ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട ജപ്പാൻ താരങ്ങളുടെ നിരാശ

ഏഷ്യ മടങ്ങി, യൂറോപ്പിനുള്ള ശക്തമായ മുന്നറിയിപ്പുമായി

ഇംഗ്ലണ്ട് ചാംപ്യൻമാരായ 1966 ലോകകപ്പ്‌. ആദ്യ റൗണ്ടിൽ പുറത്തായ ഇറ്റലി ടീം പാതിരാത്രിയിലാണ് ജനോവ സിറ്റി വിമാനത്താവളത്തിൽ എത്തിയത് .എന്നിട്ടും ചീഞ്ഞ പച്ചക്കറി എറിഞ്ഞാണ് നാട്ടുകാർ വരവേറ്റത്. നേരത്തെ മിഡിൽ സ്ബറോയിൽ ഇറ്റലിയുടെ പരാജയം ഇംഗ്ലീഷ് കാണികൾ ആഘോഷമാക്കിയിരുന്നു. ഉത്തര കൊറിയയാണ് എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചത്. യു.എസ്. എസ്. ആറിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിനു തോറ്റെങ്കിലും ചിലിയെ സമനിലയിൽ ( 1-1) തളച്ച ഉത്തര കൊറിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടന്നു.

ക്വാർട്ടറിൽ പോർച്ചുഗൽ 5-3 നു കൊറിയയെ തോൽപിച്ചു. പക്ഷേ , മൂന്നു ഗോളിനു മുന്നിട്ടു നിന്ന ശേഷമാണ് യുസേബിയോയെന്ന ഇതിഹാസ താരത്തിന്റെ മാസ്മരിക പ്രകടനത്തിനു മുന്നിൽ പതറി ഉത്തര കൊറിയ കീഴടങ്ങിയത്. രണ്ടു പെനാൽറ്റി ഉൾപ്പെടെ നാലു ഗോൾ നേടിയ യുസേബിയോയെ പെലെയ്ക്കുമപ്പുറം ഉയർത്തിക്കാട്ടിയവർ ഏറെയുണ്ട്.പിന്നീട് 2010 ൽ മാത്രമാണ് ഉത്തര കൊറിയ ലോക കപ്പിന് യോഗ്യത നേടിയത്.ആദ്യ റൗണ്ടിൽ ദയനീയമായി തോൽക്കുകയും ചെയ്തു.

ഉത്തര കൊറിയയിലൂടെയാണ് യൂറോപ് ഏഷ്യൻ ഫുട്ബാളിന്റെ കരുത്ത് ആദ്യമറിഞ്ഞത്. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ഏഷ്യ ലോക കപ്പിന് ആദ്യമായി ആതിഥേയത്വം വഹിച്ചപ്പോൾ ആതിഥേയരാജ്യങ്ങൾ കരുത്തുകാട്ടി. ജപ്പാൻ പ്രീ ക്വാർട്ടറിലും ദക്ഷിണ കൊറിയ സെമിയിലും കടന്നു.

ഖത്തറിൽ അഞ്ച് ഏഷ്യൻ രാജ്യങ്ങളും ആസ്ടേലിയയും

ഖത്തർ ലോക കപ്പിൽ ആതിഥേയർ ഉൾപ്പെടെ ഏഷ്യക്ക് അഞ്ചു ബർത്ത് കിട്ടി. യോഗ്യതാ റൗണ്ടിൽ ജപ്പാനോട് തോറ്റ ആസ്ട്രേലിയ പ്ളേ ഓഫിലൂടെ കടന്നു വന്നപ്പോൾ ഏഷ്യയുടെ പ്രതിനിധികൾ ആറായെന്നു പറയാം. അഭൂതപൂർവമായ നേട്ടം. അതിൽ മൂന്നു ടീമുകൾ രണ്ടാം റൗണ്ടിൽ കടന്നു. ആസ്ട്രേലിയയെ മാറ്റി നിർത്തിപ്പറഞ്ഞാൽ ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിൽ എത്തി. ജപ്പാൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ക്രൊയേഷ്യക്ക് മുന്നിൽ പെനൽറ്റിയിൽ വീണു. അതേ രാത്രിയിൽ തന്നെ ദക്ഷിണ​ കൊറിയ ബ്രസീലിന് മുന്നിൽ നിർദാക്ഷിണ്യം തകർന്നടിയുകയും ചെയ്തു. ഏഷ്യയുടെ പ്രതീക്ഷകൾക്ക് തിരശ്ശീല വീണ രാത്രി.

മത്സരിക്കാതെ യോഗ്യത നേടിയ ഖത്തറും ഏഷ്യയിൽ നിന്ന് ഇക്കുറി യോഗ്യത നേടിയ ആദ്യ ടീമായ ഇറാനും 94ൽ പ്രീ ക്വാർട്ടർ കണ്ട സൗദിയും ഗ്രൂപ്പിൽ തന്നെ പുറത്തായിരുന്നു. ആതിഥേയർ ആദ്യ കളി തോറ്റത് ചരിത്രത്തിൽ ആദ്യമെങ്കിൽ 2010 ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഇതിനു മുമ്പ് ആദ്യ റൗണ്ടിൽ പുറത്തായ ആതിഥേയർ.

ഗോൾ വഴങ്ങിയ താരങ്ങളുടെ നിരാശ

ഏഷ്യൻ കപ്പ് ജേതാക്കളെങ്കിലും ഖത്തർ പ്രീ ക്വാർട്ടറിൽ എത്തുമെന്ന ചിന്തയൊന്നും അധികമാർക്കുമില്ലായിരുന്നു.കളി ജയിക്കാൻ നാട്ടുകാരുടെ പിന്തുണ മാത്രം പോര. 2017ൽ ഇന്ത്യ ഫിഫ അണ്ടർ 17 ലോക കപ്പ് നടത്തിയതുപോലെയായി ഖത്തറിന്റെ കാര്യം. ഇന്ത്യ വിദേശത്ത് ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തു. അതെല്ലാം പ്രദർശന മത്സരങ്ങൾ ആയിരുന്നു. ഫലം.ലോക കപ്പിൽ മൂന്നു കളിയും തോറ്റു. ഒരു ഗോൾ അടിച്ചതു നേട്ടം.

ഖത്തർ ലോക റാങ്കിൽ അൻപതാമതാണ്. സ്പെയിൻകാരനായ കോച്ച് ഫെലിക്സ് സാഞ്ചെസിന്റെ കീഴിൽ പരിശീലനം നേടി. പക്ഷേ,160 ൽ അധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ് ഉൾപ്പെടെ ഒരു ഖത്തർ താരം പോലും വിദേശ ക്ലബിൽ കളിച്ചിട്ടില്ല. കോപ അമേരിക്കയിലും കോൺകാ കാഫ് ഗോൾഡ് കപ്പിലും അതിഥി ടീമായാണു മത്സരിച്ചത്. അതായത് ഇന്ത്യൻ ജൂനിയർ താരങ്ങൾ കളിച്ചതു പോലെ പ്രദർശന മത്സരമെന്നു പറയാം .തീവ്ര മത്സര പരിചയം കിട്ടിയില്ലെന്നു സാരം.

ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് രണ്ടു ഗോളിന് തോറ്റത് ടീമിന്റെ ആത്മ വിശ്വാസം കെടുത്തി. സെനഗാളിനെതിരെ ഒരു ഗോൾ നേടാനായത് ആശ്വാസം .പക്ഷേ, മുന്താരിയുടെയും ആഫിഫിന്റെയും പ്രകടനം പ്രതീക്ഷ നൽകുന്നു. 2026ൽ ഖത്തർ യോഗ്യത നേടാൻ ശ്രമിക്കും.സംശയം വേണ്ട.

സൗദി തുടക്കമിട്ട അട്ടിമറി

1994 ൽ പ്രീക്വാർട്ടറിൽ കടന്നതല്ലാതെ എടുത്തു പറയാൻ നേട്ടങ്ങൾ ഇല്ല. പക്ഷേ, ഹെർവേ റെനാർഡ് പരിശീലിപ്പിച്ച സൗദി അറേബ്യ ജപ്പാനെയും ആസ്ട്രേലിയയെയും പിൻതള്ളി യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളായിരുന്നു. ഫിനിഷിങ്ങിൽ പാളുന്നു അഥവാ ഗോൾ അടിക്കാൻ വിഷമിക്കുന്നു എന്ന വിമർശനം സ്ഥിരമായി നേരിടുന്ന സൗദി ആദ്യ മത്സരത്തിൽ മെസിയുടെ അർജന്റീനയെ അട്ടിമറിച്ചപ്പോൾ ഫുട്ബോൾ ലോകം ഞെട്ടി.അർജൻറീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്തിയെന്നതും സൗദി പുറത്തായെന്നതും സത്യം. പക്ഷേ, ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ അടിച്ച് അർജജന്റീനയെയും മെസിയുടെ ദശലക്ഷക്കണക്കിന് ആരാധകരെയും നടുക്കിയ സൗദിയുടെ പ്രകടനം നഷ്ടപ്പെടാനൊന്നുമില്ല, നേടാനേറെ എന്ന ചിന്ത പല ടീമുകളിലും ഉണർത്തി .ആ വിജയത്തിന് സൗദി പിറ്റേ ദിവസം പൊതു അവധി നൽകിയതിനെ എടുത്തു ചാട്ടമെന്നു പറയരുത്. കാരണം, കാലമെത്ര കഴിഞ്ഞാലും ലോക കപ്പ് ചരിത്രത്തിൽ സൗദി അർജന്റീനയെ 2022 ൽ തോൽപിച്ചു എന്ന എഴുത്ത് മായില്ല.


ഇറാൻ, ഗ്രൂപ്പിൽ വെയിൽസിനു മുന്നിൽ മൂന്നാം സ്ഥാനം നേടിയെന്നതു നേട്ടം തന്നെ. 64 വർഷത്തിനു ശേഷമാണ് വെയിൽസ് എത്തുന്നത്. എന്നാൽ ഗരത് ബെയിൽ എന്ന ലോകോത്തര താരത്തിന്റെ സാന്നിധ്യം അവരെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. ആ വെയിൽസിനെ ഇറാൻ രണ്ടു ഗോളിനു തോൽപ്പിച്ചു. അമേരിക്കയോട് തോറ്റത് ഒരു ഗോളിനും. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൽ നിന്ന് അര ഡസൻ ഗോൾ വാങ്ങിയ ടീമിന്റെ ഉയിർത്തെഴുന്നേൽപ്.നാട്ടിലെ പ്രശ്നങ്ങൾ ഇറാൻ താരങ്ങളെ മാനസികമായി സമ്മർദത്തിൽ ആക്കിയിരിക്കും. പക്ഷേ, അവർ കാട്ടിയ മനപ്പൂർവമായ ഫൗളുകൾക്ക് ന്യായീകരണമില്ല.

ജപ്പാന്റെ ഇരട്ട അട്ടിമറി

ഗ്രൂപ്പ് ഇ യിൽ സ്പെയിനും ജർമനിയും വന്നപ്പോൾ രണ്ടു മുൻ ചാംപ്യൻമാർ ഒരു ഗ്രൂപ്പിൽ എന്നതിന് അപ്പുറമൊരു ആശങ്ക ഉയർന്നിരുന്നില്ല. എന്നാൽ ജപ്പാൻ കറുത്ത കുതിരകളായി. ഒന്നല്ല ,രണ്ട് അട്ടിമറികൾ. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളിന് ജപ്പാൻ അട്ടിമറിച്ചു. ജർമനിയിൽ ക്ലബ് ഫുട്ബോൾ കളിച്ചു പരിചയമുള്ള ജപ്പാൻ ഗോളി ഷുയിചി ഗോണ്ട എഴുപത്തൊന്നാം മിനിറ്റിൽ തുടരെ നാലു സേവുകൾ നടത്തിയത് മനസ്സിൽ നിന്നു മായുന്നില്ല. ഒടുവിൽ സ്പെയിനിനെയും കീഴടക്കി ജപ്പാൻ ഗ്രൂപ്പ് ജേതാക്കളായി.എന്നാൽ ഇതേ ജപ്പാൻ കോസ്റ്ററിക്കയോട് ഒരു ഗോളിനു തോറ്റതും ശ്രദ്ധിക്കണം. ക്രൊയേഷ്യയുമായി പ്രീക്വാർട്ടറിൽ പെനൽറ്റിയിലാണ് പരാജയപ്പെട്ടത്.  സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാനുള്ള അവരുടെ ആത്മവിശ്വാസക്കുറവ് പെനൽറ്റിയിൽ നിഴലിച്ചു. കൃത്യമായി കണക്കുകൂട്ടിയായിരുന്നു ജപ്പാന്റെ മുന്നേറ്റങ്ങൾ. നമ്മൾ അട്ടിമറിയെന്ന് വിളിച്ചാലും അവരത് കണക്കുകൂട്ടിത്തന്നെയായിരുന്നു എത്തിയത്. എന്തായാലും യൂറോപ്പിനെ വിറപ്പിക്കാൻ ഏഷ്യൻ രാജ്യത്തിനു സാധിച്ചു എന്നത് സത്യം .

ദക്ഷിണ കൊറിയയുടെ സ്ഥിരസാന്നിധ്യം

നായകനും ടോട്ടൻ ഹാം ഹോട്സ്പർ താരവുമായ സോൺ ഹ്യൂങ് മിനിനെ ചുറ്റിപ്പറ്റിയാണ് ഏറെക്കാലമായി ദക്ഷിണ കൊറിയയുടെ കുതിപ്പ്. നാപ്പോളിയുടെ കിം മിൻ ജേ അവർക്ക് കൂടുതൽ തിളക്കം നൽകുന്നു. പോർച്ചുഗലുകാരനായ കോച്ച് പൗളോ ബെുന്റാ 2002 ൽ ദക്ഷിണ കൊറിയയുടെ ഫുട്ബാൾ കരുത്ത് അറിഞ്ഞതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയാണ് ഇത്തവണ തോൽപിച്ചതെന്ന് ദക്ഷിണ കൊറിയക്ക് അഭിമാനിക്കാം. ബ്രൂണോ ഫെർണാണ്ടസിന്റെ അസാന്നിധ്യം പോർച്ചുഗലിനെ ബാധിച്ചു. പ്രീക്വാർട്ടറിൽ ബ്രസീൽ അക്ഷരാർഥത്തിൽ അവരെ സ്തബ്ധരാക്കിക്കളഞ്ഞു. ​അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെ ബ്രസീലിനെ കൊറിയക്കാർ വിറപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യപകുതിയിലെ സാംബ താളത്തിൽ അവർക്കെല്ലാം നഷ്ടപ്പെട്ടു.


2026 ൽ ടീമുകളുടെ എണ്ണം 48 ൽ എത്തുമ്പോൾ ഏഷ്യൻ ബർത്തുകളും കൂടും. പക്ഷേ, ഖത്തറിലെപ്പോലെ നവംബർ - ഡിസംബറിൽ അല്ല കളി. ക്ലബ് ഫുട്ബാൾ പകുതി വഴിയിൽ നിൽക്കുമ്പോഴുമല്ല. ഇപ്പോഴത്തെ ഉണർവ് നിലനിർത്തി, മാറ്റങ്ങൾ ഉൾക്കൊണ്ടു വേണം ഏഷ്യ മുന്നേറാൻ. ഖത്തറിലെ അട്ടിമറികൾ കൂടുതൽ ഏഷ്യൻ താരങ്ങൾക്ക് യൂറോപ്പിൽ അവസരമൊരുക്കിയാൽ കഥ മാറും.

Tags:    
News Summary - Asian teams shocking the globe at World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.