‘ബി.ജെ.പി മുഖ്യമ​ന്ത്രി പറഞ്ഞത് തന്നെയല്ലേ ആരതിയും പറഞ്ഞത്? അതിന് അവരെ സംഘപരിവാറുകാർ എന്തൊക്കെ വഷളത്തരങ്ങളാണ് പറഞ്ഞത്?’

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിനി​ടെ കുട്ടികളെ തോളിലേറ്റി കിലോമീറ്ററുകൾ ഓടി രക്ഷാപ്രവർത്തനം നടത്തിയ കശ്മീരി ടൂറിസ്റ്റ് ഗൈഡ് നസകത്ത് അഹമ്മദ് ഷായെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പ്രശംസിച്ചതിൽ പ്രതികരണവുമായി എഴുത്തുകാരൻ സി.എൻ. ജയരാജൻ.  സ്വന്തം കുടുംബങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയപ്പോൾ സംഘവിഷങ്ങൾക്ക് പോലും അത് മിണ്ടാതിരിക്കാൻ പറ്റാതെ പോകുന്നുവെന്നത് കാശ്മീരി മുസ്‍ലിംകൾ പഹൽഗാമിൽ എത്ര കണ്ട് മഹത്തരമായ ത്യാഗമാണ് ഭീകരാക്രമണ വേളയിൽ വഹിച്ചത് എന്നത് കൃത്യമായി വെളിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇതേ കാര്യം കേരളത്തിൽ വെച്ച് രാമചന്ദ്രന്റെ മകൾ ആരതി മാധ്യമങ്ങളോട് പറഞ്ഞപ്പോൾ അതിന് അവരെ കേരള സംഘവിഷങ്ങൾ എന്തൊക്കെ വഷളത്തരങ്ങളാണ് പറഞ്ഞത്? ‘അവർ പത്രക്കാരുടെ മുന്നിൽ കരഞ്ഞില്ല. അവർ അണിഞ്ഞൊരുങ്ങി ഇരിക്കുകയായിരുന്നു...’. ഇതു പോലെ ഹിമാൻഷിയെ കുറിച്ച് വൃത്തികേടുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് സംഘപരിവാരങ്ങൾ’ -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണ​രൂപം:

ആദ്യ ചിത്രത്തിൽ കാണുന്നയാളാണ് ഛത്തീസ് ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി. വിഷ്ണു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യം വായനക്കാർ അറിഞ്ഞിരിക്കണം. പഹൽഗാം ഭീകരാക്രമണം നടക്കുന്ന സമയത്ത് ഛത്തീസ്ഗഢിൽ നിന്നുള്ള കുടുംബങ്ങളും അവിടെ ഉണ്ടായിരുന്നു. കൂട്ടത്തിൽ ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗർവാൾ, കുൽദീപ് സ്ഥാപക്, ശിവാൻഷ് ജെയിൻ, ഹാപ്പി വാദ്ധ്വൻ എന്നിവരും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു.... മൂന്നു കുഞ്ഞുങ്ങളടങ്ങുന്ന നാല് കുടുംബത്തി​ലെ 11 പേരായിരുന്നു ഛത്തീസ് ഗഢിൽ നിന്ന് പഹൽഗാമിൽ ഉണ്ടായിരുന്നത്... അവരുടെ ഗൈഡ് ആയിരുന്നു നസകത്ത് അഹമ്മദ് ഷാ...

പഹൽഗാമിൽ ഭീകരർ ആക്രമണം തുടങ്ങിയപ്പോൾ ഷാ ഈ കുടുംബങ്ങളെയും കൊണ്ട് അദ്ദേഹത്തിന് അറിയാവുന്ന വഴികളിലൂടെ പാഞ്ഞു. ആ സമയത്ത് ഷായുടെ രണ്ടു കൈകകളിലും രണ്ടു കുഞ്ഞുങ്ങളായിരുന്നു. ഷാ അവരെയും കൊണ്ട് ഓടുകയായിരുന്നു. ഈ ഓട്ടമില്ലായിരുന്നുവെങ്കിൽ, ഷാ ഈ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് പാഞ്ഞു പോയില്ലായിരുന്നുവെങ്കിൽ ഛത്തീസ്ഗഢിൽ നിന്നുള്ളവരും കൊല്ലപ്പെട്ടേനേ.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഒന്നാന്തരം സംഘഫാസിസ്റ്റ് തന്നെയാണ്. എന്നാൽ ഈ കുടുംബങ്ങൾ മുഖ്യമന്ത്രിക്ക് മേൽ ഉണ്ടാക്കിയ സമ്മർദ്ദം ചില്ലറയല്ല എന്നു നാം മനസ്സിലാക്കണം. ഒടുവിൽ നസാക്കാത്ത് അഹമ്മദ് ഷായെ മുഖ്യമന്ത്രി പേരെടുത്തു പ്രശംസിച്ചിരിക്കുന്നു... ജീവൻ രക്ഷിച്ചതിന് നന്ദി പറഞ്ഞിരിക്കുന്നു. കൂട്ടത്തിൽ മുസ്‍ലിംകളിൽ ചിലർ മാത്രമാണ് കുഴപ്പക്കാർ എന്നു കൂടി പറഞ്ഞിരിക്കുന്നു.

ഇങ്ങിനെ ഒരു വിശദീകരണമല്ലേ, രാമചന്ദ്രന്റെ മകൾ ആരതി കേരളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്?

അതിന് അവരെ കേരള സംഘവിഷങ്ങൾ എന്തൊക്കെ വഷളത്തരങ്ങളാണ് പറഞ്ഞത്? ‘അവർ പത്രക്കാരുടെ മുന്നിൽ കരഞ്ഞില്ല. അവർ അണിഞ്ഞൊരുങ്ങി ഇരിക്കുകയായിരുന്നു...’. ഇതു പോലെ ഹിമാൻഷിയെ കുറിച്ച് വൃത്തികേടുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് സംഘപരിവാരങ്ങൾ....

കേരളത്തിലടക്കമുള്ള സംഘപരിവാരങ്ങൾ പാവം പെൺകുട്ടികൾ കാണിച്ച ആത്മാർത്ഥയെയും ധീരതയെയും സത്യസന്ധതയെയും അപ്പാടെ ആക്ഷേപങ്ങൾക്കിരയാക്കിയപ്പോൾ ഇതു പോലൊന്ന് ഓർക്കാപ്പുറത്ത് വരുമെന്ന് കരുതിക്കാണില്ല. സംഘവിഷങ്ങൾക്ക് പോലും സ്വന്തം കുടുംബങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയപ്പോൾ, സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെട്ടപ്പോൾ അത് മിണ്ടാതിരിക്കാൻ പറ്റാതെ പോകുന്നുവെന്നത് പഹൽഗാമിൽ കാശ്മീരി മുസ്‍ലിംകൾ എത്ര കണ്ട് മഹത്തരമായ ത്യാഗമാണ് ഭീകരാക്രമണ വേളയിൽ വഹിച്ചത് എന്നത് കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്.

സംഘപരിവാരങ്ങളുടെ അജൻഡ, നിലനിൽപ്പ് വർഗീയ പ്രവർത്തനങ്ങൾ തന്നെയാണ്. ഈ പോസ്റ്റ് അവർക്കുള്ളതല്ല...

മറിച്ച്, കാശ്മീരി മുസ്‍ലിംകളുടെ മഹത്വം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി എഴുതിയതാണ്...


Full View

Tags:    
News Summary - Vishnu deo sai and arathi on pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.