തിരുവനന്തപുരം: മദ്യപാനവുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ‘നാല് ദിവസം നാല് നിലപാട്, അതാണ് നിലപാടിന്റെ രാജകുമാരൻ… സത്യത്തിൽ….!!’ -എന്നായിരുന്നു രാഹുലിന്റെ കമൻറ്. അടുത്തടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റർ പങ്കുവെച്ചായിരുന്നു പരിഹാസം.
പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നും കുടിച്ചാൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും ഇന്നലെ പറഞ്ഞ ഗോവിന്ദൻ മാസ്റ്റർ, പാർട്ടി അനുഭാവികളും പാർട്ടി ബന്ധുക്കളും മദ്യപിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടി നേതൃസ്ഥാനത്തുള്ളവർക്കും അണികൾക്കും മാത്രമാണ് മദ്യവിലക്കെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ലെന്നും കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
“പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും’ എന്നായിരുന്നു ഇന്നലെ പറഞ്ഞത്. എന്നാൽ, “മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്’ -എന്നായിരുന്നു എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.