ബിനീഷ് കോടിയേരിക്കെതിരെ ഫാത്തിമ തഹ്‍ലിയ: ‘വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ..!’

കോഴിക്കോട്: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ബിനീഷ് കോടിയേരിക്കെതിരെ യൂത്ത്‍ ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയ. മരണത്തി​ന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ വർഗീയ ചാപ്പകുത്തിയാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് കുറിപ്പ്. വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ എന്നാണ് ഇ​തിനോട് ഫാത്തിമ തഹ്‍ലിയ പ്രതികരിച്ചത്.

‘ഐക്യ ജമാഅത്ത് പരിവാർ മുന്നണി എത്ര ഒറ്റപ്പെടുത്തി അക്രമിക്കാൻ ശ്രമിച്ചാലും മലയാളികളുടെ മനസ്സിൽ കേരളത്തിലെ മികച്ച ആരോഗ്യവകുപ്പ് മന്ത്രിമാരിൽ ഒരാളായി സഖാവ് വീണാ ജോർജിന് ഒരു സ്ഥാനം ഉണ്ടാകും. അത് ഒരിക്കലും മാറില്ല. വീണ ജോർജ് ആരോഗ്യ മന്ത്രിയായി ഇവിടെത്തന്നെ ഉണ്ടാകും.. സഖാവായി തന്നെ’ -എന്നായിരുന്നു ബിനീഷിന്റെ കുറിപ്പ്.

എന്നാൽ, എന്തുവന്നാലും വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാം വർമ്മ സാറേ എന്ന് ഫാത്തിമ തഹ്‍ലിയ പരിഹസിച്ചു. ‘മന്ത്രിക്ക് എതിരെ വന്ന ആരോപണം വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാം വർമ്മ സാറേ... പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്. വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ..!’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഏകദേശം 68 വർഷം പഴക്കമുള്ള കോട്ടയം മെഡിക്കൽ കോളജിലെ ആദ്യകാല കെട്ടിടമാണ് ഇന്നലെ പൊളിഞ്ഞുവീണത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2013ൽതന്നെ പൊതുമരാമത്ത് വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിനുശേഷം 12 വർഷമായി കെട്ടിടത്തിൽ സർജിക്കൽ വാർഡുകൾ പ്രവർത്തിച്ചുവരുകയായിരുന്നു.

കെട്ടിടം അടച്ചിട്ടിരുന്നെങ്കിൽതന്നെ ശൗചാലയം ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തം. മൂന്ന് നിലയുള്ള സർജിക്കൽ ബ്ലോക്കിലെ ബാത്ത്റൂം ബ്ലോക്കാണ് ഇടിഞ്ഞുവീണത്. അഞ്ച് ശൗചാലയം വീതമുള്ള മൂന്നുനിലകളാണ് ഇവിടെയുള്ളത്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾക്കിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം ശക്തമായ മഴയും ഇവിടെ ഉണ്ടായിരുന്നു.

ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാണിച്ച് 2013ൽ പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സമ്മതിച്ചു. എന്നാൽ, അന്ന് സർക്കാർ പുതിയ കെട്ടിടത്തിനായി ഫണ്ട് മാറ്റിവെച്ചില്ല. 2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. 2021-’22ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സർജിക്കൽ ബ്ലോക്കിന്‍റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. 524 കോടി രൂപ ചെലവിലാണ് സൂപ്പർ സ്പെഷാലിറ്റി, സർജിക്കൽ ബ്ലോക്കുകൾ നിർമിക്കുന്നത്. ഈ ബ്ലോക്കിലേക്ക് രോഗികളെ മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയ് 30ന് ആശുപത്രിയിൽ യോഗം ചേർന്നെന്നും മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും വിശദീകരിക്കുന്നു. 

Tags:    
News Summary - fathima thahliya against bineesh kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.