പി.സി. ജോർജി​നെതി​രെ സുധാമേനോൻ: ‘നെഹ്‌റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല, വർഗീയത മാത്രം ഭക്ഷിക്കുന്ന പി.സി. ജോർജ് നുണകളുടെ പെരുമഴയിലൂടെ അദ്ദേഹത്തിന്റെ ഓർമകൾ ഒഴുക്കിവിടാന്‍ ശ്രമിക്കുന്നു’

കണ്ണൂർ: മരണശേഷവും ഇന്ത്യയുടെ പൊടിയിലും മണ്ണിലും ഇഴുകിച്ചേര്‍ന്ന് ഈ ദേശത്തിന്റെ ആത്മാവിന്റെ അവിഭാജ്യമായ ഘടകമാകാനായിരുന്നു ജവഹർലാൽ നെഹ്റു ആഗ്രഹിച്ചതെന്ന് എഴുത്തുകാരി സുധാ മേനോൻ. അതിനാണ് ഗംഗ നദിയിലും ഇന്ത്യന്‍ കര്‍ഷകന്‍ വിയര്‍പ്പൊഴുക്കുന്ന വയലുകളിലും തന്റെ ചിതാഭസ്മം വിതറണം എന്ന് ജവഹർ ലാൽ നെഹ്റു നിര്‍ദ്ദേശിച്ചതെന്നും അവർ ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ മനുഷ്യന്റെ ഹൃദയഹാരിയായ ഓര്‍മകളെയാണ് വർഗീയത മാത്രം ഭക്ഷിക്കുന്ന പി.സി. ജോർജിനെപ്പോലുള്ള ഒറ്റബുദ്ധികള്‍ ചേര്‍ന്ന് നുണകളുടെ പെരുമഴയിലൂടെ ഒഴുക്കിവിടാന്‍ ശ്രമിക്കുന്നതെന്നും സുധാ മേനോൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസൽമാനാണ് എന്നും ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു പെരക്കകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നുവെന്നുമുള്ള ജോർജിന്റെ പ്രസ്താവന​യോട് പ്രതികരിക്കുകയായിരുന്നു അവർ.

കുറിപ്പിന്റെ പൂർണരൂപം:

'ഞാന്‍ വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷുകാരനും സാംസ്കാരികമായി മുസ്‍ലിമും യാദൃച്ഛികത കൊണ്ടുമാത്രം ഹിന്ദുവുമാണ്”.

ജവാഹർലാല്‍ നെഹ്‌റു, സ്വയം ഇങ്ങനെയാണ് തന്നെ വിശേഷിപ്പിക്കുന്നത് എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു നുണയാണിത്‌. നിരവധി വാട്സാപ് ഗ്രൂപ്പുകളിലൂടെ കോടിക്കണക്കിനു ജനങ്ങളില്‍ ഇത് എത്തിക്കുവാന്‍ അജ്ഞാതകേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞു. ഇത് വായിക്കുന്ന ഒരാള്‍ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും.

വാസ്തവത്തില്‍ നെഹ്‌റു അങ്ങനെ പറഞ്ഞിട്ടേ ഇല്ല. ഹിന്ദു മഹാസഭ നേതാവായ എന്‍.ബി. ഖരെയാണ് നെഹ്രുവിനെ ഇങ്ങനെ വിശേഷിപ്പിച്ചത്‌. അത് സമര്‍ത്ഥമായി നെഹ്രുവിന്റെ സ്വന്തം വാചകങ്ങള്‍ ആയി അവതരിപ്പിക്കാന്‍ നുണഫാക്ടറികള്‍ക്ക് കഴിഞ്ഞു. നെഹ്‌റു അദ്ദേഹത്തിന്റെ ആത്മകഥയില്‍ അങ്ങനെ പറയുന്നതായി ഖരെ അവകാശപ്പെട്ടത് ശുദ്ധ നുണയായിരുന്നു. അങ്ങനെയൊരു വാചകം ആ പുസ്തകത്തില്‍ എവിടെയും ഇല്ല. നെഹ്‌റു എഴുതിയ ഒരു പുസ്തകത്തിലും ഇല്ല.

എന്തായിരുന്നു ഹിന്ദുമതത്തോടും, ഇസ്‍ലാമിനോടും ഇന്ത്യയോടും നെഹ്രുവിന്റെ സമീപനം?

”മതം പ്രായോഗിക ജീവിതത്തില്‍ കണ്ടിടത്തോളം അത് ഹിന്ദുമതമായാലും ഇസ്‌ലാമായാലും ബുദ്ധമതമോ ക്രിസ്തുമതമോ ആയാലും എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല " എന്നാണു നെഹ്‌റു ഇന്ത്യയെ കണ്ടെത്തലില്‍ എഴുതിയത്. മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങളോടുള്ള മതങ്ങളുടെ സമീപനം ശാസ്ത്രീയമല്ല; അതില്‍ ജാലവിദ്യയുടെ ഒരംശമുണ്ട് എന്നായിരുന്നു അദ്ദേഹം കരുതിയത്‌.

നെഹ്‌റു ആഗ്രഹിച്ചത്‌ ജാതിയും മതവും ഒക്കെ കടന്നു നില്‍ക്കുന്ന ഒരു സാര്‍വലൗകികത ആയിരുന്നു. ഇന്ത്യ ജാതിയുടെയും മതത്തിന്റെയും ഒരു കോണ്‍ഫെഡറേഷന്‍ അല്ല; പകരം വ്യക്തികളുടെ സമൂഹമാണെന്ന് അദ്ദേഹം എഴുതി. ഓരോ സ്വതന്ത്ര വ്യക്തിയും ആ വ്യക്തിയുടെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമാണ് നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ. നാനൂറു മില്ല്യന്‍ വ്യത്യസ്ത മനുഷ്യരുടെ ഒരു പ്രപഞ്ചം! അവരുടെ വൈവിധ്യമാർന്ന ചിന്ത, വികാരം, സംസ്കാരം... ഈ അനന്യമായ ഇന്ത്യന്‍ വ്യക്തിത്വം ആണ് നമ്മുടെ ശക്തിയും സൗന്ദര്യവും എന്ന് അദ്ദേഹം വിശ്വസിച്ചു.

ഹിന്ദുക്കളും മുസ്‍ലിംകളും ഇടകലര്‍ന്നു ജീവിക്കുന്ന സങ്കലന നാഗരീകതയുടെ കളിത്തൊട്ടില്‍ ആയിരുന്നു 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലെ അലഹബാദ്‌ നഗരം.‍ ജവാഹർ വളര്‍ന്നത്‌ ആ സമ്മിശ്രസംസ്കാരത്തിന്റെ സാമൂഹ്യഭൂമികയില്‍ ആണ്. അലഹബാദിന്റെ ബഹുസ്വരതയും പാരസ്പര്യവും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ അദ്ദേഹം എക്കാലത്തും ഇന്ത്യക്കാരന്‍ മാത്രമായിരുന്നു. ഹിന്ദുവോ, മുസ്‍ലിമോ ആയിരുന്നില്ല.

അതുപോലെ, ഒരിക്കലും യൂറോപ്പ് ആയിരുന്നില്ല അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടം. മറിച്ച്, ഗംഗയും ഭാരതവും ആയിരുന്നു.

ജവാഹർലാലിന് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കാഴ്ച നിറഞ്ഞൊഴുകുന്ന ഗംഗാനദി തന്നെയായിരുന്നു. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് നദി വന്യവും അലസവും ശാന്തവുമാകുന്നത് ആനന്ദഭവനത്തിന്റെ മട്ടുപ്പാവില്‍ നിന്നും ജവാഹർലാൽ അത്ഭുതത്തോടെ നോക്കിക്കണ്ടു. നിലാവുള്ള രാത്രികളില്‍ നിശബ്ദയായി ഒഴുകുന്ന ഗംഗാനദിയും നൈനി ജയിലിന്റെ നിഴല്‍ കാഴ്ചയും സ്വപ്നജീവിയായ അദ്ദേഹത്തിന് അവാച്യമായ അനുഭൂതി പകര്‍ന്നു എന്ന് നെഹ്‌റു ആത്മകഥയില്‍ എഴുതുന്നുണ്ട്.

മാഘ്മേളയില്‍ പങ്കെടുക്കാനും ത്രിവേണി സംഗമം കാണാനും തീര്‍ഥത്തില്‍ കുളിക്കാനും വിദൂരദേശത്തു നിന്നും എത്തുന്ന അസംഖ്യം മനുഷ്യരുടെ അവസാനിക്കാത്ത നിര... മഴക്കാലത്ത്, ആകാശത്തില്‍ ശ്യാമമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ വിരഹത്തിന്റെയും മോഹത്തിന്റെയും നാടോടിപ്പാട്ടുകള്‍ ആയ ‘കജ്രി’കള്‍ പാടുന്ന യുവാക്കള്‍.. ജവാഹർ ലാലിനെ സ്വപ്നജീവിയാക്കിയത് ആ ഗംഗാതടം ആയിരുന്നു..

അലഹബാദിലെ ജനജീവിതം നിര്‍വചിക്കുന്നതും നയിക്കുന്നതും ഗംഗയാണ്. അനാദിയായ ഹിമവാനില്‍ നിന്നും ഉറവയെടുത്ത്, നിരവധി ജനപദങ്ങളിലൂടെ ഒഴുകി, സംസ്കാരങ്ങളെ തകര്‍ത്തും, സൃഷ്ടിച്ചും, നിരവധി നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയഭാഗധേയങ്ങളെ നിയന്ത്രിച്ചും, ആര്‍ത്തിരമ്പിയൊഴുകി ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അനന്തജലരാശിയില്‍ ലയിക്കുന്ന മഹാനദിയായ ഗംഗയെ അനുദിനം മാറിക്കൊണ്ടിരിക്കുന്നതും സചേതനവുമായ ഭാരതീയസംസ്കാരത്തിന്റെ പ്രതീകമായിട്ടാണ് നെഹ്‌റു കണ്ടത്. വിശാലമായ ഭാവിയുടെ മഹാസമുദ്രത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഇന്ത്യയുടെ പ്രയാണത്തെ അദ്ദേഹം ഗംഗയില്‍ കണ്ടു.

ചുരുക്കത്തിൽ, ഇന്ത്യയിലെ പുഴകളോടും പ്രകൃതിയോടും പര്‍വതങ്ങളോടും ബഹുസ്വരസംസ്കാരത്തോടും ഉള്ള അദ്ദേഹത്തിന്‍റെ നിര്‍മലമായ സ്നേഹമാണ്, ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തിനോടുള്ള അസാധാരണമായ പ്രണയമായി ജവാഹർ ലാലില്‍ പടര്‍ന്നു പന്തലിച്ചത്. അതുകൊണ്ടാണ് തന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കണമെന്ന് അദ്ദേഹം മരിക്കുന്നതിനു മുന്പ് എഴുതി വെച്ചത്. ഗംഗയില്‍ മാത്രമല്ല, ഇന്ത്യന്‍ കര്‍ഷകന്‍ വിയര്‍പ്പൊഴുക്കുന്ന വയലുകളിലും തന്റെ ചിതാഭസ്മം വിതറണം എന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം ആഗ്രഹിച്ചത്, മരണശേഷവും ഇന്ത്യയുടെ പൊടിയിലും മണ്ണിലും ഇഴുകിച്ചേര്‍ന്ന് ഈ ദേശത്തിന്റെ ആത്മാവിന്റെ അവിഭാജ്യമായ ഘടകമാകാനായിരുന്നു...

ആ മനുഷ്യന്റെ ഹൃദയഹാരിയായ ഓര്‍മകളെയാണ് വർഗീയത മാത്രം ഭക്ഷിക്കുന്ന പി സി ജോർജിനെപ്പോലുള്ള ഒറ്റബുദ്ധികള്‍ ചേര്‍ന്ന് നുണകളുടെ പെരുമഴയിലൂടെ ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത്...

Tags:    
News Summary - sudha menon against pc george's islamophobic remarks against nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.