ദത്താത്രേയ ഹൊസബാലെക്കെതിരെ സന്ദീപ് വാര്യർ: ‘മൂപ്പര് പത്രം വായിക്കാറില്ല എന്ന് തോന്നുന്നു; ആർ.എസ്.എസിന് താല്പര്യമുണ്ടാവാം, പക്ഷേ നടക്കില്ല’

പാലക്കാട്: ഭരണഘടനയുടെ ആമുഖത്തിൽനിന്ന് ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയു​ടെ പ്രസ്താവനക്കെതി​രെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മതേതരത്വവും സോഷ്യലിസവും മാറ്റണമെന്ന് ആർഎസ്എസിന് താല്പര്യമുണ്ടെങ്കിലും അത് നടക്കി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് ആവർത്തിച്ച് പല വിധികളിലൂടെ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണെന്നും എല്ലാ ലോക്സഭാ സീറ്റിലും ജയിച്ച് പ്രതിപക്ഷം ഇല്ലാതെ അധികാരത്തിൽ വന്നാൽ പോലും അത് നീക്കം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മൂപ്പര് പത്രം വായിക്കാറില്ല എന്ന് തോന്നുന്നു. 2024 ജൂലൈ 10 ന് സുബ്രഹ്മണ്യം സ്വാമിയുടെ പൊതു താൽപര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയുള്ള 1976 ലെ ഭരണഘടനാ ഭേദഗതി 1949 നവമ്പർ 26 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സുപ്രീം കോടതി ശരിവച്ചു. മതേതരത്വം ഭരണഘടനയുടെ ബേസിക് സ്ട്രക്ചർ ആണെന്ന് ആവർത്തിച്ച് പല വിധികളിലൂടെ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. ആർ.എസ്.എസിന് അതു മാറ്റണമെന്ന് താല്പര്യമുണ്ടാവാം. പക്ഷേ നടക്കില്ല. എല്ലാ ലോക്സഭാ സീറ്റിലും ജയിച്ച് പ്രതിപക്ഷം ഇല്ലാതെ അധികാരത്തിൽ വന്നാൽ പോലും നടക്കില്ല’ -സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി വിവാദ പ്രസ്താവന നടത്തിയത്. “1976ലാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു” -ഹൊസബാലെ പറഞ്ഞു.

ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹൊസബാലെ വിമര്‍ശനം ഉര്‍ത്തിയത്. ഇന്ത്യയില്‍ ആയിരക്കണക്കിന് ആളുകളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്ത സമയമാണ് അടിയന്തരാവസ്ഥക്കാലം. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും ഇക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ടു. വലിയ തോതില്‍ നിര്‍ബന്ധിത വന്ധ്യംകരണങ്ങള്‍ നടന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി സഞ്ചരിക്കുന്നു. നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത കാര്യങ്ങള്‍ക്ക് മാപ്പ് പറയാന്‍ തയാറാകണമെന്നും ഇന്ദിരയുടെ കൊച്ചുമകൻ കൂടിയായ രാഹുൽ ഗാന്ധിയെ ഉന്നമിട്ട് ഹൊസബാലെ ആവശ്യപ്പെട്ടു.


Tags:    
News Summary - sandeep varier against Dattatreya Hosabale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.