സാമ്പത്തിക പ്രതിസന്ധി:സി.എ.ജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങളെന്ന് വി.ഡി സതീശൻ

കൊച്ചി: സംസ്ഥാനത്തെ സാമ്പത്തിക പ്രശ്‌നം സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് പുറത്തിറക്കിയ രണ്ട് ധവളപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിത്. നികുതി പിരിവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

നികുതി കുടിശിക പിരിച്ചെടുക്കുന്നതിലും പരിതാപകരമായ അവസ്ഥയാണ്. ധനപ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണ്. നൂറ് രൂപയ്ക്ക് വില്‍ക്കുന്ന സാധനത്തിന് 18 രൂപ നികുതി കിട്ടുമായിരുന്നു. നൂറ് ശതമാനം വരെ വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ 100 രൂപയുടെ സാധനത്തിന് 200 രൂപയായി. നികുതി 36 രൂപയായി. പക്ഷെ വിലക്കയറ്റമുണ്ടായതിന് ആനുപാതികമായ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നില്ല.

സ്വര്‍ണം ഗ്രാമിന് 500 രൂപയുണ്ടായിരുന്ന കാലത്തെ നികുതി തന്നെയാണ് വില പത്തിരട്ടി വര്‍ധിച്ചിട്ടും സംസ്ഥാനത്തിന് ലഭിക്കുന്നത്. നികുതി പിരവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനും കിഫ്ബി പദ്ധതികള്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപയാണ് ബജറ്റിന് പുറത്ത് കടമെടുത്തത്. ഇതെല്ലാം കടമെടുപ്പ് പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു.

സര്‍ക്കാര്‍ വരുത്തിവച്ച ധനപ്രതിസന്ധിയാണ് 80 ശതമാനവും. കേന്ദ്ര സര്‍ക്കാര്‍ ഡിവിസീവ് പൂളില്‍ നിന്നുള്ള നികുതി കുറച്ചതും ഗൗരവതരമാണ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തി സ്വന്തം തെറ്റുകള്‍ മറച്ച് വയ്ക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.

സോളാര്‍ ഗൂഡോലോചന സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്.

ക്രിമിനല്‍ ഗൂഡാലോചയില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയോട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാകില്ല. അതുകൊണ്ട് കേരള പൊലീസിന്റെ അന്വേഷണം വേണ്ട. സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. അതിനായി രണ്ട് മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ മൊഴി കൊടുത്ത കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ശക്തിപ്പെടുത്തണമോ ഹൈക്കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്.

കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അന്ന് സഹായിച്ച ഇടനിലക്കാരൊക്കെ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇടനിലക്കാരുമായാണ് സര്‍ക്കാരിന് സൗഹൃദം. ഇടനിലക്കാര്‍ വഴി വ്യാജനിർമിയുണ്ടാക്കി എല്ലാവരെയും പെടുത്തിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഡാലോചനയാണ്. ലൈംഗിക ആരോപണത്തെ കുറിച്ചല്ല ഇപ്പോള്‍ അന്വേഷിക്കേണ്ടത്. അതേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ലൈംഗിക ആരോപണത്തിന് വിധേയരായവരെ മനപൂര്‍വം കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യമാണ് യു.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.

News Summary - Financial crisis: VD Satheesan said that the opposition has pointed out the issues in the CAG report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.