തായ്‍ലൻഡ് ഓപൺ: കുതിപ്പ് തുടർന്ന് മലയാളിതാരം കിരൺ ജോർജ്

ബാങ്കോക്: തായ്‍ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ മലയാളിതാരം കിരൺ ജോർജ്. പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ വീഴ്ത്തിയാണ് കിരൺ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറിയത്. സ്കോർ: 21-11, 21-19. ഇക്കഴിഞ്ഞ മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റ് ഫൈനലിലെത്തി മലയാളി എച്ച്.എസ്. പ്രണോയിയോട് തോറ്റ താരമാണ് വെങ് ഹോങ്. ഒന്നാം റൗണ്ടിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ വീഴ്ത്തി പ്രീക്വാർട്ടറിലെത്തിയതായിരുന്നു ചൈനക്കാരൻ. ആദ്യ ഗെയിമിൽ ആധികാരിക ജയം സ്വന്തമാക്കിയ കിരൺ രണ്ടാമത്തേതിൽ വെങ് ഹോങ് ഉ‍യർത്തിയ വെല്ലുവിളിയും മറികടന്നു. വെള്ളിയാഴ്ച ക്വാർട്ടറിൽ ഫ്രാൻസിന്റെ തോമ ജൂനിയർ പൊപോവാണ് എതിരാളി.

ഒന്നാം റൗണ്ടിൽ ലോക ഒമ്പതാം നമ്പറും ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ അട്ടിമറിച്ചാണ് കിരൺ പ്രീക്വാർട്ടറിലെത്തിയത്. അതേസമയം, ഇന്ത്യയുടെ ലക്ഷ്യ സെൻ പുരുഷ സിംഗ്ൾസ് ക്വാർട്ടറിലെത്തിയപ്പോൾ ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും വനിത സിംഗ്ൾസിൽ സൈന നെഹ്‍വാളും അഷ്മിത ചാലിഹയും പ്രീക്വാർട്ടറിൽ മടങ്ങി.

ചൈനയുടെ ലി ഷി ഫെങ്ങിനെ 21-17, 21-15ന് തോൽപിച്ച ലക്ഷ്യ അവസാന എട്ടിൽ മലേഷ്യയുടെ ലിയോങ് ജുൻ ഹാവോയെ നേരിടും. ഇന്തോനേഷ്യയുടെ ബഗാസ് മൗലാന-മുഹമ്മദ് ഷുഹൈബുൽ ഫിക്രി സഖ്യത്തോട് 26-24, 11-21, 17-21നാണ് സാത്വികും ചിരാഗും മുട്ടുമടക്കിയത്. ചൈനയുടെ ഹേ ബിങ് ജിയാവോ 11-21, 14-21ന് സൈനയെയും സ്പെയിനിന്റെ കരോളിന മാരിൻ 8-21, 13-21ന് അഷ്മിതയെയും പരാജയപ്പെടുത്തി.

Tags:    
News Summary - Thailand Open: Malayali player Kiran George in Quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.