ജയ്പൂർ: കോളജ് തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനായി വിദ്യാർഥി നേതാക്കൾ കാട്ടുന്ന നിരവധി വിദ്യകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, രാജസ്ഥാനിലെ ഒരു കോളജിൽ നിന്നുള്ള വോട്ടുപിടിത്ത വിഡിയോ കണ്ടാൽ ഇതുവരെ നമ്മൾ കണ്ടതൊന്നും ഒന്നുമല്ല എന്ന് തോന്നും.
കാലിൽ വീഴുക മാത്രമല്ല, നടക്കാൻ അനുവദിക്കാതെ കാല് പിടിച്ചുവെച്ച് വോട്ട് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് സ്ഥാനാർഥികൾ. 'വോട്ട് ചെയ്യാം, ആദ്യം എന്നെ പോകാൻ അനുവദിക്കൂ' എന്നാണ് കാലിൽ വീണ സ്ഥാനാർഥിയോട് ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് പറയുന്നത്.
മറ്റൊരു വിദ്യാർഥി റോഡിൽ കിടന്ന് കൈകൂപ്പിക്കൊണ്ട് വോട്ട് ചോദിക്കുന്നത് കാണാം. കോളജിലേക്ക് പോകുന്നവരെ സാഷ്ടാംഗം പ്രണമിച്ച് വോട്ട് ചോദിക്കുന്നവരെയും കാണാം.
സോഷ്യൽ മീഡിയയിൽ നിരവധി കമന്‍റുകളാണ് ഇതുസംബന്ധിച്ച് വരുന്നത്. ഇവർക്ക് ഉറപ്പായും ഭാവിയിൽ രാഷ്ട്രീയക്കാരാകാം -ഒരാൾ കമന്‍റ് ചെയ്യുന്നു. 'ഡൗൺ ടു എർത്' സ്ഥാനാർഥികൾ ആണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനിൽ വിവിധ സർവകലാശാലകൾക്ക് കീഴിലെ കോളജുകളിൽ തെരഞ്ഞെടുപ്പ് നടന്നത്. കോവിഡ് കാരണം രണ്ട് വർഷമായി മുടങ്ങിയിരിക്കുകയായിരുന്നു തെരഞ്ഞെടുപ്പിൽ. എൻ.എസ്.യു.ഐയും എ.ബി.വി.പിയും തമ്മിലാണ് പ്രഥാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.