പത്ത്കോടി രൂപയുടെ തീൻമേശ വാങ്ങില്ല, പകരം പണം ബിസിനസിൽ നിക്ഷേപിക്കും: അഷ്നീർ ഗ്രോവർ

ന്യൂഡൽഹി: പത്ത് കോടി രൂപ തീൻമേശക്കായി ചെലവാക്കിയെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരത്പേ മുൻ മാനേജിങ് ഡയറക്ടർ അഷ്നീർ ഗ്രോവർ. വ്യാജ വാർത്തകളിൽ പരാമർശിച്ച വിലയുടെ 0.5 ശതമാനം പോലും വിലയില്ലാത്ത തീൻമേശയാണ് വീട്ടിലുള്ളത്. പത്ത്കോടി അനാവശ്യമായി ചെലവാക്കുന്നതിന് പകരം ബിസിനസ്സിൽ നിക്ഷേപിക്കും. അതുവഴി ആയിരം പേർക്ക് തുറന്നുകിട്ടുന്ന വരുമാന മാർഗത്തിലൂടെ അവരുടെ കുടുംബങ്ങൾക്കും മാന്യമായ ഭക്ഷണം തീൻമേശകളിൽ വെക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വിലകൂടിയ തീൻമേശ കൈവശമുള്ളയാളെന്നതിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടില്ല. അത് വേണമെന്ന് ആഗ്രഹിക്കുന്നുമില്ല. ഇത്തരം കള്ളപ്രചാരണങ്ങളിൽ മാധ്യമങ്ങൾ പങ്കാളികളാകരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതു പോലെ മാധ്യമങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെടുമെന്നും അഷ്നീർ പറഞ്ഞു. തീൻമേശയുടെ ഫോട്ടോ സഹിതം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഈയടുത്ത് സ്വകാര്യ സ്ഥാപനമായ ബ്ലൂംബർഗ് ആണ് വിവരം പുറത്തുവിട്ടത്. വാർത്ത വലിയ രീതിയിൽ ജനശ്രദ്ധ നേടിയതോടെയാണ് പ്രതികരണവുമായി അഷ്നീർ രംഗത്തെത്തിയത്.

സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് അഷ്‌നീറിന്റെ ഭാര്യ മാധുരി ജെയിൻ ഗ്രോവറിനെ ഫിൻടെക് സ്ഥാപനമായ ഭാരത്‌പേ കഴിഞ്ഞ മാസം പിരിച്ചുവിടുകയും, സ്റ്റോക്ക് ഓപ്ഷനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗ്രോവറും കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു.

Tags:    
News Summary - Won't buy dining table for 10 crore, instead money will be invested in the business: Ashneer Grover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.