ആര്‍.എസ്.എസ് കടിഞ്ഞാണ്‍: ബി.ജെ.പി സമ്മേളനം ജനകീയമായില്ല

കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനം സംഘടനയിലെ ആര്‍.എസ്.എസ്വത്കരണം വിളിച്ചറിയിക്കുന്നതായിരുന്നു. സമ്മേളനത്തിന്‍െറ കടിഞ്ഞാണ്‍ പൂര്‍ണമായി ആര്‍.എസ്.എസ്. നിയന്ത്രണത്തിലായതിനാല്‍ സംഘാടനത്തില്‍ ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കള്‍ക്കും വലിയ റോളൊന്നുമുണ്ടായിരുന്നില്ല. മുതിര്‍ന്ന ദേശീയ നേതാക്കളായ എല്‍.കെ. അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും പോലെ സംസ്ഥാന ഭാരവാഹികളില്‍ മിക്കവരും കാഴ്ചക്കാര്‍ മാത്രമായിരുന്നു. ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ കേഡര്‍ സ്വഭാവത്തില്‍ സംഘാടനം നീങ്ങിയതിനാല്‍ സമ്മേളനം ജനകീയമാക്കുന്നതിലും പരാജയമായി.

സമ്മേളനം നടന്ന 24, 25 തീയതികളില്‍ നഗരത്തില്‍ തീര്‍ത്തും ഒഴിവുദിനത്തിന്‍െറ പ്രതീതിയായിരുന്നു. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവും. പ്രധാനമന്ത്രിയും അമ്പതോളം കേന്ദ്രമന്ത്രിമാരും ഒമ്പത് മുഖ്യമന്ത്രിമാരും മുന്നൂറിലേറെ എം.പിമാരും 250ലേറെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പങ്കെടുത്തിട്ടും നഗരത്തില്‍ അതിന്‍െറ പകിട്ടോ ഉത്സവച്ഛായയോ സൃഷ്ടിക്കാന്‍ സംഘാടകര്‍ക്കായില്ല. പൊതുസമ്മേളനം നടന്ന കടപ്പുറത്ത് മാത്രമാണ് ഓളം സൃഷ്ടിക്കാന്‍ ആയത്. പൊതുസമ്മേളനത്തില്‍ മലബാറിലെ ആറ് ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക എന്നറിയിച്ചിരുന്നെങ്കിലും കൊച്ചി-തിരുവിതാംകൂര്‍ ഭാഗത്തുനിന്നും പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സംഘടനാ പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാതെ ബഹുജന പങ്കാളിത്തംകൊണ്ട് സമ്മേളനം സംഭവ ബഹുലമാക്കാന്‍ സംഘാടകര്‍ക്ക് ആവാതെ പോയി.

1967ലാണ് ജനസംഘം ദേശീയ സമ്മേളനത്തിന് കോഴിക്കോട്ട് വേദിയായത്. ആ സമ്മേളനത്തില്‍ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ ഉപാധ്യായയുടെ 50ാം ചരമ വാര്‍ഷികവും നൂറാം ജന്മവാര്‍ഷികവും പ്രമാണിച്ചാണ് സംഘടനയുടെ സമ്മേളനത്തിന് കോഴിക്കോട് വീണ്ടും വേദിയായത്. അന്ന് സമ്മേളനം നടക്കുമ്പോള്‍ ഡല്‍ഹി മെട്രോ നഗരം മാത്രമാണ് ബി.ജെ.പി ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് രാജ്യഭരണവും 12 സംസ്ഥാനങ്ങളുടെ ആധിപത്യവും ഉണ്ടായിട്ടും വലിയ കൊട്ടും കുരവയുമായി നടത്തിയ സമ്മേളനത്തില്‍ മാധ്യമങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലുമല്ലാതെ കാര്യമായ ചലനം ഉണ്ടായിട്ടില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്. 1967ലെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ 120 മാധ്യമ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ സമ്മേളനത്തില്‍ അത് 800ലേറെ പേര്‍ ഉണ്ടായിരുന്നു.

ദീനദയാലിന്‍െറ ജീവിത ലാളിത്യവും സംശുദ്ധതയും കൊട്ടിഘോഷിക്കുന്നതായിരുന്നു സമ്മേളനമെങ്കിലും സംഘാടനം അടിമുടി പണക്കൊഴുപ്പോടെയും ആര്‍ഭാടത്തോടെയുമാണ് നീങ്ങിയത്. നഗരത്തിലെ നക്ഷത്ര ഹോട്ടലുകള്‍ മുഴുവന്‍ സംഘാടന പ്രതിനിധികള്‍ക്കായി ബുക് ചെയ്തിരുന്നു. പഞ്ചനക്ഷത്ര റിസോര്‍ട്ടായ കടവിലാണ് സമ്മേളനം ആരംഭിച്ചതുതന്നെ. ദേശീയ സെക്രട്ടറിമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും എന്‍.ഡി.എയുടെയും യോഗം ഇവിടെയാണ് നടന്നത്. ആഴ്ചകളോളം ഈ റിസോര്‍ട്ട് ബി.ജെ.പി വാടകക്കെടുത്ത പ്രതീതിയായിരുന്നു. ദേശീയ കൗണ്‍സില്‍ വേദിയായ സ്വപ്ന നഗരിയും ഒരുദിവസത്തെ പരിപാടിക്ക് മാത്രമായി പൂര്‍ണമായി ശീതീകരിച്ച് ആര്‍ഭാടത്തോടെ തന്നെയാണ് ഒരുക്കിയത്. അധികാരവും പണവും എല്ലാം ഒത്തൊരുമിച്ചിട്ടും സമ്മേളനം ജനകീയമാക്കുന്നതിലുണ്ടായ പരാജയം പാര്‍ട്ടിതലത്തില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയായേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.