പിണറായി വിജയന്‍െറ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ അധികാരമേറ്റു

തിരുവനന്തപുരം: അണപൊട്ടി ഒഴുകിയത്തെിയ അണികളുടെ ആവേശം വാനോളം ഉയര്‍ന്നുനിന്ന അന്തരീക്ഷത്തില്‍ പിണറായി വിജയന്‍െറ നേതൃത്വത്തില്‍ 19 അംഗ സംസ്ഥാന മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ പന്തലില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തിന്‍െറ 12ാമത് മുഖ്യമന്ത്രിയായി പിണറായി വിജയനും തുടര്‍ന്ന് മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉള്‍പ്പെടെ 16 മന്ത്രിമാര്‍ സഗൗരവ പ്രതിജ്ഞയെടുത്തപ്പോള്‍ മൂന്നുപേര്‍ ദൈവനാമത്തിലാണ് പ്രതിജ്ഞചൊല്ലി അധികാരമേറ്റത്. മലയാളത്തിലാണ് എല്ലാവരും പ്രതിജ്ഞചൊല്ലിയത്.

ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതുടര്‍ന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ആദ്യം പിണറായിയെയും തുടര്‍ന്ന് മറ്റ് മന്ത്രിമാരെയും സത്യപ്രതിജ്ഞക്കായി വേദിയിലേക്ക് ക്ഷണിച്ചു. പിണറായി പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റതിനുപിന്നാലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഘടകകക്ഷിനേതാക്കള്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അക്ഷരമാലാക്രമത്തില്‍ മന്ത്രിമാര്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവുമൊടുവില്‍ ടി.എം. തോമസ് ഐസക് ആണ് പ്രതിജ്ഞ ചൊല്ലിയത്. ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, കെ. രാജു, ടി.പി. രാമകൃഷ്ണന്‍, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ടി.എം. തോമസ് ഐസക് എന്നിവര്‍ സഗൗരവത്തിലും മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ടി. ജലീല്‍ എന്നിവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം മുഴക്കിയുമാണ് മന്ത്രിമാരെ ജനസഞ്ചയം വരവേറ്റത്.

വൈകീട്ട് നാലിന് ആരംഭിച്ച സത്യപ്രതിജ്ഞാചടങ്ങ് 45 മിനിറ്റ് നീണ്ടു. നേതാക്കളും സാമൂഹിക, സാമുദായിക, സാംസ്കാരികരംഗത്തെ പ്രമുഖരും സംബന്ധിച്ചു. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബി.ജെ.പി നേതാവും നിയുക്ത എം.എല്‍.എയുമായ ഒ. രാജഗോപാല്‍, കെ.ആര്‍. ഗൗരിയമ്മ, പി.കെ. കുഞ്ഞാലിക്കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, സിനിമാതാരങ്ങളായ മമ്മൂട്ടി, മധു, ദിലീപ്, കെ.പി.എ.സി ലളിത, എം.പി മാര്‍, എം.എല്‍.എ മാര്‍, മുന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, വിവിധ മതമേലധ്യക്ഷന്മാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.സംസ്ഥാനചരിത്രത്തിലെ 22ാമത് മന്ത്രിസഭയാണ് ചുമതലയേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.