ഇനി ഉൗന്നൽ ദക്ഷി​േണന്ത്യ, തെക്കു കിഴക്കന്‍ സംസ്​ഥാനങ്ങൾ

ഒഡിഷയില്‍ 2019ല്‍ ഒരുമിച്ച് നടക്കാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നൊരുക്കമായെന്ന ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക് തിരിച്ചതോടെ രണ്ടു ദിവസത്തെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് ക്ഷേത്ര നഗരമായ ഒഡിഷയില്‍ സമാപനമായി. ദക്ഷിണേന്ത്യ തന്നെയാണ് പാര്‍ട്ടിയുടെ ഊന്നല്‍ എന്ന് വ്യക്തമാക്കി അടുത്ത ദേശീയ നിര്‍വാഹകസമിതി ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത്‍ ജൂലൈ പകുതിയോടെ നടത്താനും സമിതി തീരുമാനിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് മോദിയെ അഭിനന്ദിക്കുന്ന രാഷ്ട്രീയ പ്രമേയം പാസാക്കിയ നിര്‍വാഹകസമിതി ഇന്ത്യയുടെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടി പിടിച്ചടക്കാതെ പാര്‍ട്ടിക്ക് വിശ്രമമില്ലെന്ന് പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും കാലമായി ബി.ജെ.പിയുടെ വോട്ടിങ്ങിലുണ്ടായ വര്‍ധന എങ്ങനെയായിരുന്നുവെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി രണ്ട് പ്രമേയങ്ങളാണ് പാസാക്കിയത്. ഹുകുംദേവ് നാരായണന്‍ അവതരിപ്പിച്ച ആദ്യ പ്രമേയത്തെ ശിവരാജ് സിങ് ചൗഹാന്‍, ധര്‍മേന്ദ്ര പ്രധാൻ, രഘുനാഥ് ദാസ് എന്നിവര്‍ പിന്തുണച്ചു. കള്ളപ്പണത്തിനെതിരായ സര്‍ക്കാറി​െൻറ പോരാട്ടമായിരുന്നു കറന്‍സി നിരോധനമെങ്കിലും പ്രതിപക്ഷം ഇതിനെ പിന്തുണച്ചില്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രതിപക്ഷത്തിന് ആത്മാര്‍ഥതയില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി. ദരിദ്രര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികളുടെ പ്രചാരണത്തിൽ ഉൗന്നിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. പാര്‍ട്ടി പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ജനങ്ങള്‍ ഇതംഗീകരിച്ചതി​െൻറ തെളിവാണ് അഞ്ച് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ.

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തതക്ക് നടപടി,  ബഹിരാകാശമേഖലയിലെ നേട്ടം, തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ക്കും രാഷ്ട്രീയ സംഭാവനകള്‍ക്കും സുതാര്യത ഉറപ്പുവരുത്താനുള്ള നടപടി, സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടിയത് എന്നിവയെല്ലാം പ്രധാനമന്ത്രിയെ അഭിനന്ദിക്കാനുള്ള കാരണമായി പ്രമേയം വ്യക്തമാക്കുന്നു. രണ്ടാം പ്രമേയത്തില്‍ വിദ്യാഭ്യാസമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ നിര്‍ണയിക്കുന്ന ദേശീയ ഒ.ബി.സി കമീഷന് രൂപം നല്‍കാനുള്ള നിയമനിര്‍മാണത്തിന് മുന്‍കൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അനുമോദിച്ചു.

എന്നാല്‍, 1950ലെ കാകാ കലേക്കര്‍ കമീഷന്‍ റിപ്പോര്‍ട്ടും 1979ലെ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി നിര്‍ദേശങ്ങള്‍ വെച്ചിട്ടും കോണ്‍ഗ്രസ് അെതാന്നും നടപ്പില്‍ വരുത്തിയില്ലെന്ന് രണ്ടാം പ്രമേയം കുറ്റപ്പെടുത്തി. ഇപ്പോള്‍ ബി.ജെ.പി അതിനുള്ള നടപടി എടുത്തപ്പോള്‍ അതിനുള്ള നിയമനിര്‍മാണം കോണ്‍ഗ്രസ് രാജ്യസഭയില്‍ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും നിര്‍വാഹകസമിതി കുറ്റപ്പെടുത്തി.

രണ്ടാം ദിവസം സമിതിക്ക് വരും മുമ്പ് പ്രധാനമന്ത്രി രാവിലെ ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 25 മിനിറ്റോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു. ക്ഷേത്രത്തിലെത്തും മുമ്പ് 1817ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന പൈക്ക സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബ ബന്ധുക്കളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഒഡിഷയില്‍നിന്ന് ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലേക്ക് പോയ മോദി ഭുവനേശ്വറിലെ റോഡ് ഷോക്ക് ശേഷം ഗുജറാത്തിലെ സൂറത്തിലും റോഡ് ഷോ നടത്തും.

Tags:    
News Summary - narendra modi in bjp national meeting in bhubaneswar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.