തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കുറിപ്പ് വിവാദത്തില്‍. പുതിയ പദവികള്‍ സംബന്ധിച്ച കുറിപ്പ് നല്‍കിയത് വി.എസ് ആണെന്ന് യെച്ചൂരി ഡല്‍ഹിയില്‍ വെളിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിനിടെ യെച്ചൂരി വി.എസിന് കൈമാറിയ കുറിപ്പിന്‍െറ ഉള്ളടക്കം പുറത്തായതാണ് വിവാദത്തിന് തുടക്കമിട്ടത്.

താന്‍ ഒരു പദവിയും സി.പി.എം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ളെന്നും അങ്ങനെയുള്ളയാളല്ല താനെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.എസ് വ്യക്തമാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് കുറിപ്പ് പുറത്തായത്. സംസ്ഥാന  സെക്രട്ടേറിയറ്റ് അംഗത്വം, കാബിനറ്റ് പദവിയോടെ ഉപദേശക പദവി, എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം എന്നിവ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടത് വി.എസ് തന്നെയാണെന്ന് വെളിവായത് അദ്ദേഹത്തിന് നാണക്കേടായി.

പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ച നേതൃയോഗം നടന്ന ദിവസം എ.കെ.ജി സെന്‍ററില്‍ വിളിച്ചുവരുത്തി യെച്ചൂരിതന്നെ വി.എസിനോട് കാബിനറ്റ് പദവിയുളള സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ വി.എസ് അത് നിഷേധിച്ചെന്നാണ് അദ്ദേഹത്തിന്‍െറ ഓഫിസില്‍നിന്ന് അന്ന് നല്‍കിയ സൂചന. മകന്‍ അരുണ്‍ കുമാറിന്‍െറ കുറിപ്പാണ് വി.എസിന് എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നെങ്കിലും താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പോയിട്ടില്ളെന്നും ഇത്തരം വാര്‍ത്തയോട് പ്രതികരിക്കാനില്ളെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കുറെ നാളുകളായി മകന്‍ വി.എസിനുവേണ്ടി കേന്ദ്ര നേതാക്കളുമായടക്കം സംസാരിക്കാന്‍ മുന്‍കൈ എടുക്കുന്നെന്ന ആക്ഷേപം ശക്തമാണ്. മലമ്പുഴയില്‍ വി.എസിനൊപ്പം ഉണ്ടായിരുന്ന അരുണ്‍ കുമാറിനെതിരെ വി.എസുമായി ബന്ധമുള്ളവര്‍ക്കിടയില്‍നിന്നുതന്നെ ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ വി.എസിന് ശാരീരിക അവശതകള്‍ ഉള്ളതിനാലാണ് താന്‍ കൂടെ വരുന്നതെന്ന വിശദീകരണമാണ് അരുണ്‍ കുമാര്‍ നല്‍കിയിരുന്നത്.

നേതൃത്വം നല്‍കിയ വാഗ്ദാനം ആദ്യം തള്ളിയ വി.എസ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് നല്‍കിയത് എന്തിനെന്ന ചോദ്യമാണ് പാര്‍ട്ടിയിലും പുറത്തും ഉയരുന്നത്. അതേസമയം കുറിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അനൗദ്യോഗികമായി മാധ്യമങ്ങളോട് യെച്ചൂരി പങ്കുവെച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം പഴയതുപോലെ തുടരില്ളെന്നും ഉറപ്പായി. വി.എസിനോട് മൃദുസമീപനം പുലര്‍ത്തിയ യെച്ചൂരിയുടെ പുതിയ നീക്കം സംസ്ഥാന നേതൃത്വത്തെയും അമ്പരപ്പിച്ചു. ഇക്കാര്യത്തില്‍ വി.എസിന്‍െറ വിശദീകരണമാണ് ഇനി ഉണ്ടാവേണ്ടത്.വി.എസിന്‍െറ മകന്‍െറ അനാവശ്യമായ സമ്മര്‍ദങ്ങളോടുള്ള പ്രതികരണമായിരുന്നു യെച്ചൂരിയുടേതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.