പ്രകാശിന്റെ കുടുംബത്തെ കുറിച്ച് പോസ്റ്റിട്ട് ‘എയറി’ലായി കെ.കെ. ലതിക; ‘കാഫിർ സ്ക്രീൻഷോട്ട് ഡിസ്ട്രിബ്യൂട്ടർ തന്നെ ആണല്ലോ ഈ വ്യാജ പ്രചരണത്തിന്റെയും മെയിൻ വിതരണക്കാരി’

കോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്‍റുമായ വി.വി. പ്രകാശിന്‍റെ കുടുംബത്തെ കുറിച്ച് ഫേസ്ബുക് കുറിപ്പിട്ട കുറ്റ്യാടി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ. ലതിക ‘എയറി’ലായി. ‘വി.വി. പ്രകാശിന്‍റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നിൽ പൊട്ടിക്കരയാൻ കൊട്ടിയൂരിൽ’ എന്നാണ് ലതിക പോസ്റ്റ് ചെയ്തത്. പ്രകാശിന്റെയും ഭാര്യ സ്മിതയുടെയും മകൾ നന്ദനയുടെയും ഫോട്ടോ അടക്കമുള്ള കാർഡാണ് ലതിക പങ്കുവെച്ചത്. എന്നാൽ, വൈകീട്ട് എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയതോടെ ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

പിന്നാലെ, കുടുംബം കറുത്ത വസ്ത്രം ധരിച്ചാണ് വോട്ടുചെയ്യാനെത്തിയതെന്നും ഇത് പ്രതിഷേധ സൂചകമാണെന്നും പറഞ്ഞ് ലതിക വീണ്ടും രംഗത്തെത്തി. കടുത്ത വിമർശനമാണ് ഈ പോസ്റ്റിനും ലഭിക്കുന്നത്. 

‘വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ടുമായി വർഗീയ പ്രചരണം നടത്തിയ സി.പി.എമ്മിന്റെ പ്രമുഖ സ്ത്രീരത്നം ഇത്തവണയും കുത്തിത്തിരിപ്പുമായി വന്നതാണ്. വേറെയും കുറേപ്പേർക്ക് ഇന്ന് രാവിലെ മുതൽ ഇത് മാത്രമായിരുന്നു പറയാൻ ഉണ്ടായിരുന്നത്. പക്ഷേ എന്തു ചെയ്യാം, പതിവ് പോലെ ഇതും ചീറ്റിപ്പോയി. വി.വി. പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും ബൂത്തിലെത്തി വോട്ടും ചെയ്തു, ചാനലുകാർ കുത്തിക്കുത്തി ചോദിച്ചിട്ടും ഒരു വാക്ക് പോലും പാളിപ്പോവാതെ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു’ -എന്നാണ് ഇ​തേക്കുറിച്ച് വി.ടി. ബൽറാം പ്രതികരിച്ചത്.

‘ആ....എന്നിട്ട്....എന്നിട്ട്....എന്നിട്ട്.... ആഹാ കാഫിർ സ്ക്രീൻഷോട്ടിന്റെ ഡിസ്ട്രിബ്യൂട്ടർ തന്നെ ആണല്ലോ ഈ വ്യാജ പ്രചരണത്തിന്റെയും മെയിൻ വിതരണക്കാരി…. ഈ പെരും നുണകൾ പറയാൻ ചില്ലറ നാണമില്ലായ്മ പോര’ -ലതികയുടെ പോസ്റ്റ് പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പരിഹസിച്ചു.

2021ൽ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശ് ഫലം പുറത്തു വരുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കൾ പ്രകാശിന്റെ വീട് സന്ദർശിക്കാത്തതിനെ വിമർശിച്ച് സി.പി.എം ​നേതാക്കളും സൈബർ ടീമും രംഗത്തെത്തിയിരുന്നു. ഇടതുസ്ഥാനാർഥി എം.സ്വരാജ് വീട് സന്ദർ​ശിച്ചത് ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രകാശിന്‍റെ ഭാര്യ സ്മിതയും മകൾ നന്ദനയും എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മരണം വരെ കോൺ​ഗ്രസിനൊപ്പം ഉണ്ടാകുമെന്ന് സ്മിത മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി വീട്ടിൽ എത്താത്തതിൽ പരാതിയില്ല. യു.ഡി.എഫിനൊപ്പം ഞങ്ങൾ നിൽക്കുമെന്നത് അവരുടെ വിശ്വാസമാണെന്നും ആ വിശ്വാസം എന്നും തെളിയിച്ചിരിക്കുമെന്നും സ്മിത വ്യക്തമാക്കി.

വോട്ട് ബഹിഷ്കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദന വ്യക്തമാക്കി. എത്തിച്ചേരാനുള്ള തടസം കൊണ്ടാണ് വൈകിയത്. വിവാദങ്ങളെ കുറിച്ച് ഒന്നു പറയാനില്ല. എന്തിന് അത്തരത്തിൽ പറയുന്നുവെന്ന് വിവാദം ഉണ്ടാക്കിയവരോട് ചോദിക്കണം. ഏറെ വൈകാരിക ദിനമാണ് ഇന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പാണ് അച്ഛൻ മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ ആ ഓർമയാണുള്ളതെന്നും നന്ദന കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് ദിനമായ ഇന്ന് വി.വി പ്രകാശിന്റെ ചിത്രം മകള്‍ നന്ദന ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അച്ഛന്‍ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്നും നന്ദന കുറിച്ചു. ‘അച്ഛന്‍ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്… Miss you Acha’ -എന്നാണ് നന്ദന കുറിച്ചത്. ഇത് വാർത്തകൾക്ക് വഴിവെക്കുകയും കുടുംബം വോട്ട് ബഹിഷ്കരിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടാവുകയും ചെയ്തു.

Full View

Full View


Full View

Tags:    
News Summary - nilambur by election 2025: kk lathika mla facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.