'തൊഴിലന്വേഷകരുടെ ശ്രദ്ധക്ക്​'; തട്ടിപ്പിന്​ ഇരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കോഴിക്കോട്: ഒരു വശത്ത്​ ഓൺലൈൻ അനന്ത സാധ്യതകൾ തുറന്നിടു​േമ്പാൾ മറ്റൊരു വശത്ത്​ തട്ടിപ്പുകളാണ്​ കൂടുതൽ. ഇതിൽ കൂടുതൽ ബാങ്ക്​ തട്ടിപ്പും തൊഴിൽ തട്ടിപ്പ​ും ചൂഷണവുമാണ്​. ഓൺലൈൻ തട്ടിപ്പുകളിൽ അഭ്യസ്​ഥ വിദ്യർക്ക്​ പോലും തെറ്റുപറ്റുന്നുവെന്നാണ്​ എൻ.ഡി.ടി.വിയുടെ മുൻ എക്​സിക്യൂട്ടീവ്​ എഡിറ്ററായ നിധി റസ്​ദാന്‍റെ അനുഭവം വ്യക്തമാക്കുന്നത്​.

അതിവിദഗ്​ധമായി കബളിപ്പിക്കുകയും സ്വകാര്യ വിവരങ്ങളും ബാങ്ക്​ അക്കൗണ്ടിലെ പണം ചോർത്തുകയും ചെയ്യും വിരുതൻമാർ. ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിന്​ ഇരയാകുന്നവർക്ക്​ മുന്നറിയിപ്പുനൽകുന്ന മാധ്യമപ്രവർത്തകൻ നസീൽ വോയ്​സിയുടെ പോസ്റ്റ്​ ശ്രദ്ധേയമാകുന്നു.

നിധി റസ്​ദാന്‍റെ ദുരനുഭവം വിവരിച്ച്​ തുടങ്ങുന്ന പോസ്റ്റിൽ ഓൺ​ൈലനായി തൊഴിൽ അ​േന്വഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്​ സൂചിപ്പിക്കുന്നത്​.

തൊഴിൽ ഓഫർ വരികയാണെങ്കിൽ കമ്പനിയുടെ വെബ്സൈറ്റ്, ഓഫർ വന്ന ഈമെയിൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക. ഒട്ടുമിക്ക തട്ടിപ്പുകാർക്കും ജിമെയിൽ വിലാസമോ മറ്റോ ആവും. സാധാരണഗതിയിൽ ഔദ്യോഗിക കമ്പനിമേൽവിലാസത്തിൽ നിന്ന് മാത്രമേ യഥാർത്ഥ തൊഴിലവസരം വരാറുള്ളൂ.

ഏത് കമ്പനിയിലാണോ തൊഴിലവസരമുണ്ടെന്ന് പറഞ്ഞത്, ആ വൈബ്സൈറ്റ് നന്നായി പരിശോധിക്കുക. അവിടെ അവസരം പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഒരുവിധം എല്ലാ കമ്പനികളും അത് ചെയ്യാറുണ്ട്. അവരുടെ ലിങ്ക്ഡ് ഇൻ പേജുകൾ ശ്രദ്ധിക്കണമെന്നും പോസ്​റ്റിൽ പറയുന്നു.

ലെറ്ററും സീലും ലോഗോയും ഒപ്പുകളും കണ്ട് മാത്രം ഓഫറുകൾ വിശ്വസിക്കരുത്. അതൊക്കെ വ്യാജമാവാം. കമ്പനി ഫോൺ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ, അതത് രാജ്യത്തുള്ള പരിചയക്കാർ മുഖേനെ അതിലൊന്ന് വിളിച്ച് നോക്കാം. ഒരു കാരണവശാലും മുൻകൂറായി പണമോ രേഖകളോ കൈമാറരുതെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്​ബുക്ക്​ കുറിപ്പ്​ വായിക്കാം....

തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്

കഴിഞ്ഞ 21 വർഷമായി മാധ്യമപ്രവർത്തകയാണ് നിധി റസ്ദാൻ. ദേശീയ മാധ്യമങ്ങളിലെ പരിചിത മുഖം. എൻഡിടിവിയുടെ എക്സിക്യുട്ടിവ് എഡിറ്ററായിരുന്ന നിധി, ജൂൺ 2020ൽ ആ സ്ഥാനത്തു നിന്ന് രാജിവച്ചു. ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ജേർണലിസം ഡിപാർട്മെന്‍റിൽ 'അസോസിയേറ്റ് പ്രൊഫസറാ' വാനായിരുന്നു രണ്ടു പതിറ്റാണ്ട് നീണ്ട മാധ്യമപ്രവർത്തനം അവസാനിപ്പിച്ചത്.

മാസങ്ങൾക്ക് ശേഷം, ഈ കഴിഞ്ഞ ദിവസം അവർ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി - അവർ തൊഴിൽ തട്ടിപ്പിന് ഇരയായതാണത്രേ! അങ്ങനെയൊരു ജോലി ഹാർവാഡിൽ ഇല്ലായിരുന്നത്രേ!

സാങ്കേതികമായി മികവുള്ള, സംശയിക്കാൻ യാതൊരു കാരണവും തരാത്ത വിധം ആസൂത്രണം ചെയ്ത തട്ടിപ്പായിരുന്നു എന്നവർ പറയുന്നു.

ഹാർവാഡിലെ ഒരു സെമിനാറിനോട് അനുബന്ധമായി, 2020 ജനുവരിയിലാണ് നിധി റസ്ദാന് ജോലി 'ഓഫർ' വരുന്നത്. ആ പരിപാടിയുടെ സംഘാടകരിൽ ഒരാൾ സിവി ചോദിച്ചു. അയച്ചു കൊടുത്തു. തുടർന്ന് 90 മിനിറ്റ് നീണ്ട ഇന്റർവ്യൂ - ശേഷം ഔദ്യോഗിക ലോഗോയും സീലും ഒപ്പുകളുമുള്ള ഓഫർ ലെറ്റർ ലഭിച്ചത്രേ. മാർച്ചിൽ തുടങ്ങേണ്ട ക്ലാസുകൾ കോവിഡ് കാരണം സെപ്റ്റംബറിലേക്ക് നീട്ടിവച്ചു. പിന്നീട് അത് ഒക്ടോബറിലേക്കും ജനുവരിയിലേക്കും നീട്ടി - അതിനിടയിൽ യുഎസ് വർക്ക് വിസക്ക് വേണ്ടി വ്യക്തിവിവരങ്ങളടക്കം കൈമാറുകയും ചെയ്തു. ജൂണിൽ അവർ എൻഡിടിവി വിട്ടു!

സെപ്റ്റംബർ മുതൽ ഹാർവാഡ് ശമ്പളം കിട്ടുമെന്ന് പറഞ്ഞെങ്കിലും അത് കിട്ടിയതുമില്ല! ഒരു വർഷം കഴിഞ്ഞിട്ടും നീണ്ടുപോകുന്ന ഈമെയിലുകളിൽ സംശയം തോന്നി അവർ കൂടുതൽ അന്വേഷിച്ചപ്പോഴാണ്, നേരിട്ട് യൂണിവേഴ്സിറ്റി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിന് ഇരയാവുകയായിരുന്നു എന്നവർ തിരിച്ചറിഞ്ഞത്! ഹാർവാഡിൽ അങ്ങനെയൊരു പോസ്റ്റ് തന്നെ ഉണ്ടായിരുന്നില്ല! സകലതും വ്യാജം!

ഈ കഥ പറഞ്ഞത് തൊഴിൽ അന്വേഷകരുടെ, പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവർക്ക് വേണ്ടിയിട്ടാണ്. പത്തിരുപത് കൊല്ലം ജേർണലിസ്റ്റായ, ഇത്തരം വാർത്തകൾ നിരന്തരം കൈകാര്യം ചെയ്ത ഒരാളെ വരെ മനോഹരമായി കബളിപ്പിക്കാൻ പാകത്തിലാണ് തൊഴിൽ തട്ടിപ്പുകൾ!

കുറേ സുഹൃത്തുക്കൾ പല കമ്പനികളിൽ നിന്നും കിട്ടിയ 'ഓഫറുകൾ' അന്വേഷിക്കാനായി ഷെയർ ചെയ്യാറുണ്ട്. ഉയർന്ന ശമ്പളം, സൗകര്യങ്ങൾ, ആനുകൂല്യങ്ങൾ; ആരെയും കൊതിപ്പിക്കും വിധമാണ് ഓഫർ ലെറ്ററുകൾ. സീലും ലോഗോയും വെബ്സൈറ്റും എല്ലാം പെർഫക്ടായിരിക്കും. പക്ഷേ 90 ശതമാനവും അതെല്ലാം ഇല്ലാത്ത കമ്പനികളും തട്ടിപ്പുമാണ് ഉണ്ടാവാറ്; അര മണിക്കൂറൊന്ന് നന്നായി അന്വേഷിച്ചാൽ മതി.

മറ്റൊരു കഥ. ഈയടുത്ത് സുഹൃത്തിന്റെ ഏട്ടന് കിട്ടിയത് അബൂദാബിയിലെ മുൻനിര സ്കൂളിൽ അറബിക് അധ്യാപകന്റെ ഓഫറാണ് - മികച്ച ശമ്പളവും ആനുകൂല്യങ്ങളും. വെബ്സൈറ്റിലെ വിവരങ്ങളും കൃത്യം. ഒറ്റനോട്ടത്തിൽ ക്ലീൻ ഓഫർ. പക്ഷേ നോക്കിയപ്പോൾ ആ സ്കൂളിന്റെ പേരിൽ വശപ്പിശക്; രണ്ട് വ്യത്യസ്ത സ്കൂളുകളുടെ പേര് ചേർത്ത്, രണ്ട് വെബ്സൈറ്റിൽ നിന്നും വിവരങ്ങളെടുത്ത് പുതിയൊരു പേരും വെബ്സൈറ്റും ഉണ്ടാക്കിയതാണ്. സൈറ്റിന്റെ തീം വരെ പെർഫക്ട്! പക്ഷേ സംഭവം തട്ടിപ്പ്.

തൊഴിൽ തേടുന്നവരിൽ നിന്ന്, പ്രത്യേകിച്ച് വിദേശജോലി അന്വേഷിക്കുന്നവരിൽ നിന്ന് പണം തട്ടാൻ ഇങ്ങനെ കുറേ പ്രൊഫഷനൽ സംഘങ്ങളുണ്ട്. ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ആർക്കും അടിസ്ഥാനപരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്:

കമ്പനിയുടെ വെബ്സൈറ്റ്, ഓഫർ വന്ന ഈമെയിൽ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക. ഒട്ടുമിക്ക തട്ടിപ്പുകാർക്കും 'ജീമെയിൽ വിലാസമോ മറ്റോ ആവും. സാധാരണഗതിയിൽ ഔദ്യോഗിക കമ്പനിമേൽവിലാസത്തിൽ നിന്ന് മാത്രമേ യഥാർത്ഥ തൊഴിലവസരം വരാറുള്ളൂ.

ഏത് കമ്പനിയിലാണോ തൊഴിലവസരമുണ്ടെന്ന് പറഞ്ഞത്, ആ വൈബ്സൈറ്റ് നന്നായി പരിശോധിക്കുക. അവിടെ അവസരം പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക. ഒരുവിധം എല്ലാ കമ്പനികളും അത് ചെയ്യാറുണ്ട്. അവരുടെ ലിങ്ക്ഡ് ഇൻ പേജുകളും നോക്കാം.

തൊഴിലവസരമുണ്ടെന്ന് പറഞ്ഞ് ബന്ധപ്പെട്ട ആളെയും അന്വേഷിക്കാം. ആ കമ്പനിയിൽ അങ്ങനെ ഒരാളുണ്ടോ എന്ന് ഗൂഗിളിലും മറ്റും അന്വേഷിക്കുക വഴി എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ ഇവിടെയും സഹായകരമാവും.

ലെറ്ററും സീലും ലോഗോയും ഒപ്പുകളും കണ്ട് മാത്രം ഓഫറുകൾ വിശ്വസിക്കരുത്. അതൊക്കെ വ്യാജമാവാം.

കമ്പനി ഫോൺ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ, അതത് രാജ്യത്തുള്ള പരിചയക്കാർ മുഖേനെ അതിലൊന്ന് വിളിച്ച് നോക്കാം. പറ്റിയാൽ വിലാസം അന്വേഷിക്കാം.

ഒരു കാരണവശാലും മുൻകൂറായി പണമോ രേഖകളോ കൈമാറാതിരിക്കുക. പ്രൊഫഷനലായ ഒരു കമ്പനിയും റിക്രൂട്മെന്റ് ഏജൻസികളും അങ്ങനെ പണം കൈപറ്റില്ല. അവർക്കുള്ള ചാർജ് നിങ്ങളെ റിക്രൂട് ചെയ്യുന്ന കമ്പനിയാണ് നൽകുക, നിങ്ങളല്ല!

അൽപ്പം നീണ്ട കുറിപ്പാണ്. പക്ഷേ തൊഴിൽ അന്വേഷിക്കുന്നവർക്കോ പരിചയക്കാർക്കോ ഒക്കെ ഉപകാരപ്പെട്ടേക്കാം

നസീൽ വോയ്സി

Full View


Tags:    
News Summary - Attention job seekers How to Avoid Job Scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.