അഞ്ഞൂറാമത് ബ്ലാക്ക് ഹോൾ ഉദ്ഭവത്തിന് സാക്ഷ്യംവഹിച്ച് ഇന്ത്യയുടെ ആസ്ട്രോസാറ്റ്

സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയായ മിൽക്കിവേയുടെ മധ്യത്തിൽ നിലകൊള്ളുന്ന ബ്ലാക്ക് ഹോളിന്‍റെ (തമോദ്വാരം) ചിത്രം കഴിഞ്ഞയാഴ്ച ഇവന്‍റ് ഹൊറിസോൺ ടെലസ്കോപ്പ് പകർത്തിയ സംഭവം ബഹിരാകാശ ഗവേഷണത്തിൽ നിർണായക കുതിച്ചുചാട്ടമായിരുന്നു. 'സജിറ്റേറിയസ് എ സ്റ്റാർ' എന്ന് പേരിട്ട ബ്ലാക്ക് ഹോൾ, ഭൂമിയിൽ നിന്ന് 25,640 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഈ നേട്ടത്തിന് തൊട്ടുപിന്നാലെയിതാ, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യമായ ആസ്ട്രോസാറ്റ് അഞ്ഞൂറാമത് ബ്ലാക്ക് ഹോൾ ഉദ്ഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

നക്ഷത്രങ്ങളുടെ ജീവിതഘട്ടത്തിലെ ഏറ്റവും അവസാനത്തെ ഘട്ടമാണ് ബ്ലാക്ക് ഹോൾ എന്ന് ലളിതമായി പറയാം. ഊർജോൽപ്പാദനം നിലയ്ക്കുന്ന കൂറ്റൻ നക്ഷത്രങ്ങളാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി ഏറ്റവുമൊടുവിൽ തമോദ്വാരങ്ങളായി മാറുന്നത്. അതിതീവ്രമായ ഗുരുത്വാകർഷണം അനുഭവപ്പെടുന്നതിനാൽ, ബ്ലാക്ക് ഹോളിൽ അകപ്പെടുന്ന പ്രകാശത്തിന് പോലും പുറത്തേക്ക് കടക്കാനാവില്ല.

ബ്ലാക്ക് ഹോളുമായി ബന്ധപ്പെട്ട പഠനത്തിൽ ആസ്ട്രോസാറ്റിലൂടെ ഇന്ത്യ നിർണായക ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്ന് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഓഫ് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ പ്രഫസർ വരുൺ ഭാലെറോ ചൂണ്ടിക്കാട്ടി.


Full View

2015 സെപ്റ്റംബറിലാണ് ഇന്ത്യ ബഹിരാകാശ പഠനത്തിനായി ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്. ബഹിരാകാശത്ത് 650 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം നിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്നത്. ദൃശ്യപ്രകാശത്തിനു പുറമെ എക്സ് റേയിലും അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിലും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ആസ്ട്രോസാറ്റിന്റെ പ്രത്യേകത.

വ്യത്യസ്ത പ്രപഞ്ച പ്രതിഭാസങ്ങളെ ഒരേസമയം നിരീക്ഷിക്കുക, സൂപ്പർനോവ വിസ്ഫോടനത്തിന്റെ ശേഷിപ്പുകൾ, ഗാലക്സി ക്ലസ്റ്ററുകൾ, നക്ഷത്രാന്തര ധൂളീപഠനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയവയാണ് ആസ്ട്രോസാറ്റിന്‍റെ പ്രധാന പഠനലക്ഷ്യങ്ങൾ. 

Tags:    
News Summary - India's Astrosat witnesses black hole birth for 500th time in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.