തിരുവനന്തപുരം: മുന്നണിയായും മുന്നണിയില്ലാതെയും തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവർ സ്ഥിരം സമിതി അധ്യക്ഷ മത്സരത്തിന് നിലപാടുകൾ മറന്ന് ഒന്നുചേർന്നു.
തൃശൂർ മണലൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു പരസ്യസഖ്യം. കോൺഗ്രസിന് ഒമ്പതും എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനെ ഒഴിവാക്കാൻ കോൺഗ്രസും ബി.ജെ.പിയും സഹകരിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന പാവറട്ടിയിൽ ക്ഷേമകാര്യ സമിതിയിലേക്ക് യു.ഡി.എഫ് അംഗത്തെ എസ്.ഡി.പി.ഐ, ബി.ജെ.പി പിന്തുണയിൽ തെരെഞ്ഞടുത്തു. സ്ഥാനാർഥികളായി ഇടതുപക്ഷത്തിെൻറ സിൽജി ജോജുവും കെ.കെ. സുധയും യു.ഡി.എഫിെൻറ സുനിത രാജുവുമാണ് ഉണ്ടായിരുന്നത്. സുനിതരാജു വിജയിച്ചു. 15 അംഗ ഭരണസമിതിയിൽ സി.പി.എം അംഗത്തിെൻറ വോട്ട് അസാധുവായി. അഞ്ച് യു.ഡി.എഫ്, രണ്ട് എസ്.ഡി.പി.ഐ, ഒരു ബി.ജെ.പി എന്നിവർ ഉൾപ്പെടെ എട്ട് വോട്ടാണ് കിട്ടിയത്. ക്ഷേമകാര്യത്തിലേക്ക് ഒന്നിൽ കൂടുതൽ വനിതകൾ മത്സരിച്ചതിനാലാണ് വോട്ടിങ് ആവശ്യമായത്.
പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് -സി.പി.ഐ കൂട്ടുകെട്ട്. ആറ് ലീഗ് അംഗങ്ങളും മൂന്ന് കോൺഗ്രസ് അംഗങ്ങളും രണ്ട് സി.പി.ഐ അംഗങ്ങളും ഒരുമിച്ചുനിന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാമെന്ന ധാരണയിലാണ് സി.പി.ഐ യു.ഡി.എഫിനൊപ്പം നിന്നത്. ആറംഗങ്ങളുള്ള സി.പി.എമ്മിന് ഇതോടെ ഒരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനവും ലഭിക്കില്ല. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ സി.പി.ഐ സി.പി.എമ്മിനൊപ്പമായിരുന്നു.
അട്ടിമറിയിലൂടെ തൊടുപുഴ നഗരസഭ ഭരണം പിടിച്ച എൽ.ഡി.എഫിനെതിരെ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ട്. ഇരുവിഭാഗവും പരസ്പരം വോട്ട് ചെയ്തപ്പോൾ മൂന്ന് കമ്മിറ്റികളിൽ യു.ഡി.എഫും രണ്ട് കമ്മിറ്റികളിൽ ബി.ജെ.പിയും ഭൂരിപക്ഷം നേടി. കോൺഗ്രസിെൻറ അഞ്ചും ലീഗിെൻറ നാലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ രണ്ടും അംഗങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിയുടെ എട്ടംഗങ്ങളും യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് തിരിച്ചും വോട്ട് ചെയ്തു. വനിത ലീഗ് കൗൺസിലറെ മറുകണ്ടം ചാടിച്ചും കോൺഗ്രസ് വിമതനെ ഒപ്പം കൂട്ടിയുമാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.
എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണത്തിലേറിയതെന്ന ആരോപണം നിലനിൽക്കുന്ന പത്തനംതിട്ട നഗരസഭയിൽ ഒരു സ്ഥിരം സമിതി എസ്.ഡി.പി.ഐക്ക്. വിദ്യാഭ്യാസ, കലാ കായിക സ്ഥിരംസമിതിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് പേരും എസ്.ഡി.പി.ഐക്കാരാണ്. എൽ.ഡി.എഫിെൻറയും, യു.ഡി.എഫിെൻറയും ഓേരാ അംഗങ്ങളുമുണ്ട്. 15നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. എസ്.ഡി.പി.ഐക്ക് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ എൽ.ഡി.എഫ് പിന്തുണയെന്ന ആേക്ഷപത്തെ മറികടക്കാനാകും. മറ്റ് മൂന്ന് സ്ഥിരം സമിതികൾ എൽ.ഡി.എഫിനും ഒന്ന് യു.ഡി.എഫിനുമായാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും 13 വീതം അംഗങ്ങൾ ഉള്ള 32 അംഗ നഗരസഭയിൽ എസ്.ഡി.പി.ഐ ക്ക് മൂന്ന് അംഗങ്ങളാണുള്ളത്. കൂടാതെ സ്വതന്ത്ര ആമിന ഹൈദരാലി എസ്.ഡി.പി.ഐ പിന്തുണയോടെയാണ് വിജയിച്ചതും. ഇവരെ വൈസ് ചെയർപേഴ്സണാക്കി മറ്റ് രണ്ട് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സി.പി.എമ്മിലെ സക്കീർ ഹുസൈൻ നഗരസഭ ചെയർമാനായത്.
ബി.ജെ.പി പിന്തുണയോടെ ഇടതുമുന്നണി ഭരിക്കുന്ന റാന്നിയിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.