കൊച്ചി: ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളി ചെന്നെയിലേക്ക് കൊണ്ടുപോയതിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പാളികളിൽ ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിയതായും അതിനാൽ ഉടൻ തിരികെ എത്തിക്കാനാവില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു. അനുമതിയില്ലാതെ കടത്തി കൊണ്ടുപോയി ഉരുക്കിയതിൽ എത്ര തിരിച്ചു വരുമെന്ന് ആർക്കറിയാമെന്ന് ജിന്റോ ജോൺ പറഞ്ഞു.
‘അതും ഉരുക്കി. 40 വർഷത്തെ വാറന്റിയിൽ വച്ച സ്വർണ്ണപ്പാളി 6 കൊല്ലം കൊണ്ട് കേടായത്രേ! അനുമതിയില്ലാതെ കടത്തി കൊണ്ടുപോയി ഉരുക്കിയത്രേ!! ഉരുക്കിയതിൽ എത്ര തിരിച്ചു വരുമെന്ന് ആർക്കറിയാം. കാരണഭൂതന്റെ കൊള്ളസംഘം ഇനി ആ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബി നിലവറയുടെ സമീപത്ത് വരാതെ വിശ്വാസികൾ തന്നെ കാവൽ നിൽക്കണം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പാളികൾ ഉടൻ തിരികെ കൊണ്ടുവരാനാകില്ലെന്ന കാര്യം ഹൈകോടതിയെ ധരിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് പ്രതികരണവുമായി രംഗത്തെത്തിയത്.
കേവലം സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളത്. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നത്. നാണയത്തുട്ടുകള്‍ കൊണ്ട് സ്വര്‍ണപ്പാളികള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. രണ്ട് തന്ത്രിമാരും രേഖാമൂലം അത് മാറ്റണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ബോര്‍ഡ് തീരുമാനമെടുത്തത്. തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെയും എക്‌സിക്യുട്ടിവ് ഓഫിസര്‍, വിജിലന്‍സ് വിങ് എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു എല്ലാ നടപടികളും. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്വർണപ്പാളി കൊണ്ടുപോയതെന്നും പ്രശാന്ത് വ്യക്തമാക്കി.
ഈ അറ്റകുറ്റപ്പണി രാസപ്രക്രിയയാണ്. അതിനാല്‍, അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അത് ഇപ്പോള്‍ തിരിച്ചുകൊണ്ടുവരല്‍ അസാധ്യമായ കാര്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ, കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളി ഇളക്കിയെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമെ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളൂവെന്ന ഹൈകോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷണര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മുൻകൂർ അനുമതിയില്ലാതെ സ്വർണപ്പാളി ഇളക്കി മാറ്റിയത് അനുചിതമാണെന്നും കോടതിയുടെ അനുമതി തേടാൻ ദേവസ്വം ബോർഡിന് മതിയായ സമയമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.