ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസിന് പുറത്തായി. മധ്യനിരയിലെയും വാലറ്റത്തെയും ബാറ്റർമാരുടെ മോശം പ്രകടനമാണ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ 500ന് താഴെ ഒതുക്കിയത്. 41 റൺസെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായത്.
മൂന്നിന് 359 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഇന്നലെ സെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളിനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും പിന്നാലെ വിക്കറ്റ് കീപ്പർ റിഷഭ് പന്തും സെഞ്ച്വറി നേടിയതോടെ ഇന്ത്യ വൻ സ്കോറിലേക്ക് കുതിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പന്ത് പുറത്തായതിന് പിന്നാലെ എത്തിയവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. 430ന് മൂന്ന് എന്ന നിലയിൽ നിന്ന് വെറും 41 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി.
തകർപ്പൻ പ്രകടനം കാഴ്ചവെച്ച റിഷഭ് പന്തിന്‍റെ ഇന്നിങ്സാണ് ഇന്നത്തെ പ്രത്യേകത. 146 പന്തുകളിൽനിന്നാണ് പന്ത് സെഞ്ച്വറി കണ്ടെത്തിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. സ്പിന്നർ ശുഐബ് ബഷീറിനെ സിക്സർ പറത്തി സെഞ്ച്വറി തികച്ച പന്ത് പതിവുപോലെ ഗ്രൗണ്ടിൽ മലക്കംമറിഞ്ഞാണ് നേട്ടം ആഘോഷിച്ചത്. 134 റൺസെടുത്താണ് പന്ത് പുറത്തായത്. ഐ.പി.എല്ലിൽ പരാജയമായിരുന്ന താരത്തിന് ടെസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ വിമർശകർക്ക് മറുപടി നൽകാനായി. ആറ് സിക്സറുകളാണ് പന്ത് പറത്തിയത്.
യശ്വസി ജയ്സ്വാൾ (101), കെ.എൽ. രാഹുൽ (42), സായി സുദർശൻ (പൂജ്യം) എന്നിവരുടെ വിക്കറ്റായിരുന്നു ഇന്നലെ നഷ്ടമായത്. ഇന്ന് കരുൺ നായർ (പൂജ്യം), രവീന്ദ്ര ജഡേജ (11), ശർദുൽ താക്കൂർ (ഒന്ന്), ജസ്പ്രീത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവർ അതിവേഗം പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റൺസുമായി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടങ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ശുഐബ് ബഷീറും ബ്രൈഡൻ കാർസും ഓരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.