ബി.ജെ.പിയുടെ തോളില്‍ കൈയിട്ടാണ് മുഖ്യമന്ത്രിയുടെ ഐക്യാഹ്വാനമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ തോളില്‍ കൈയിട്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍നിന്നു നയിക്കണമെന്നു മുഖ്യമന്ത്രിയും സി.പി.എമ്മും ആഹ്വാനം ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തില്‍ സി.പി.എം ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുകയും അതിന് അവര്‍ക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. ജെ.ഡി.എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ സി.പി.എം നാലു സീറ്റില്‍ മത്സരിച്ചതുമൂലം രണ്ടിടത്ത് ബി.ജെ.പി ജയിച്ചെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഏറെ പ്രതീക്ഷ പുലര്‍ത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രചാരണത്തിനു തുടക്കമിടുകയും ചെയ്ത ബാഗേപ്പള്ളിയില്‍ സി.പി.എം 19,621 വോട്ടു നേടി മൂന്നാമതെത്തി. 2018ല്‍ ബി.ജെ.പിക്ക് 4140 വോട്ട് മാത്രം ലഭിച്ചിച്ച ഇവിടെ ഇത്തവണ 62,949 വോട്ടായി കുതിച്ചുയര്‍ന്നു.

സി.പി.എം വോട്ടുകള്‍ മറിഞ്ഞിട്ടും കോണ്‍ഗ്രസ് മികച്ച വിജയം നേടി. കെ.ജി.എഫ് മണ്ഡലത്തില്‍- 1008, കലബുറുഗിയില്‍ 822, കെ.ആര്‍പുരത്ത് 1220 എന്നിങ്ങനെയാണ് സി.പി.എമ്മിനു വോട്ടു കിട്ടിയത്. ഗുല്‍ബര്‍ഗയിലും കെ.ആര്‍ പുരത്തും ബി.ജെ.പിയാണ് ജയിച്ചത്. തോൽക്കുമെന്ന് നൂറൂ ശതമാനം ഉറപ്പുണ്ടായിട്ടും സി.പി.എം മത്സരിച്ച് ബി.ജെ.പിയെ ജയിപ്പിച്ചിട്ട് മുഖ്യമന്ത്രി എന്തു ജനാധിപത്യമതേതര ശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

ബി.ജെ.പിയുടെ തോളില്‍ കൈയിട്ടുകൊണ്ടുള്ള ഈ പുരപ്പുര പ്രസംഗം സി.പി.എം ഇനിയെങ്കിലും അവസാനിപ്പിക്കണം. കോണ്‍ഗ്രസിനെതിരേ ജനസംഘവുമായി സഖ്യമുണ്ടാക്കി ഒന്നിച്ച് മത്സരിച്ച് കേന്ദ്രമന്ത്രിസഭ രൂപീകരിക്കുകയും ആർ.എസ്.എസിന് വളരാന്‍ വളക്കൂറുള്ള മണ്ണുണ്ടാക്കുകയും ചെയ്ത സി.പി.എം അവരോട് സന്ധി ചെയ്ത ചരിത്രമേയുള്ളു. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭാ തെരഞ്ഞുടുപ്പിലും അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

പ്രതിപക്ഷഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നൽകുമ്പോള്‍ കേരളത്തില്‍ അതു നടപ്പാക്കാന്‍ സി.പി.എം സഹകരിക്കണമെന്നും ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ മതേതര മുന്നണിയിലേക്ക് ഇടതുപാര്‍ട്ടികള്‍ കടന്നുവരണമെന്നും സുധാകരന്‍ അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.