താക്കോല്‍ സ്ഥാനത്തിനുശേഷം ഒന്നാം സ്ഥാനത്ത് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാറിലെ താക്കോല്‍ സ്ഥാനത്തിനുശേഷം യു.ഡി.എഫിലെ ഒന്നാം സ്ഥാനത്തേക്ക് ഇനി രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിലെ പദവികള്‍ വന്നുപോകുന്നത് ആകസ്മികമാണെങ്കിലും ഇക്കുറി കാര്യങ്ങളെല്ലാം കിറുകൃത്യം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അത് ഏതാണ്ട് എഴുതപ്പെട്ടിരുന്നെന്ന് പറയാം. ഉമ്മന്‍ ചാണ്ടിയുടെ പതനം രമേശിന്‍െറ ഉയര്‍ച്ചയാകുമെന്ന് ഉറപ്പായിരുന്നു.

21 വര്‍ഷത്തിനു മുമ്പ് ഐ ഗ്രൂപ്പിന് നഷ്ടപ്പെട്ട നിയമസഭാകക്ഷിയിലെ ഒന്നാം സ്ഥാനമാണ് ചെന്നിത്തലയിലൂടെ തിരിച്ചുപിടിച്ചിരിക്കുന്നത്. അന്ന് കരുണാകരന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ എ.കെ. ആന്‍റണിക്ക് ലഭിച്ച നേതൃപദവി എ ഗ്രൂപ്പുകാരനായ  ഉമ്മന്‍ ചാണ്ടിക്കാണ് കൈമാറിയത്. നിയമസഭാകക്ഷിയില്‍ ഐ ഗ്രൂപ്പിന്‍െറ മേല്‍ക്കൈയും തോല്‍വിയുടെ ആഘാതത്തില്‍ വീണ്ടുമൊരു പോരിന് ഉമ്മന്‍ ചാണ്ടി മുതിരാതിരുന്നതുമാണ് ചെന്നിത്തലയുടെ വഴി സുഗമമാക്കിയത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ അപ്രതീക്ഷിത വളര്‍ച്ച കൈവരിച്ച ചെന്നിത്തലക്ക് ഇത് പുതുനിയോഗമാണ്. കേന്ദ്രത്തില്‍ ഭരണമില്ലാത്ത കാലത്താണ് പ്രതിപക്ഷ നേതാവിന്‍െറ ചുമതലയേറ്റെടുത്ത് ശക്തമായ ഭരണപക്ഷത്തെ നേരിടേണ്ടിവന്നിരിക്കുന്നത്. കേരളത്തില്‍ പ്രായം കുറഞ്ഞ മന്ത്രിയാകുമ്പോഴും കെ.എസ്.യു പ്രസിഡന്‍റാകുമ്പോഴും കെ.പി.സി.സി പ്രസിഡന്‍റായി വരുമ്പോഴുമൊക്കെ അവയെല്ലാം ചെന്നിത്തലക്ക്  അപ്രതീക്ഷിത പദവികളായിരുന്നു. ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന്‍െറ ഉന്നത പദവികള്‍ നന്നെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ തേടിയത്തെി.

ആലപ്പുഴ മാവേലിക്കരയിലെ ചെന്നിത്തലയില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെയും ദേവകി അമ്മയുടെയും മകനായി 1956 ജൂണ്‍ ഒമ്പതിന്  ജനിച്ച ചെന്നിത്തല വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തത്തെിയത്. 1970ല്‍ ചെന്നിത്തല ഹൈസ്കൂളില്‍ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് തുടക്കം. 1980ല്‍ കെ.എസ്.യു സംസ്ഥാന പദത്തിലത്തെിയ ചെന്നിത്തല, ആന്‍റണിയുള്‍പ്പെടെ പാര്‍ട്ടി വിട്ടപ്പോള്‍ കരുണാകരനൊപ്പം ഉറച്ചുനിന്നു. 1982ല്‍ ഹരിപ്പാട് നിന്ന് 26ാം വയസ്സില്‍ ജയിച്ച് നിയമസഭയിലത്തെിയ ചെന്നിത്തല ഏറ്റവും പ്രായം കുറഞ്ഞ കേരളത്തിലെ മന്ത്രിയുമായി. കരുണാകരന്‍ മന്ത്രിസഭയിലാണ് 28ാം വയസ്സില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചത്. 1983ല്‍ എന്‍.എസ്.ഐ പ്രസിഡന്‍റും1985ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായി.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദത്തിലത്തെിയ ചെന്നിത്തല 87ല്‍ വീണ്ടും ഹരിപ്പാട് നിന്ന് നിയമസഭയിലത്തെി.

തുടര്‍ന്ന് ദേശീയതലമായിരുന്നു ചെന്നിത്തലയുടെ പ്രവര്‍ത്തന മേഖല. 89ല്‍ കോട്ടയത്തുനിന്ന് മത്സരിച്ച് വിജയിച്ച് ലോക്സഭാംഗമായ അദ്ദേഹം 1990ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകുന്ന ആദ്യ മലയാളിയും  ദക്ഷിണേന്ത്യക്കാരനുമായി. 1991ലും 96ലും കോട്ടയത്തുനിന്നും 99ല്‍ മാവേലിക്കരയില്‍നിന്നും പാര്‍ലമെന്‍റിലത്തെി. 1995ല്‍ എ.ഐ.സി.സി ജോയന്‍റ് സെക്രട്ടറിയും 1998ല്‍ എ.ഐ.സി.സി സെക്രട്ടറിയുമായി. 2001ല്‍ അഞ്ച് സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതല വഹിച്ച ചെന്നിത്തല  2004ല്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകസമിതിയിലുമത്തെി. കോണ്‍ഗ്രസ് പിളര്‍ന്ന് കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതോടെ ചെന്നിത്തല 2005 ജൂണ്‍ 24ന് കെ.പി.സി.സി പ്രസിഡന്‍റായി നിയമിക്കപ്പെട്ടു. 2006ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്നണിയെ വിജയത്തിലേക്ക് നയിക്കാന്‍ രമേശിനായി. കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനം വഹിക്കവെയാണ് 2011ല്‍ ഹരിപ്പാട് നിന്ന് വീണ്ടും നിയമസഭയിലത്തെിയത്.

  നേതൃമാറ്റ ആവശ്യങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ 2014 ജനുവരി ഒന്നിന് രമേശ് ആഭ്യന്തര-വിജിലന്‍സ് മന്ത്രിയായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ തകര്‍ച്ച നേരിട്ടെങ്കിലും  ഹരിപ്പാട് നിന്ന് ചെന്നിത്തല വീണ്ടും വിജയം നേടി. അനിത രമേശ് (യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡെവലപ്മെന്‍റ് ഓഫിസര്‍) ആണ് ഭാര്യ. മക്കള്‍: ഡോ. രോഹിത് (എം.എസ് റേഡിയോളജി വിദ്യാര്‍ഥി അമൃത മെഡിക്കല്‍ കോളജ്), രമിത്( എന്‍ജിനീയര്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.