‘സച്ചിദാനന്ദൻ ക്ഷമയുടെ പരമാവധി പിന്നിട്ടുകാണും, ഇപ്പോഴിതാ നിന്ന നിൽപ്പിൽ പൊട്ടിത്തെറിക്കുന്നു..’ -ആശാ സമരത്തെ പിന്തുണച്ച സന്ദേശം പങ്കുവെച്ച് ഡോ. ആസാദ്

കോഴിക്കോട്: ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചും സർക്കാറിനും സി.പി.എം നേതാവ് എളമരം കരീം അടക്കമുള്ളവർക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്‍ നടത്തിയ പ്രതികരണം പങ്കുവെച്ച് ഇടതുചിന്തകൻ ഡോ. ആസാദ്. സാധാരണ ഇങ്ങനെയൊന്നും പറയാത്ത സച്ചിദാനന്ദൻ ക്ഷമയുടെ പരമാവധി പിന്നിട്ടുകാണുമെന്നും സമരം ചെയ്യുന്ന ആശമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി അദ്ദേഹം നിന്ന നിൽപ്പിൽ പൊട്ടിത്തെറിക്കുകയാണെന്നും ആസാദ് പറഞ്ഞു.

ആസാദിന്റെ കുറിപ്പും സച്ചിദാനന്ദന്റെ ശബ്ദ സന്ദേശവും വായിക്കാം:

‘വാട്സപ് ഗ്രൂപ്പുകളിൽ കവി സച്ചിദാനന്ദൻ മാഷ് തകർത്തു പെയ്യുകയാണ്. ഇങ്ങനെയൊരു കാലസന്ധിയിൽ അപൂർവമാണ് ഇടിയും മിന്നലുമായി ഒരു കൊടും മഴ. ഇരമ്പിയാർക്കുന്നുണ്ട് വാങ്മഴച്ചാലുകൾ. തട കെട്ടിയില്ലെങ്കിൽ പ്രളയമാവാം. പ്രളയജലം സകലതും ഒഴുക്കിക്കൊണ്ടുപോകും. ഒരുക്കൂട്ടിവെച്ചതെല്ലാം.

ഭയമുള്ളവർ പുറപ്പെടുവിൻ. പിടിച്ചു കെട്ടുവിൻ സച്ചിമാഷെ. മാഷ് മാഷായി പെയ്യുകയാണ്. സച്ചിദാനന്ദൻ എഴുപതുകളിലെ പഴയ സച്ചിദാനന്ദനെ വീണ്ടെടുക്കുകയാണ്. നീതിയുടെ ശബ്ദം മേഘഗർജ്ജനമായി മുഴങ്ങുന്നു. യുക്തിവിചാരത്തിന്റെയും സത്യബോധത്തിന്റെയും വർഗ വർണ ലിംഗ ചേരിയുടെയും സൂര്യൻ ജ്വലിക്കുന്നു.

പറഞ്ഞത് ആശാവർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ടാണ്. അതു വഴുവഴുപ്പൻ ഭാഷയിലല്ല. സന്ദേഹത്തിന് ഇരിക്കാൻ ഒരു കണികപോലും വെക്കാത്ത ധീരമായ ഇടപെടൽ. സ്വതന്ത്രവും നീതിയുക്തവുമായ നിലപാടെടുക്കാൻ ഒരു വ്യക്തിക്കു കഴിയണം എന്ന ദൃഢബോദ്ധ്യത്തിന്റെ പ്രഖ്യാപനം. ഇന്നലെയോളം കണ്ട സൗമ്യസൂര്യനല്ല ഇത്. നീതിയുടെ അഗ്നിനാളമാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള ഓഡിയോ സന്ദേശം ഇങ്ങനെ പറയുന്നു:

‘‘ ആശാവർക്കേഴ്സ് തുടങ്ങിയത് ഒരു തരം അസിസ്റ്റൻസ് പോലെയൊക്കെയാണ്. പിന്നീട് അവർക്ക് ഒരുപാട് ചുമതലകൾ -ജോലികൾ - കൂട്ടിയിട്ടുണ്ട്. അതിനനുസരിച്ച് ഉള്ള വേതനം അവർക്ക് വെറും നീതിയാണ്. അത് ആരു ചോദിച്ചാലും. എസ് യു സി ഐയാവട്ടെ, കോൺഗ്രസ്സാവട്ടെ, മറ്റ് പാർട്ടികളോ യൂണിയനുകളോ ആവട്ടെ, ആരു ചോദിച്ചാലും അതിലൊരു വെറും നീതിയുണ്ട്. ആദ്യം തുടങ്ങിയപോലെയല്ല ആശാവർക്കർമാരുടെ ഇന്നത്തെ ഡ്യൂട്ടി. ഒരുപാട് ജോലിയുണ്ട്. അതുകൊണ്ടു മാത്രം കഴിയുന്ന ആളുകളുണ്ട്. അവർക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നുള്ളത് അവരുടെ കൂടെ നിൽക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടിയുടെ അല്ലെങ്കിൽ ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ചുമതലയാണ്.

നമ്മളെല്ലാം വർഗത്തിൽകൂടി കാണാൻ ശീലിച്ചവരോ ശീലിക്കപ്പെട്ടവരോ ആണ്. അത് ശരിയല്ലെങ്കിൽപോലും. കാരണം, വർഗം മാത്രമല്ല, വർണം, ജാതി, ലിംഗം ഇതൊക്കെത്തന്നെയും നമ്മുടെ സമൂഹത്തിലെ ഹൈറാർക്കികൾ, ശ്രേണീക്രമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം ഒരേപോലെ പ്രധാനമാണെന്നു കരുതുന്ന ഒരാളാണ് ഞാൻ. അപ്പോൾ ഏതായാലും വർഗം പ്രധാനമായി കരുതുന്നുവെങ്കിൽ ഈ ആശാവർക്കർമാരെ ഏതു വർഗത്തിലാണ് പെടുത്തേണ്ടത്?

അവർ ഇന്നത്തെ ശംബളം വെച്ചു നോക്കുകയാണെങ്കിൽ കേരളത്തിന്റെ സാമൂഹികാവസ്ഥ വെച്ചു സാമ്പത്തികാവസ്ഥ വെച്ച് വളരെ താഴ്ന്ന തലത്തിലുള്ള മനുഷ്യരാണ്. മനുഷ്യർ എന്നുതന്നെ ഞാൻ പറയട്ടെ. അതുകൊണ്ട് അവരെ സഹായിക്കുക, അവരുടെ നിവേദനം കേൾക്കുക, ചുരുങ്ങിയത് അവരെ തെറി പറയാതിരിക്കുക. ഏറ്റവും മോശമായ ഭാഷയിൽ- എളമരം കരീമിന്റെയൊക്കെ ഭാഷ ഒരു മനുഷ്യനു സഹിക്കാൻ പറ്റില്ല. സ്ത്രീകളായതുകൊണ്ടു മാത്രം അവരെ ചീത്ത പറയുക. ഇത്തരം വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന വൃത്തികെട്ട മനുഷ്യർ ഉള്ളിടത്തോളം കാലം നമുക്ക് കമ്യൂണിസവും ഉണ്ടാവില്ല, വർഗസമരവും ഉണ്ടാവില്ല. വർഗ സഹാനുഭൂതിയും ഉണ്ടാവില്ല. അപ്പോൾ അതുകൊണ്ട് ചുരുങ്ങിയത് മര്യാദക്ക് സംസാരിക്കാൻ പഠിക്കുക, ഒരു ഒത്തുതീർപ്പിന് ശ്രമിക്കുക. ഈ കാര്യങ്ങൾ വളരെ ആവശ്യമാണ്.

പാർട്ടി എന്നു പറഞ്ഞ് പാർട്ടിയുടെ അടിമയാവേണ്ട കാര്യമില്ല. പാർട്ടിക്കും മീതെയാണ് വ്യക്തികൾ. അവർക്കു സ്വന്തമായ ചിന്താശക്തിയുണ്ട്. അവർ ഇത്തരം സമയങ്ങളിലെങ്കിലും പാർട്ടിക്ക് അതീതരായി വർഗത്തിന്റെ അടിസ്ഥാനത്തിലോ ലിംഗത്തിന്റെ അടിസ്ഥാനത്തിലോ - എപ്പോഴാണോ അങ്ങനെ ചിന്തിക്കേണ്ടത്, അപ്പോൾ അങ്ങനെ ചിന്തിക്കാൻകൂടി ശീലിക്കേണ്ടതുണ്ട്.

അതുകൊണ്ട് ആശാവർക്കർമാരുടെ സമരത്തോടു നൂറു ശതമാനം അനുഭാവമാണ് എനിക്ക് ഉണ്ടായിരുന്നത്, ഇപ്പോൾ ഉള്ളത്. അതിൽ യാതൊരു മാറ്റവുമില്ല. എനിക്ക് ഇതു പറഞ്ഞുകൊണ്ട് സാഹിത്യ അക്കാദമി പ്രസിഡണ്ടായി തുടരുന്നില്ലെങ്കിൽ എനിക്കു വലിയ സന്തോഷമേയുള്ളു. കാരണം എനിക്ക് ഒട്ടും താൽപ്പര്യമില്ലായിരുന്നു. എന്നെക്കൊണ്ട് നിർബന്ധിച്ച് ഏറ്റെടുപ്പിച്ച ഒരു കാര്യമാണ്. അതുകൊണ്ട് അതിൽ പ്രത്യേക താൽപ്പര്യമൊന്നുമില്ല.

ഏതു നിമിഷവും പോവാൻ തയ്യാറായിത്തന്നെയാണ് ആദ്യദിവസംതൊട്ടു ഞാൻ വന്നത്. ആദ്യ ദിവസം ഞാൻ ചെയ്ത കാര്യം എല്ലാവർക്കുമറിയാം. അത് ഗവണ്മെന്റിന് അനുകൂലമല്ലാത്ത ഒരു കാര്യമായിരുന്നു. അപ്പോൾ അതുകൊണ്ട് അങ്ങനെയൊരു ഭയമില്ല. അങ്ങനെയൊരു ഭയം അറിഞ്ഞിട്ടില്ലാത്ത ആളാണ് ഞാൻ. ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ കേസുണ്ടായിട്ടുണ്ട്. അത് കമ്യൂണിസ്റ്റ് ഭരണകാലത്തു തന്നെയാണ്. അത്തരത്തിലുള്ള ഭയങ്ങളൊന്നും എന്നെ ഒട്ടും ബാധിക്കുന്നില്ല. .....''

ക്ഷമയുടെ പരമാവധി പിന്നിട്ടുകാണും സച്ചിദാനന്ദൻ. സാധാരണ ഇങ്ങനെയൊന്നും പറയാത്ത ആളാണ്. ഇപ്പോഴിതാ നിന്ന നിൽപ്പിൽ പൊട്ടിത്തെറിക്കുന്നു! ഇനിയിത് സച്ചിദാനന്ദന്റെ ശബ്ദമാവില്ലേ? ആ ശബ്ദം മലയാളിക്കു പരിചിതമാണ്. എങ്കിലും സംശയിക്കേണ്ട കാലമാണ്. സച്ചിദാനന്ദൻതന്നെ നാളെ അതു ഞാനല്ല എന്നു പറയുംവരെ എനിക്ക് അതു മറ്റാരെങ്കിലുമായി തോന്നുക വയ്യ. ശബ്ദത്തിനപ്പുറം സച്ചിദാനന്ദനിൽ കേൾക്കുന്ന ചില തീർച്ചകളുടെ മുഴക്കങ്ങളുണ്ട് അതിൽ. അതിനാൽ സച്ചിദാനന്ദന്റെ ധീര ശബ്ദത്തിന് അഭിവാദ്യം.

ആസാദ്

05 മാർച്ച് 2025''


Full View

Tags:    
News Summary - Azad Malayattil about k satchidanandan asha workers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.