ന്യൂഡൽഹി: ആക്ഷേപഹാസ്യ മീം പേജായ 'ദി സവാള വട'യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. ആക്ഷേപഹാസ്യ രംഗത്ത് പ്രശസ്തമായ പേജിനു ഏകദേശം എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.
ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസർക്കാർ നയങ്ങളെയും സമകാലിക സംഭവങ്ങളെയും വിമർശിക്കുന്ന പേജാണിത്. പേജിലെ ഉള്ളടക്കങ്ങൾ പലപ്പോഴും സർക്കാരിനു തലവേദനയാകാറുണ്ട്. പേജിന്റെ നിരോധനം സാമൂഹിക മാധ്യമമായ എക്സ് പേജിലൂടെ 'സവാളവട' വ്യക്തമാക്കി. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ഞങ്ങളെ നിരോധിച്ചുവെന്നാണ്'- എക്സിലെഴുതിയ കുറിപ്പിൽ സവാളവട വ്യക്തമാക്കുന്നത്.
കേരളം ആസ്ഥാനമായാണ് സവാള വടയുടെ അഡ്മിൻ ടീം പ്രവർത്തിക്കുന്നത്. ഇരുപത്തിയഞ്ചോളം വരുന്ന സർവകലാശാല വിദ്യാർത്ഥികളുടെ ടീമാണ് പേജിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സമകാലിക സംഭവങ്ങളെയും ഓൺലൈൻ ചർച്ചകളെയുമൊക്കെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു പേജിലെ ഉള്ളടക്കങ്ങൾ. പത്രത്തിലെ ഒന്നാം പേജ് പോലെ തോന്നിപ്പിക്കുന്നതായിരുന്നു കണ്ടന്റുകൾ.
ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന പ്രകാരം ഇന്ത്യയിൽ അക്കൗണ്ട് തടയുന്നു'-ഇൻസ്റ്റഗ്രാം പേജിലേക്ക് കയറുമ്പോൾ ഇങ്ങനെയാണ് ഇപ്പോൾ കാണുന്നത്. അതേസമയം ആഭ്യന്തര കലാപം, വിമാന ദുരന്തങ്ങൾ, അസമിലെ വെള്ളപ്പൊക്കം, ജാതി അതിക്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളപ്പോഴാണ് ഒരു ആക്ഷേപഹാസ്യ വാർത്താ പേജ് പിൻവലിക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതെന്നും സവാളവട ടീം വ്യക്തമാക്കുന്നു. എന്ത് തമാശയാണ് നിങ്ങളെ പ്രകോപിപ്പിച്ചതെന്നും ടീം ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.