ബ്രിജ്ഭൂഷനെതിരായ കേസിലെ പ്രധാന സാക്ഷി ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ് വനിതാ ഗുസ്തി താരങ്ങൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രധാന സാക്ഷി ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഗുസ്തി താരം അനിത ഷിയോറന്‍ ആണ് മത്സരിക്കാൻ രംഗത്തുള്ളത്. 2010 കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവായ അനിത തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകിയത്. ആഗസ്റ്റ് 12നാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഗുസ്തി ഫെഡറേഷനെ നയിക്കുന്ന ആദ്യ വനിതയാകും അനിത ഷിയോറൻ. സ്ഥാനാർഥിപ്പട്ടികയിലെ ഒരേയൊരു വനിതയും 38കാരിയായ അനിതയാണ്. ബ്രിജ്ഭൂഷന്‍റെ പാനലിലെ സ്ഥാനാർഥികളുമായാണ് അനിതയുടെ ഏറ്റുമുട്ടൽ. നിലവിൽ ഹരിയാനയിലെ കർണാൽ പൊലീസ് അക്കാദമിയിൽ ഇൻസ്പെക്ടറാണ് അനിത. 

ഡൽഹി ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ഒളിമ്പ്യൻ ജയ്പ്രകാശ്, യു.പിയിൽ നിന്നുല്ള സഞ്ജയ് സിങ് ബോല എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ പ്രമുഖർ. ഇവർ ഇരുവരും ബ്രിജ്ഭൂഷനുമായി അടുത്ത ബന്ധമുള്ളവരാണ്. തിങ്കളാഴ്ച, ബ്രിജ്ഭൂഷൻ വിഭാഗക്കാർ യോഗം ചേർന്നിരുന്നു. 25 സംസ്ഥാന യൂണിറ്റുകളിൽ 20ന്‍റെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

മൂന്ന് തവണയായി 12 വർഷം പൂർത്തിയാക്കിയതിനാൽ ബ്രിജ് ഭൂഷണ് ഇനി മത്സരിക്കാനാവില്ല. പരമാവധി മൂന്ന് തവണയാണ് ഒരാൾക്ക് സ്ഥാനം അലങ്കരിക്കാനാവുക. വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ​കേസിൽ നിലവിൽ ജാമ്യത്തിലാണ് ബ്രിജ് ഭൂഷൺ. എന്നാൽ, അധ്യക്ഷനായില്ലെങ്കിലും ഫെഡറേഷനെ നിയന്ത്രണത്തിൽ നിർത്താനുള്ള നീക്കമാണ് ബ്രിജ് ഭൂഷൺ നടത്തുന്നത്.

ബ്രിജ്​ഭൂഷനെ പിന്തുണക്കുന്ന 18 പേർ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് ഓരോരുത്തരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറും ജോയന്റ് സെക്രട്ടറി പോസ്റ്റിലേക്ക് രണ്ടും എക്സിക്യൂട്ടീവിലേക്ക് ഏഴും പേരാണ് തിങ്കളാഴ്ച നാമനിർദേശം സമർപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ഗുസ്തി ഫെഡറേഷന്റെ നിയ​ന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് ബ്രിജ് ഭൂഷന്റെ നീക്കം. 

Tags:    
News Summary - Witness against Brij Bhushan enters race to succeed him as WFI chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.