തിരുവനന്തപുരം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധം പടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി മുൻ സംസ്ഥാന സമിതി അംഗം സംവിധായകൻ രാമസിംഹൻ. വയനാട്ടിലെ പണിയ വിഭാഗം 90 ശതമാനവും പെന്തകോസ്ത് ആയതായാണ് രാമസിംഹന്റെ കുറിപ്പ്. മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി. സെൻകുമാറിന്റെ ക്രൈസ്തവ വിരുദ്ധ ഫേസ്ബുക് പോസ്റ്റിന് കീഴിലാണ് ഇയാളുടെ പ്രതികരണം.
എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണെന്നും ഒരു മുസ്‍ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നിട്ടില്ലെന്നുമായിരുന്നു സെൻകുമാറിന്റെ കുറിപ്പ്. ‘സേവനങ്ങൾക്കും സഹായങ്ങൾക്കും മുസ്‍ലിം ഭൂരിപക്ഷ മേഖലകളെയല്ലേ തിരഞ്ഞെടുക്കേണ്ടത് ?? അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല.?’ എന്നും സെൻകുമാർ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ‘സേവിച്ചു സ്വന്തമാക്കാൻ അല്ലാതെന്ത്, കയ്യിലുള്ളത് പോകാതിരിക്കാൻ ഫത്‌വ മതിയല്ലോ, വയനാട്ടിലെ പണിയ വിഭാഗം 90 ശതമാനം പെന്തകോസ്ത് ആയി’ എന്ന് രാമസിംഹൻ അഭിപ്രായപ്പെട്ടത്.
‘മതം മാറ്റുന്നവരുടെ വോട്ടിനാണ് വില. മാറി തീരുന്ന സംസ്കൃതിക്കെന്തു വില. രാഷ്ട്രീയം തകർക്കുന്ന രാഷ്ട്രം ഭാരതം’, ‘മതം മാറ്റാൻ ഭരണ ഘടന അത് തടയാൻ ചെന്നാൽ മാപ്ര ഘടന.ന്യൂന പക്ഷ ഘടന തീവ്രഘടനാ. ഹിന്ദു ശോക ഘടനാ’ -തുടങ്ങിയ കുറിപ്പികളും രാമസിംഹൻ ഫേസ്ബുകിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിച്ചില്ല. ചുമത്തപ്പെട്ട വകുപ്പുകൾ ഗുരുതരമാണെന്നും ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയ കോടതി, കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി. ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.