ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിൽ നിന്നുള്ള ഹൃദയഭേദകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുറച്ച് പെൺകുട്ടികൾ സ്കൂളിലെത്താൻ നടത്തുന്ന അപകടകരമായ യാത്രയാണ് വിഡിയോയിൽ. കയർ ട്രോളിയിൽ നദി മുറിച്ചുകടന്നാണ് കുട്ടികൾ സ്ഥിരിമായി സ്കൂളിൽ എത്തുന്നത്.
നദിക്ക് കുറുകെയുള്ള ട്രോളിയെ പെൺകുട്ടികൾ കയർ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടുണ്ട്. മാധ്യമപ്രവർത്തകനായ ത്രിഭുവൻ ചൗഹാനാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോ പങ്കുവെച്ചുകൊണ്ട് ഇത് 2025 തന്നെയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതാണ് 2025ലെ 'ബേഠി ബജാവോ ബേഠി പാഠാവോ'യുടെ ക്രമീകരണം എന്നും അദ്ദേഹം പറയുന്നു.
ഉത്തരാഖണ്ഡിലെ മുൻസിയാരി ഗ്രാമത്തിലെ വിദ്യാർഥികളാണ് വിഡിയോയിൽ ഉള്ളത്. പ്രദേശത്ത് പാലം ഉണ്ടായിരുന്നതായും അത് 2013ൽ തകർന്നതായുമാണ് റിപ്പോർട്ട്. അതിനാൽ 70തോളം ഗ്രാമങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള മാർഗമായി റോപ്പ് ട്രോളി മാറി.
വൈറലായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ധാരാളം പ്രതികരണങ്ങൾ സൃഷ്ടിച്ചു. നിരവധിപ്പേർ കുട്ടികളുടെ സാഹചര്യത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ചു. ഇത് രാജ്യത്തിന്‍റെ ദൗർഭാഗ്യമാണെന്നും ആ പ്രദേശത്ത് സർക്കാർ പാലം പണിയേണ്ടത് ആവശ്യമാണെന്നുമുള്ള വിവിധ അഭിപ്രായങ്ങൾ കാഴ്ചക്കാർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.