മോദി യു.എസിൽ വരുമ്പോൾ സൊഹ്റാൻ മംദാനി വായിച്ചു, ഉമർ ഖാലിദിന്റെ ജയിൽ കുറിപ്പുകൾ; വൈറലായി വിഡിയോ​

ന്യൂയോർക്ക്: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ പഴയ ഒരു വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന പരിപാടിയുടേതാണ് വിഡിയോ. ഇന്ത്യയിൽ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് കള്ളക്കേസ് ചുമത്തി ജയിലിലടക്കപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജയിൽ കുറിപ്പുകളായിരുന്നു അദ്ദേഹം വായിച്ചത്.

‘ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) സ്കോളറും വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ ഒരു കത്താണ് ഇന്ന് ഞാൻ വായിക്കാൻ പോകുന്നത്. നിലവിൽ യു.എ.പി.എ നിയമപ്രകാരം 1,000 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരന്തരം തള്ളപ്പെട്ടു. വിചാരണ ഇതുവരെ നേരിട്ടിട്ടില്ല. ആൾക്കൂട്ട കൊലപാതകങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും എതിരെ അദ്ദേഹം കാമ്പയിൻ സംഘടിപ്പിച്ചിരുന്നു’ -എന്ന മുഖവുരയോടെയാണ് സൊഹ്റാൻ കത്ത് വായിച്ചത്.

ഉമർഖാലിദിന്റെ കത്തിൽനിന്ന്: ‘കഴിഞ്ഞ സെപ്റ്റംബറിലെ എന്റെ അറസ്റ്റിന് ശേഷം കോടതിയിലെ എന്റെ ആദ്യ വാദത്തിനായി ഈ വർഷം ഫെബ്രുവരിയിലെ തണുപ്പുള്ള പ്രഭാതത്തിൽ എന്നെ പൊലീസ് വാനിൽ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. കർഷക സമരത്തെക്കുറിച്ച് സജീവമായ സംഭാഷണത്തിലായിരുന്നു വാനിനുള്ളിലെ പൊലീസുകാർ. എന്നാൽ, നാല് മാസത്തെ തടവിന് ശേഷം കാണുന്ന പുറംകാഴ്ചയായിരുന്നു എനിക്ക് കൂടുതൽ ആകർഷകമായി തോന്നിയത്.

ആളുകൾ ഓഫിസുകളിലേക്കും കുട്ടികൾ സ്കൂളുകളിലേക്കും പോകുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. കാറുകളിലും ബസുകളിലും റോഡുകളിലും ആളുകൾ ഉണ്ടായിരുന്നു. ചിലർ അവരുടെ ഫോണുകളിൽ മുഴുകിയിരുന്നു. മറ്റു ചിലർ പരസ്പരം സംസാരിക്കുന്നു. അവരെ നിരീക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർക്ക് എവിടെ വേണമെങ്കിലും പോകാനും, ആരോട് വേണമെങ്കിലും സംസാരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് സ്വതന്ത്രരായ മനുഷ്യരുടെ ആകർഷകമായ കാഴ്ചയായിരുന്നു. ഈ ആളുകളെപ്പോലെ ഞാനും സ്വതന്ത്രനായിരുന്ന പഴയ കാലത്തെക്കുറിച്ച് ഓർത്തുപോയി.

2020 സെപ്റ്റംബറിൽ ഞാൻ തിഹാർ ജയിലിൽ പ്രവേശിച്ചപ്പോൾ, ഞാൻ ആദ്യം ശ്രദ്ധിച്ചത് അവിടത്തെ ഒരുതരം ഭയാനകമായ നിശ്ചലതയായിരുന്നു. ആ വളപ്പിനകത്ത് പോയ ആരും ഈ ഭയാനകമായ നിശ്ചലതയെക്കുറിച്ച് നിങ്ങളോട് പറഞ്ഞു തരും. എല്ലാ വശങ്ങളിലും ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു പ്രേതനഗരം പോലെയാണ് അത് അനുഭവപ്പെട്ടത്. എന്നെ പൊലീസ് സ്റ്റേഷനിൽനിന്ന് ജയിലിലേക്ക് കൊണ്ടുവന്ന പൊലീസ് കാർ ഉള്ളിലേക്ക് നീങ്ങുമ്പോൾ, പുറം ലോകത്തെ ശബ്ദങ്ങൾ സാവധാനം അകന്നുപോവുകയും നിശ്ശബ്ദത കീഴടക്കുകയും ചെയ്തു.

മണിക്കൂറുകൾ നീളുന്ന നിശ്ശബ്ദതയിലും ദുരന്തസമാനമായ ഏകാന്തതയിലും ക​യ്പേറിയ ചിന്തകൾക്ക് അടിമപ്പെടരുത് എന്ന് ഞാൻ എന്നോട് തന്നെ പറയുന്നു. കയ്പിന് അടിമപ്പെടാൻ എളുപ്പമാണ്. പക്ഷേ, അത് ഒട്ടും നന്നല്ല. വിദ്വേഷത്തിന്റെയും ഭിന്നിപ്പുകളുടെയും ശക്തികളിൽ നിന്ന് നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് അത് തീർച്ചയായും സഹായകമാകില്ല.

വിശാലമായി ചിന്തിക്കാൻ ശ്രമിക്കണമെന്ന് ഞാൻ എന്നോട് തന്നെ പറയുന്നു. ചിലിയിലെ മനുഷ്യാവകാശ പ്രവർത്തകനായ ഒരു അഭിഭാഷകന്റെ കഥ ഒരു സുഹൃത്ത് അടുത്തിടെ എന്നോട് പറഞ്ഞിരുന്നു. ചിലിയിൽ പിനോഷെയുടെ ഭരണകാലത്ത് ആ അഭിഭാഷകനെതിരെ നിരവധി കേസുകൾ കോടതിയിലെത്തി. അദ്ദേഹം ആ കേസുകളെല്ലാം പരാജയപ്പെട്ടു. എന്നാൽ, പിനോഷെയുടെ ഭരണത്തിന് പിന്നീട് അന്ത്യമായി. പിനോഷെ നടത്തിയ ക്രൂരതകൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ശിക്ഷ വിധിക്കാൻ ആ അഭിഭാഷകൻ അന്ന് നൽകിയ ഹരജികൾ ഉപയോഗിച്ചു. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ചിലി ഒരു ഇടതുപക്ഷ പ്രസിഡൻറിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

അതുകൊണ്ട്, ഒരൊറ്റ സ്വേച്ഛാധിപതിയും എന്നേക്കും നിലനിൽക്കില്ല എന്ന് ഞാൻ എന്നോട് തന്നെ പറയുന്നു. സത്യത്തെ മറികടക്കാൻ കഴിയില്ല, വിദ്വേഷത്തിന് സ്നേഹത്തെ എന്നെന്നേക്കുമായി കീഴടക്കാനും കഴിയില്ല’

Full View

Tags:    
News Summary - Zohran Mamdani reads Umar Khalid's Notes from Jail in New York ahead of the PM Modi's visit to the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.