ഉത്തര കാശിയില്‍ അമേരിക്കന്‍ മാതൃക

ഹൈന്ദവ വിശ്വാസികളുടെ പ്രിയ തീര്‍ഥാടന കേന്ദ്രമായ മലമുകളിലെ കൊച്ചു പട്ടണം  അടുത്തിടെ  വാര്‍ത്തകളില്‍ ഇടം പിടിച്ചത് ജനാധിപത്യ പ്രക്രിയയിലെ പുതിയ പരീക്ഷണത്തിന്‍െറ പേരിലാണ്. ഉത്തര കാശി ജില്ലയിലെ പുരോല നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ദുര്‍ഗേശ്വര്‍ ലാല്‍ ആണ് അതിന് കാരണക്കാരന്‍. 

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകണമെങ്കില്‍ ആദ്യം പ്രൈമറി വോട്ടെടുപ്പില്‍ ജയിച്ചു കയറണം.  അതുപോലെ,    പുരോല മണ്ഡലത്തില്‍ പെടുന്ന 92 ഗ്രാമങ്ങളിലെ 40,000 ലേറെ വരുന്ന വോട്ടര്‍മാര്‍ പങ്കെടുത്ത  പ്രൈമറിയില്‍ ജയിച്ചാണ് ദുര്‍ഗേശ്വര്‍ സ്ഥാനാര്‍ഥിയായത്.  രണ്ടു  മാസത്തോളം നീണ്ട പ്രക്രിയയായിരുന്നു അത്. 92 ഗ്രാമ മുഖ്യന്മാര്‍ ചേര്‍ന്ന് ആദ്യം 26 പേരടങ്ങിയ കോര്‍ കമ്മിറ്റിയുണ്ടാക്കി. കമ്മിറ്റി  15 പേരുടെ  സാധ്യതാ സ്ഥാനാര്‍ഥിപട്ടിക തയാറാക്കി.  അമേരിക്കയിലെ  പ്രസിഡന്‍ഷ്യല്‍ സംവാദത്തെ അനുസ്മരിപ്പിക്കും വിധം സ്ഥാനാര്‍ഥികളുടെ  നയപ്രഖ്യാപനം, വോട്ടര്‍മാരുമായുള്ള  സംവാദം,  മഹാപഞ്ചായത്ത് അംഗങ്ങളുടെ ഇന്‍റര്‍വ്യൂ എന്നിങ്ങനെ പല പരീക്ഷണങ്ങള്‍. അങ്ങനെ സാധ്യതാ  സ്ഥാനാര്‍ഥികളുടെ പ്രകടനം കൂട്ടിയും കിഴിച്ചുമാണ്  ഒടുവില്‍ 32കാരനായ ദുര്‍ഗേശ്വറിന് നറുക്ക് വീണത്.

തീരുമാനം വന്നതിന് പിന്നാലെ, ചുരുക്കപ്പട്ടികയിലെ മറ്റ് 14 പേരും ദുര്‍ഗേശ്വറിന് എല്ലാ പിന്തുണയും നല്‍കുമെന്ന്  മഹാപഞ്ചായത്തിന് മുന്നില്‍ പ്രതിജ്ഞ  ചൊല്ലി. സീറ്റു കിട്ടാത്തതിന്‍െറ പേരില്‍ മുന്‍മുഖ്യമന്ത്രിയും  മന്ത്രിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ്  കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്കും തിരിച്ചും കാലുമാറിയത്.  അതുകൊണ്ടുതന്നെ, പിന്തള്ളപ്പെട്ടവരുടെ പിന്തുണ പ്രഖ്യാപനം കാലുമാറ്റക്കാരുടെ സ്വന്തം നാടായി മാറിയ  ഉത്തരാഖണ്ഡിന് പുതിയ സന്ദേശവുമാണ്. വികസനകാര്യത്തില്‍  മണ്ഡലത്തിന്‍െറ ദയനീയാവസ്ഥയാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് ഗ്രാമീണരെ നയിച്ചതെന്ന് കോര്‍ കമ്മിറ്റിയുടെ തലവന്‍ ഉപേന്ദ്ര  ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറിമാറി ജയിപ്പിച്ചിട്ടും  ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ളെന്നാണ് അവരുടെ പരാതി.  മണ്ഡലത്തില്‍ പെടുന്ന  ഡസന്‍ കണക്കിന് ഗ്രാമങ്ങളിലേക്ക് ഇപ്പോഴും റോഡുകളില്ല.  വീടണയാന്‍ 20 കി.മീ വരെ മലകയറണം.  വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ ഏറെയുണ്ട് ഈ മലമുകളില്‍.  വെള്ളം  കിട്ടാക്കനി. കിട്ടുന്നത്  ചുമന്ന് മലകയറി ഗ്രാമീണരുടെ നടുവൊടിഞ്ഞു.  ആശുപത്രി, സ്കൂള്‍ തുടങ്ങി നേരത്തേ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ടുവെച്ച വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ളെന്നും പ്രദേശവാസികള്‍ പറയുന്നു.

ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ മാര്‍ക്കറ്റിങ് മാനേജറാണ് ദുര്‍ഗേശ്വര്‍.  ഗ്രാമീണരുടെ സ്വന്തം സ്ഥാനാര്‍ഥിയെന്നാണ് ദുര്‍ഗേശ്വര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സംവരണ മണ്ഡലമായ പുരോലയില്‍ ബി.ജെ.പിയുടെ മാല്‍ചന്ദാണ് സിറ്റിങ് എം.എല്‍.എ.   2002ലും 2012ലും ബി.ജെ.പി ജയിച്ച ഇവിടെ 2007ല്‍ കോണ്‍ഗ്രസിനായിരുന്നു ജയം. മൂന്നാം വിജയം നേടിയ മാല്‍ചന്ദ് ഒരിക്കല്‍ കൂടി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ രാജ്കുമാറാണ് കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി. ബി.എസ്.പിയുടെ ടിക്കറ്റില്‍ രാം ലാലും രംഗത്തുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും നല്ല സംഘടനാ സംവിധാനങ്ങളുള്ള മണ്ഡലത്തില്‍ ദുര്‍ഗേശ്വറിന്‍െറ പ്രചാരണവും  ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. വികസന, ജനപക്ഷ രാഷ്ട്രീയത്തിന്‍െറ പുതിയ   ഇടമുണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ശുഭപ്രതീക്ഷയാണെന്നും ദുര്‍ഗേശ്വറും ഉപേന്ദ്ര  ചൗഹാനും പറയുന്നു.  

 

Tags:    
News Summary - noth kasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.