പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി വിജയന്‍. അല്ളെങ്കില്‍ ഉമ്മന്‍ ചാണ്ടി മലമ്പുഴയില്‍ വി.എസിനെ നേരിടുക. കേരളത്തില്‍ സങ്കല്‍പത്തില്‍പോലുമില്ല ഇങ്ങനെയൊരു മത്സരം. എന്നാല്‍, പഞ്ചാബിലുണ്ട്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ അദ്ദേഹത്തിന്‍െറ തട്ടകമായ ലംബിയില്‍ നേരിടുന്നത് കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ, പി. ചിദംബരത്തിനെതിരെ ഷൂവെറിഞ്ഞ ജര്‍ണെയില്‍ സിങ്ങാണ് ആം ആദ്മിയുടെ സ്ഥാനാര്‍ഥി. ബാദലും ക്യാപ്റ്റനും ജര്‍ണെയിലും ചേരുമ്പോള്‍ ലംബിയിലെ മത്സരത്തില്‍ തീപാറുമെന്നുറപ്പ്. അതിനാല്‍തന്നെ രാജ്യം ഉറ്റുനോക്കുന്ന മത്സരംകൂടിയാകും ഇത്.
പട്യാലയാണ് അമരീന്ദറിന്‍െറ തട്ടകം. അവിടെയും മത്സരിക്കുന്ന ക്യാപ്റ്റനെ ലംബിയില്‍ എത്തിച്ചത് കെജ്രിവാളാണ്. പട്യാലയില്‍ തന്നെ നേരിടാന്‍ കെജ്രിവാളിനെ ക്യാപ്റ്റന്‍ വെല്ലുവിളിച്ചപ്പോള്‍, ബാദലിനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന മറുചോദ്യമാണ് കെജ്രിവാള്‍ ഉന്നയിച്ചത്.
വെല്ലുവിളി അമരീന്ദര്‍ അവസരമാക്കി. ബാദലിനെതിരെ നേരിട്ട് അങ്കംകുറിച്ച അമരീന്ദര്‍ സംസ്ഥാനമാകെ കോണ്‍ഗ്രസ് അണികളിലുണ്ടാക്കിയ ഉണര്‍വ് ചില്ലറയല്ല. 2014ല്‍ അമൃത്സര്‍ ലോക്സഭ സീറ്റില്‍ അരുണ്‍ ജെയ്റ്റ്ലിയെ മലര്‍ത്തിയടിച്ചതിന്‍െറ തിളക്കമുണ്ട് അമരീന്ദറിന്. 2012ല്‍ ഭരണം പോയതോടെ പിന്നിലായിപ്പോയ അമരീന്ദറിന് പഞ്ചാബ് രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് ഒരുക്കിയത് അമൃത്സറിലെ വിജയമാണ്.
90കാരനായ പ്രകാശ് സിങ് ബാദലിന് സ്വന്തം ഗ്രാമമായ ബാദല്‍ ഉള്‍ക്കൊള്ളുന്ന ലംബിയില്‍ ഇത് അഞ്ചാം അങ്കമാണ്. 97 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്ന് ജയിക്കുന്ന ബാദലിന് കഴിഞ്ഞ തവണ 25,000ത്തോളം വോട്ടിന്‍െറ ഭൂരിപക്ഷവുമുണ്ട്. 1962ലും അകാലിദള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച 92ലും മാത്രമാണ് ലംബിയില്‍ കോണ്‍ഗ്രസ് ജയിച്ചത്. മണ്ഡലത്തിന്‍െറ ചരിത്രം ബാദലിന് അനുകൂലമാണ്. എന്നാല്‍, ഇക്കുറി പത്തുവര്‍ഷത്തെ ഭരണത്തോട് അതൃപ്തി വ്യാപകമാണ്. ലംബിയില്‍ പ്രചാരണറാലിക്കിടെ, ബാദലിനുനേരെ ചെരിപ്പേറുണ്ടായത് ഭരണവിരുദ്ധവികാരത്തിന്‍െറ സൂചനയായാണ് കാണുന്നത്. ഇതാദ്യമായാണ് മണ്ഡലത്തില്‍ ത്രികോണ മത്സരം അരങ്ങേറുന്നത്. അമരീന്ദറും ജര്‍ണെയില്‍ സിങ്ങും കാടിളക്കി പ്രചാരണം നടത്തുന്നുണ്ട്. ബാദലിനെ തോല്‍പിക്കുമെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. നടക്കാത്ത സ്വപ്നമെന്നാണ് ബാദലിന്‍െറ മറുപടി. ഭരണവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും ആം ആദ്മിക്കുമിടയില്‍ ഭിന്നിക്കുന്നത് ബാദലിന് രക്ഷയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
മുന്‍ കരസേന മേധാവി ജനറല്‍ ജെ.ജെ. സിങ്ങാണ് പട്യാലയില്‍ അമരീന്ദറിനെതിരെ അകാലിദള്‍ സ്ഥാനാര്‍ഥി. പട്ടാളക്കാര്‍ തമ്മിലുള്ള പോരില്‍ ഇരുവരും വെടിപൊട്ടിച്ചുകഴിഞ്ഞു. സൈന്യത്തിലായിരിക്കെ, തന്‍െറ കീഴിലായിരുന്ന അമരീന്ദര്‍ ഭീരുവായ ക്യാപ്റ്റനായിരുന്നുവെന്നാണ് ജെ.ജെ. സിങ്ങിന്‍െറ കമന്‍റ്. സീനിയോറിറ്റികൊണ്ടു മാത്രം കരസേന മേധാവിയായ ശരാശരി പട്ടാളക്കാരനെന്നാണ് ജെ.ജെ. സിങ്ങിന് അമരീന്ദര്‍ നല്‍കുന്ന വിശേഷണം.
2002 മുതല്‍ 2012 വരെ തുടര്‍ച്ചയായി മൂന്നുവട്ടം പട്യാലയില്‍നിന്ന് ജയിച്ച അമരീന്ദര്‍ 2014ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എം.എല്‍.എ സ്ഥാനമൊഴിഞ്ഞു. പകരം വന്നത് ക്യാപ്റ്റന്‍െറ നല്ലപാതി പ്രണീത് കൗര്‍. 2014ലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച അവര്‍ ഇക്കുറി ഭര്‍ത്താവിനുവേണ്ടി മത്സരരംഗത്തുനിന്ന് മാറി. ലംബിയില്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ പടനയിക്കുമ്പോള്‍ ഭാര്യ പ്രണീത് കൗറാണ് പട്യാലയില്‍ പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത്. 2014ല്‍ പ്രണീതിനെ പട്യാല ലോക്സഭ മണ്ഡലത്തില്‍ ആപ് സ്ഥാനാര്‍ഥി ധരംവീര്‍ ഗാന്ധി പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ ആപ് സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ്ങാണ് പട്യാല നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മഹാറാണിയെ തോല്‍പിച്ച തങ്ങള്‍ ഇത്തവണ മഹാരാജാവിനെ തോല്‍പിക്കുമെന്ന് ഇരുവരുടെയും രാജകുടുംബ പാരമ്പര്യം ചൂണ്ടിക്കാട്ടി ബല്‍ബീര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.