ഭുവനേശ്വർ: മുത്തലാഖ് ഇന്ത്യന്‍ മുസ്ലിംകളുടെ ഏറ്റവും വലിയ പ്രതിസന്ധിയായി ഉയര്‍ത്തിക്കാണിച്ചും മുസ്ലിംകള്‍ക്കിടയിലെ പിന്നാക്കക്കാരെ മാത്രം പ്രത്യേകം വിളിച്ചുകൂട്ടാന്‍ ആഹ്വാനം നടത്തിയും ഭുവനേശ്വര്‍ ദേശീയ നിര്‍വാഹക സമിതിയില്‍ നരേന്ദ്ര മോദി നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശൈഥില്യത്തിനുള്ള പുതിയ തന്ത്രം. മതപരമായും സാമൂഹികമായും മുസ്ലിംകളെ രണ്ടുതട്ടില്‍ നിര്‍ത്തുന്നതിനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ രണ്ട് ആഹ്വാനങ്ങളിലൂടെയും പുറത്തുവന്നത്.

അധികാരത്തിലേറിയതില്‍പ്പിന്നെ മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളാണ് മുത്തലാഖ് ചര്‍ച്ച രാജ്യത്ത് വീണ്ടും സജീവമാക്കിയത്. ഇതുവഴി മുസ്ലിംകള്‍ക്കിടയില്‍ ആശയപരമായ ഏറ്റുമുട്ടലുണ്ടാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, മുസ്ലിംകളില്‍ അപകര്‍ഷതയുണ്ടാക്കുന്ന വലിയ വിവാദമാക്കി ഇത് മാറ്റുന്നതിലൂടെ ഭൂരിപക്ഷത്തി​െൻറ കൈയടി കൂടി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും ഈ തന്ത്രത്തിന് പിന്നിലുണ്ട്.

ഈ ചര്‍ച്ചയിലൂടെ മുസ്ലിംകളിലെ പുരോഗമനവാദികളെ പിന്തുണക്കുന്നത് തങ്ങളാണെന്നും യാഥാസ്ഥിതികർക്കൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളാണെന്നും വരുത്തിത്തീർക്കാൻ മോദി ശ്രമിക്കുന്നു.

പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന വളരെ ചെറിയ വിഭാഗം മോദിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഗുജറാത്തടക്കം രാജ്യമൊട്ടുക്കും നടന്ന വര്‍ഗീയ കലാപങ്ങളിലും ഗോരക്ഷയുടെ പേരിലും മറ്റും നടത്തുന്ന അതിക്രമങ്ങളിലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടത് മുസ്ലിം സ്ത്രീകളാണെന്ന വസ്തുത മറച്ചുപിടിക്കാനും മുസ്ലിം സ്ത്രീകള്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തിയ മാനഭംഗങ്ങള്‍ അടക്കമുള്ള അതിക്രമങ്ങള്‍ തുടരുമ്പോള്‍തന്നെ അവ ചര്‍ച്ചയല്ലാതാക്കാനും മോദിക്കും ബി.ജെ.പിക്കും കഴിഞ്ഞു. 

മുസ്ലിംകളിലെ വിവിധ വിശ്വാസ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവര്‍ അംഗങ്ങളായുള്ള അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുത്തലാഖി​െൻറ കാര്യത്തില്‍ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയ ശേഷമാണ് വിഷയത്തില്‍ സാമൂഹികമായ ബോധവത്കരണം നടത്തി മുസ്ലിം സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് വിവാഹമോചനത്തി​െൻറയും ബഹുഭാര്യത്വത്തിന്‍െറയും കണക്കുകള്‍ നിരത്തി ഇത് മുസ്ലിംകള്‍ക്കിടയിലെ വലിയ പ്രശ്നമാക്കുന്നതിലെ ഒൗചിത്യമില്ലായ്മ ബോര്‍ഡ് നേരത്തേ വിശദീകരിച്ചിരുന്നു. മുത്തലാഖി​െൻറ കാര്യത്തിൽ സമുദായത്തിൽ വ്യത്യസ്ത വിശ്വാസഗതിക്കാരുണ്ടെന്നും അവരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട്  ബോധവത്കരണം നടത്തണമെന്നുമുള്ള നിലപാടാണ് ബോര്‍ഡ് എടുത്തിട്ടുള്ളത്. ഇക്കാര്യം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ആധികാരികമായ പഠനം നടത്തിയ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ സമിതി മുസ്ലിംകള്‍ക്കിടയിലെ പിന്നാക്ക ജാതികള്‍ അനുഭവിക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥ വിശദീകരിച്ചിട്ടുണ്ട്.

അതിനുള്ള പരിഹാരമെന്ന നിലയിലാണ് വിദ്യാഭ്യാസത്തിലും തൊഴിലിലും മുസ്ലിംകളിലെ ദലിതുകള്‍ക്ക് പട്ടികജാതി സംവരണവും പിന്നാക്കക്കാര്‍ക്ക് ഒ.ബി.സി സംവരണവും ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തത്.

എന്നാല്‍, സിഖുകാരെയും ബുദ്ധമതക്കാരെയും പട്ടികജാതി പട്ടികയില്‍പ്പെടുത്തിയപോലെ മുസ്ലിം, ക്രിസ്ത്യന്‍ ദലിതുകളെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് ബി.ജെ.പിക്ക്. പിന്നാക്ക വിഭാഗങ്ങളെന്ന നിലയില്‍ മുസ്ലിംകള്‍ക്ക് സംവരണം നൽകുന്നതിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് മുത്തലാഖ് പോലെതെന്ന മുസ്ലിംകളിലെ പിന്നാക്ക-മുന്നാക്ക വേര്‍തിരിവ് ചര്‍ച്ചയാക്കി ഭിന്നിപ്പുണ്ടാക്കാന്‍ മാത്രം പിന്നാക്ക മുസ്ലിം സമ്മേളനങ്ങള്‍ വിളിക്കാന്‍ മോദി നിര്‍ദേശിച്ചിരിക്കുന്നത്.

News Summary - mod's new tricks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.