല നിമിഷങ്ങളും 2023 എന്ന വർഷം സമ്മാനിച്ചിട്ടുണ്ട്. ലോകകപ്പിൽ പരാജമറിയാതെ കലാശപ്പോരിനിറങ്ങിയ നീലപ്പട, സ്വന്തം മണ്ണിൽ ഓസീസിനോട് അടിയറവ് പറയുന്നതിനും നാം സാക്ഷിയായി. 

എന്തായാലും സംഭവബഹുലമായ 2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ വർഷത്തെ മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്താലോ..? 2023-ൽ ബാറ്റ് കൊണ്ട് പന്തുകൊണ്ടുമൊക്കെ നമ്മെ വിസ്മയിപ്പിച്ച താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച 11 പേരെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ അഞ്ച് ഇന്ത്യൻ താരങ്ങളുണ്ട്. ലോകകപ്പ് ജേതാക്കളായ ഓസീസിൽ നിന്ന് മൂന്ന് ​പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെസ്റ്റ് ഏകദിന 11 - 2023

  • 2023-ൽ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്നിങ്സ് ഓപൺ ചെയ്യുക. 29 മാച്ചുകളിൽ നിന്നായി 1583 റൺസാണ് ഈ വർഷം ഗിൽ നേടിയത്. അഞ്ച് സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
  • ടീമിന്റെ നായകൻ രോഹിത് ശർമയാണ്. 27 ഇന്നിങ്സുകളിൽ നിന്നായി 1255 റൺസാണ് രോഹിത് ഈ വർഷം അടിച്ചുകൂട്ടിയത്. ലോകകപ്പിലെ ഹിറ്റ്മാന്റെ നായകത്വവും ഏടുത്തുപറയേണ്ടതാണ്. ഫൈനൽ വരെ ഇന്ത്യയെ തോൽവിയറിയിക്കാതെ നയിച്ച രോഹിതിന് പക്ഷെ, കലാശപ്പോരിൽ അത് തുടരാൻ കഴിഞ്ഞില്ല.
  • മൂന്നാമനായി ബാറ്റ് ചെയ്യാൻ പോകുന്നത് സാക്ഷാൽ വിരാട് കോഹ്‍ലിയാണ്. 24 ഏകദിനങ്ങളിൽ നിന്ന് 1377 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. ലോകകപ്പിൽ 11 മത്സരങ്ങളിലായി താരം 765 റൺസ് നേടിയിരുന്നു. ഏകദിന ലോകകപ്പിലൂടെ 50 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിലേക്കെത്താനും കോഹ്‍ലിക്കായിരുന്നു.
  • ഈ ലോകകപ്പിലെ താരങ്ങളിലൊരാളായ ന്യൂസിലൻഡിന്റെ ഡരിൽ മിച്ചലാണ് നാലാമൻ. ലോകകപ്പിലെ മിച്ചലിന്റെ സമ്പാദ്യം 552 റൺസായിരുന്നു. ഈ വർഷം 26 മത്സരങ്ങൾ കളിച്ച കിവീസ് ബാറ്റർ 1204 റൺസാണ് നേടിയത്.
  • ടോപ് ഓർഡർ ബാറ്ററാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കാണ് അഞ്ചാമനായി ബാറ്റേന്തുന്നത്. കഴിഞ്ഞ ലോകകപ്പിൽ താരം നാല് സെഞ്ച്വറികളാണ് അടിച്ചത്. 2023-ൽ 20 മാച്ചുകളിൽ 46.86 ശരാശരിയിൽ 937 റൺസാണ് ഡി കോക്കടിച്ചത്.
  • ദക്ഷിണാഫ്രിക്കയുടെ പവർഹൗസായ ഹെൻ റിച്ച് ക്ലാസനാണ് ആറാമൻ. ഈ വർഷം ഇതുവരെ 937 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്.
  • ഓസീസിന് ആറാം ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് ഗ്ലെൻ മാക്സ്വെൽ. 400 റൺസുമായി ലോകകപ്പിൽ മാത്രമായിരുന്നു ഓൾറൗണ്ടർ തന്റെ ഗംഭീര ഫോം പുറത്തെടുത്തത്. ഈ വർഷം അല്ലാതെ, താരമടിച്ചത് വെറും 13 റൺസാണ്. മാക്സിക്കും ഈ വർഷത്തെ ഏകദിന ഇലവനിൽ ഇടമുണ്ട്.
  • ഇക്കാലത്തെ ഏറ്റവും മികച്ച ന്യൂ ബാൾ ബൗളർമാരിലൊരാളായ ഷഹീൻ അഫ്രീദി ഈ വർഷം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 21 ഏകദിനങ്ങളിൽ നിന്നായി 42 വിക്കറ്റുകളാണ് ഇട​ംകൈയ്യൻ പേസർ പിഴുതത്. ടീമിന്റെ ബൗളർമാരെ നയിക്കുക ഷഹീൻ തന്നെയാകും.
  • ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ കുൽദീപ് യാദവിനും ടീമിലിടമുണ്ട്. ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ പിഴുത താരമെന്ന റെക്കോർഡ് കുൽദീപിനാണ്. 30 മത്സരങ്ങളിൽ നിന്ന് 49 വിക്കറ്റുകളാണ് താരം നേടിയത്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
  • മുഹമ്മദ് ഷമിയില്ലാതെ ഈ വർഷത്തെ ഏകദിന സ്ക്വാഡ് പൂർത്തിയാകില്ല. ലോകകപ്പിലെ സ്വപ്നതുല്യമായ പ്രകടനം ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയില്ല. ഈ വർഷം 43 ഏകദിന വിക്കറ്റുകൾ നേടിയ താരം ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് (24 വിക്കറ്റുകൾ) ടേക്കറുമായി.
  • ശ്രീലങ്കയുടെ ദിൽഷൻ മധുഷങ്ക പതിനൊന്നാമനായും ലോകകപ്പ് ഫൈനലിൽ ഓസീസിന്റെ വിജയശിൽപിയായ ട്രാവിസ് ഹെഡ് 12-ാമനായും ടീമിലിടം നേടിയിട്ടുണ്ട്. 
Tags:    
News Summary - 2023's Top ODI XI: Five Indians, Three Aussies, and More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.