നിഴല്‍പറ്റിയ പാര്‍ട്ടികളെ കാര്‍ന്നുതിന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്‍െറ സൂചകമായി. പ്രബല ജാതികളെ അടിത്തറയാക്കിയ പ്രാദേശിക കക്ഷികളുടെ വോട്ടുബാങ്കിനെ ഹിന്ദുത്വത്തിലേക്ക് വലിച്ചടുപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമാണ് വിജയിക്കുന്നത്. കോണ്‍ഗ്രസിന്‍െറ വീഴ്ചയിലൂടെ വളര്‍ന്ന പ്രാദേശിക കക്ഷികളുടെ വോട്ടുബാങ്ക് ബി.ജെ.പി വിഴുങ്ങുന്നതാണ് കാഴ്ച.

പ്രാദേശിക കക്ഷികളുടെ നിഴല്‍പറ്റി നിന്ന ബി.ജെ.പി അവരെ തള്ളിമാറ്റി സ്വാധീനം ഉറപ്പിക്കുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ ഉദാഹരണമാണ്. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ ദുര്‍ബലപ്പെടുത്തി ബി.ജെ.പി ഒന്നാം കക്ഷിയാവുകയും ഭരണത്തെ നയിക്കുകയും ചെയ്യുന്നു. ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡി സഖ്യം വിട്ട് ബി.ജെ.പി അധികാരംപിടിച്ചു. ബിഹാറില്‍ ഒരിക്കല്‍ സഖ്യകക്ഷിയായിരുന്ന ജനതാദള്‍-യുവിന്‍െറ അടിവേര് ഇളകാതെപോയത് ബി.ജെ.പിക്കെതിരെ വിശാലസഖ്യം ഉണ്ടാക്കിയതുകൊണ്ടു മാത്രമാണ്. അത് ലാലുപ്രസാദിന്‍െറ ആര്‍.ജെ.ഡിയെയും രക്ഷപ്പെടുത്തി.

യു.പിയില്‍ മുമ്പ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ബി.എസ്.പി നേതാവ് മായാവതി രാഷ്ട്രീയ വനവാസത്തിലേക്കു നീങ്ങുന്നു. കോണ്‍ഗ്രസിന്‍െറ പതനത്തിലൂടെ ശക്തിപ്രാപിച്ച സമാജ്വാദി പാര്‍ട്ടിക്കും ഒറ്റക്ക് ബി.ജെ.പിയെ ഇനി നേരിടാന്‍ കെല്‍പില്ലാത്ത സ്ഥിതിയാണ്. ഒഡിഷയില്‍ സഖ്യം വേര്‍പ്പെടുത്തിയ ബി.ജെ.ഡി അധികാരം നിലനിര്‍ത്തുന്നുവെങ്കിലും കടുത്ത വെല്ലുവിളിയാണ് ബി.ജെ.പിയില്‍നിന്നു നേരിടുന്നത്.

അസമില്‍ ബി.ജെ.പി ഒറ്റക്കു ഭരിക്കുമ്പോള്‍, മുമ്പത്തെ സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്‍െറ വിലാസംപോലുമില്ല. തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുന്‍കാല സഖ്യകക്ഷികളെ ഉന്നമിട്ടു നില്‍ക്കുകയാണ് ഇന്ന് ബി.ജെ.പി. ആന്ധ്രയില്‍ ടി.ഡി.പിയും തെലങ്കാനയില്‍ ടി.ആര്‍.എസും കുട ചൂടിക്കുന്ന ബി.ജെ.പി, രണ്ടിടത്തും സ്വാധീനം നേടാനുള്ള ശ്രമത്തിലാണ്. ബി.ജെ.പി ഇങ്ങനെ കരുത്താര്‍ജിക്കുന്നത് ഇടക്കാലത്ത് ബഹുസ്വരതയുടെ അടയാളമായിക്കണ്ട പ്രാദേശിക രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുന്നു. പിന്നാക്ക, ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന്‍െറ മുഖവും കരുത്തും നഷ്ടപ്പെടുന്നു.

പ്രാദേശിക രാഷ്ട്രീയം ഇങ്ങനെ ക്ഷയിക്കുന്നതിനിടയിലും ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്താന്‍ കഴിയുന്നുവെന്ന വാദം ഇതിനിടയില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ മുന്നോട്ടുവെക്കുന്നു. പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചത്തെി. മണിപ്പൂരിലും ഗോവയിലും ശക്തമായി പിടിച്ചുനിന്നു. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ വോട്ടുപിന്തുണ നിലനിര്‍ത്തി പ്രധാന പ്രതിപക്ഷമായി നില്‍ക്കുന്നു.

 

Tags:    
News Summary - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.