റെഡ്ഡിറ്റിൽ യുവാവ് പങ്കുവെച്ച ചിത്രം
ബെംഗളുരു: ഗർഭിണിയായ ഭാര്യയുമായി ഏഴുകിലോമീറ്റർ അകയെുള്ള ആശുപത്രിയിലേക്കെത്താൻ 1.5 മണിക്കൂർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവാവ്. കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കാറിന്റെ മീറ്റർ കൺസോളിന്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു യുവാവിന്റെ കുറിപ്പ്.
ഭാര്യക്ക് പ്രസവവേദനയുണ്ടായാൽ എന്തുചെയ്യുമെന്നടക്കം ആശങ്കയിൽ താൻ തളർന്നുപോയെന്ന് യുവാവ് പറയുന്നു. ‘മീറ്റർ കൺസോളിന്റെ ചിത്രം എല്ലാം വ്യക്തമാക്കും. വരതൂറിന് സമീപം എച്ച്.എ.എൽ റോഡിലൂടെ ഏഴുകിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രിയിലേക്ക് പതിവ് പരിശോധനക്ക് ഗർഭിണിയായ ഭാര്യയുമായെത്താൻ 1.5 മണിക്കൂറാണെടുത്തത്,’-റെഡ്ഡിററിൽ പങ്കുവെച്ച കുറിപ്പിൽ യുവാവ് പറഞ്ഞു.
എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാലോ എന്ന ഭയത്തിലായിരുന്നു താനെന്ന് യുവാവ് പറയുന്നു. നിസഹായതയിൽ നിന്നുണ്ടായ വീർപ്പുമുട്ടൽ പറഞ്ഞറിയിക്കാനാവതല്ല. ഇരുമ്പ് പെട്ടിക്കുള്ളിൽ ഘടികാരം ചലിക്കുന്നത് നോക്കിയിരിക്കുന്ന വികാരമായിരുന്നു. ഈ ദുരിതത്തിനാണോ നമ്മൾ കനത്ത റോഡ് ടാക്സ് അടക്കുന്നത്. ഈ നഗരം മൊത്തത്തിൽ തകർന്ന പ്രതീതിയായിരുന്നു. യുവാവ് കുറിപ്പിൽ പറഞ്ഞു.
ഭാര്യയുടെ പ്രസവമടക്കം പരിഗണിച്ച് മറ്റേതെങ്കിലും നഗരത്തിലേക്ക് താമസം മാറാൻ പോസ്റ്റിന് താഴെ നിരവധി പേരാണ് യുവാവിനോട് നിർദേശവുമായെത്തിയത്.
ബാംഗ്ലൂർ റോഡ് നിർമാണം മണ്ടൻ ആശയങ്ങളിലൂന്നിയതാണെന്ന് മറ്റൊരുയുവാവ് കുറിച്ചു. രാജ്യത്ത് മറ്റേത് നഗരങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ബുദ്ധിയുപയോഗിച്ച് നിർമിച്ചതാണ് നഗരത്തിലെ റോഡുകൾ. എന്തുകൊണ്ടാണ് ആളുകൾ ഇത് സഹിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് കുറിപ്പിൽ പറഞ്ഞു. ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും 15-20 മിനിറ്റ് യാത്രക്ക് പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടിവരികയാണെന്നും മറ്റൊരു ഉപയോക്താവും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.