ഡി.സി.സി പുന:സംഘടന: തലമുറ മാറ്റം ഗുണം ചെയ്യുമെന്ന് ചെന്നിത്തല

ദുബൈ: ഡി.സി.സി പ്രസിഡന്‍റുമാരില്‍ പുതുതലമുറക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം ലഭിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റമാണ് ഇതിലൂടെ വന്നിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് അദ്ദേഹം  ദുബൈയില്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സാധാരണ രീതിയല്ല ഇത്തവണ പുന:സംഘടനക്ക് അവലംബിച്ചിരിക്കുന്നത്.മെറിറ്റും പ്രായവും പുതുമുഖങ്ങളെന്ന പരിഗണനയും മാനദണ്ഡമാക്കിയാണ് എ.ഐ.സി.സി ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിച്ചത്.

ഇത് മാറുന്ന കോണ്‍ഗ്രസിന്‍െറ മുഖമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയിലുള്‍പ്പെടെ കറന്‍സി അസാധുവാക്കല്‍ സൃഷ്ടിച്ച  പ്രശ്നങ്ങളില്‍ പരിഹാരം തേടി യു.ഡി.എഫ് പ്രതിനിധി സംഘം ഈ മാസം 13ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് നിവേദനം നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിന് കൂടുതല്‍ റേഷനരി ക്വോട്ട അനുവദിക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെടും.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് ഡല്‍ഹി ജന്തര്‍ മന്ദറില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ സത്യഗ്രഹമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നു കേന്ദ്ര ധനമന്ത്രി, ഭക്ഷ്യവിതരണ മന്ത്രി എന്നിവരെ കാണാന്‍ അനുവാദം ചോദിച്ചിട്ടുണ്ട്. സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയെ കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കറന്‍സി നിരോധിച്ച നടപടി ഇന്ത്യയെ 10 വര്‍ഷം പിറകോട്ടു കൊണ്ടുപോയി. രാജ്യത്തിന്‍െറ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ രണ്ടുശതമാനം ഇടിവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാര്‍ഷിക മേഖലയും അസംഘടിത മേഖലയും തളര്‍ച്ചയിലാണ്. തൊഴിലില്ലായ്മ കൂടി.  സഹകരണമേഖല പാടേ തകര്‍ന്ന മട്ടിലാണ്. നല്ല നിലയില്‍  പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ 14 ജില്ലാ ബാങ്കുകള്‍ക്ക് പണമിടപാട് നടത്താന്‍ അനുവാദമില്ല. പ്രഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായൂം നിലച്ചു. ഗ്രാമീണമേഖലയില്‍ ദൈനം ദിന ജനജീവിതത്തെ തന്നെ ബാധിച്ചു. നരേന്ദ്ര മോദിക്ക് ഏകാധിപതിയുടെ മനോഭാവമാണ്. പാര്‍ലമെന്‍റിനെ അദ്ദേഹം ഭയപ്പെടുന്നു. പ്ളാസ്റ്റിക് മണിയിലേക്ക് മാറണമെന്ന ആഹ്വാനം എളുപ്പം നടപ്പാകുന്ന ഒന്നല്ല.

കറന്‍സി അസാധുവാക്കിയത് ഭ്രാന്തന്‍ നടപടിയാണ്. കള്ളപ്പണം തടയാന്‍ ഇതല്ല മാര്‍ഗമെന്ന് തെഴിഞ്ഞുകഴിഞ്ഞു.നോട്ട് അസാധുവാക്കലിന് പുറമെ റേഷന്‍ കടയില്‍ അരിയില്ലാത്തതും കേരളം നേരിടുന്ന വലിയ പ്രശ്നമാണ്

16.25 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് വേണ്ടത്. എന്നാല്‍ 14 ലക്ഷം ടണ്ണാണ് അനുവദിച്ചത്. ബാക്കിയുള്ളത്  യു.ഡി.എഫ് കാലത്ത് അഡീഷണല്‍ ക്വോട്ടയായി വാങ്ങാറുണ്ടായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാറിന് ഈ ക്വോട്ട വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു മാസമായി എ.പി.എല്ലുകാര്‍ക്ക് റേഷനരിയേ കിട്ടിയിട്ടില്ല. ഇപ്പോള്‍ ബി.പി.എല്ലുകാര്‍ക്കും പൂര്‍ണതോതില്‍ ലഭിക്കുന്നില്ല. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Tags:    
News Summary - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.